ലോകത്തെ ഞെട്ടിക്കുന്ന വംശഹത്യ; ചൈനയില്‍ ഉയിഗര്‍ മുസ്ലീങ്ങള്‍ നേരിടുന്നത് കൊടും ക്രൂരത, റിപ്പോര്‍ട്ട്
ലണ്ടന്‍: ചൈനീസ് സര്‍ക്കാര്‍ തങ്ങളുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങില്‍ ഉയിഗറുകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരായ വംശഹത്യയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും പീഡനങ്ങളും നടത്തുകയാണെന്ന് റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര്യ ട്രിബ്യൂണലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് ഏറ്റവും കുടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗമാണ് ഉയിഗര്‍ മുസ്ലീങ്ങള്‍. അവരെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നേരത്തെയും ചൈനയില്‍ അരങ്ങേറിയിരുന്നു.

ജനസംഖ്യ കുറയ്ക്കുന്നതിനായി നിര്‍ബന്ധിത ജനന നിയന്ത്രണവും വന്ധ്യംകരണ നയങ്ങളും ഉപയോഗിച്ച് ചൈനീസ് സര്‍ക്കാര്‍ മുസ്ലീം ഉയ്ഗൂര്‍ ജനസംഖ്യയെ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ട്രൈബ്യൂണലിന്റെ തലവനും പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനുമായ സര്‍ ജെഫ്രി നൈസ് ക്യു.സി വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ 2018ല്ഡ പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ട് പ്രകാരം ഏകദേശം പത്ത് ലക്ഷത്തോളം ഉയിഗര്‍ മുസ്ലീങ്ങള്‍ തടവുകാരായി ചൈനയില്‍ കഴിയുന്നുണ്ടെന്നാണ് സൂചന.

സിന്‍ജിയാങ്ങിലെ ഉയ്ഗൂറുകളുടെ ഒരു പ്രധാന ഭാഗത്തെ നശിപ്പിക്കാന്‍ ഉദ്ദേശിച്ച് ജനനങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ അടിച്ചേല്‍പ്പിക്കുക വഴി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന, വംശഹത്യ നടത്തിയെന്ന് സംശയാതീതമായി തെളിഞ്ഞെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഈ ട്രൈബ്യുണലിന് സര്‍ക്കാര്‍ പിന്തുണയോ, ചൈനീസ് സര്‍ക്കാരിനെ ശിക്ഷിക്കാനോ അധികാരമില്ല. എന്നാല്‍ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ക്ക് ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.

സിന്‍ജിയാങ്ങിലെ 300 മുതല്‍ 400 വരെ കേന്ദ്രങ്ങളിലായി ഒരു ദശലക്ഷത്തോളം ഉയ്ഗറുകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ചൈനീസ് അധികാരികള്‍ ഏകപക്ഷീയമായി തടവിലാക്കിയിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസും മറ്റു പല രാജ്യങ്ങളും ചൈനയുടെ നടപടികളെ വംശഹത്യയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബ്രിട്ടന്‍ ഇത് നിരസിക്കുകയാണ് ചെയ്തത്.

എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ എല്ലാം തന്നെ നിഷേധിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. സിന്‍ജിയാങ്ങില്‍ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ചൈനീസ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിഷേധിച്ചു, മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനോ സ്വതന്ത്ര അന്താരാഷ്ട്ര നിരീക്ഷകരെ അനുവദിക്കാനോ തയ്യാറായില്ല.

അതേസമയം, ഉയിഗറുകള്‍ക്കും കസാഖുകള്‍ക്കും മറ്റ് തുര്‍ക്കി മുസ്ലീം ജനവിഭാഗങ്ങള്‍ക്കും എതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളും വംശഹത്യയും അന്വേഷിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍ജിഒ കോയലിഷന്‍ ഫോര്‍ ജെനോസൈഡ് റെസ്പോണ്‍സിന്റെ സഹായത്തോടെയാണ് ട്രിബ്യൂണല്‍ സ്ഥാപിതമായത്. ചൈനയ്ക്കെതിരായ മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് വിവിധ തടസ്സങ്ങള്‍ ഉള്ളതിനാലാണ് ട്രൈബ്യൂണല്‍ വേണ്ടിവന്നതെന്ന് സംഘാടകര്‍ പറയുന്നു.

ഇതാദ്യമായ ഉയിഗര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ട കണക്കുകളില്‍ 2017 മുതല്‍ സിന്‍ജിയാങ്ങിലുടനീളം 8,500 ഓളം പള്ളികള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയതായി പറയുന്നു. ഈ മേഖലയിലുള്ള പള്ളികളുടെ മൂന്നിലൊന്നും ഇത്തരത്തില്‍ പൊളിച്ചുമാറ്റിയിരുന്നു.












Click it and Unblock the Notifications