'ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ അന്തിമരൂപം നൽകുന്നതിന് അടുത്തെത്തി'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റൂബിയോ
ന്യൂയോർക്ക്: ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ അന്തിമരൂപം നൽകുന്നതിന് അടുത്തെത്തിയതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ആഗോള ഊർജ്ജ വിതരണവും എണ്ണ വിലയും ദേശീയ സുരക്ഷാ ആശങ്കകളും റഷ്യൻ എണ്ണ ഉപരോധത്തെക്കുറിച്ചുള്ള യുഎസിന്റെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടയിലാണ് റൂബിയോ നിർണായക വിവരം പങ്കുവച്ചിരിക്കുന്നത്.
ഒക്ടോബർ 20ന് മുംബൈയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് മുന്നോടിയായാണ് റൂബിയോയുടെ പരാമർശമെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. റഷ്യയുടെ എണ്ണ, വാതക ഉപരോധങ്ങളിൽ യുഎസ് ഇളവ് നൽകിയതിനെക്കുറിച്ച് സംസാരിച്ച റൂബിയോ, ആഗോള ഊർജ്ജ വിതരണത്തിലും വിലയിലും യുഎസ് അവരുടെ സ്വാധീനം പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

ആഗോള വിതരണത്തിലും വിലയിലും ഉള്ള ആഘാതം കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾക്ക് ഉപരോധങ്ങൾ ഒഴിവാക്കേണ്ടിവന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബദൽ സ്രോതസുകളിൽ നിന്ന് ഊർജം സുരക്ഷിതമാക്കുന്നതിൽ ചില രാജ്യങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉൾപ്പെടെ ദേശീയ സുരക്ഷാ ഇളവുകളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ യുഎസ് നിരവധി ഘടകങ്ങൾ കണക്കിലെടുക്കാറുണ്ടെന്ന് റൂബിയോ കൂട്ടിച്ചേർത്തു.
റൂബിയോ ഇന്ത്യയുമായി നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളെ ദേശീയ സുരക്ഷാ ഇളവുകൾ സംബന്ധിച്ച തീരുമാനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വിശാലമായ പരിഗണനകളുമായി റൂബിയോ ബന്ധപ്പെടുത്തി. ഇന്ത്യയും യുഎസും ഉഭയകക്ഷി വ്യാപാര കരാർ ഒപ്പിടുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് റൂബിയോയുടെ അഭിപ്രായപ്രകടനം.
ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയുടെ ആദ്യ ഘട്ടം അന്തിമമായെന്നും നിയമപരമായ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അടുത്തിടെ പറഞ്ഞിരുന്നു. നടപടികൾ ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ ഇടക്കാല വ്യാപാര കരാറിനുള്ള ചട്ടക്കൂട് ഇരു രാജ്യങ്ങളും ചേർന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, നീണ്ട ചർച്ചകൾക്കിടയിൽ കരാർ ഇതുവരെ നിലവിൽ വന്നിട്ടില്ല. അവിടെയാണ് മാർക്കോ റൂബിയോ ഉൾപ്പെടെ കരാറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. എന്നാൽ കരാറിന്റെ കൂടുതൽ വിവരങ്ങൾ ഇരുകൂട്ടരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഒക്‌ടോബർ 20-ന് ജയശങ്കറും റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, നിർണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന മേഖലകൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചിട്ടുണ്ട്. ഇതിൽ വ്യാപാര കരാറും നിർണായക വിഷയമായിരിക്കും.


Click it and Unblock the Notifications
