അധോലോക നായകൻ 'എൽ മെഞ്ചോ'യുടെ മരണം; മെക്‌സിക്കോയിലെ ലോകകപ്പ് നടത്തിപ്പ് ആശങ്കയുടെ നിഴലിൽ
മെക്‌സിക്കോ സിറ്റി: അധോലോക നായകൻ നെമേഷ്യോ ഒസെഗുവേര സെർവാന്റസ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ അക്രമങ്ങൾ ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്പ് മെക്‌സിക്കോയിൽ കാര്യമായ സുരക്ഷാ ആശങ്കകൾ ഉയർത്തുകയാണ്. ജൂൺ 11 മുതൽ ജൂലൈ 19 വരെ, യുഎസിനും കാനഡയ്ക്കുമൊപ്പം മെക്‌സിക്കോയും ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.
മെക്‌സിക്കോ 13 മത്സരങ്ങൾക്ക് വേദിയാകും. മാത്രമല്ല സമീപകാല അക്രമങ്ങളുടെ കേന്ദ്രമായ ഗ്വാഡലഹാരയിൽ നാല് മത്സരങ്ങൾ നടക്കുമെന്നതാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു കാര്യം. മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക ഉദ്ഘാടനവും ഉറഗ്വായ്-സ്പെയിൻ പോരാട്ടവും ഇതിൽപ്പെടും.

എൽ മെഞ്ചോ എന്നറിയപ്പെടുന്ന നെമേഷ്യോ ഒസെഗുവേരയെ പിടികൂടാനുള്ള നീക്കത്തിനിടെ ഗ്വാഡലഹാരക്ക് സമീപം 70-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സേനയും കാർട്ടൽ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. ലോകകപ്പിന് 100 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, ഈ അശാന്തി ആരാധകരിലും കളിക്കാരിലും അധികാരികളിലും ആശങ്ക ഉണർത്തുന്നുണ്ട്. മത്സരങ്ങൾ സുരക്ഷിതമായി നടത്താനാകുമോ എന്നതാണു പ്രധാന ചോദ്യം.
ഈ വിഷയത്തിൽ മൗനം ഭേദിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. മെക്‌സിക്കോയുടെ തയ്യാറെടുപ്പുകളിൽ തനിക്ക് വളരെ അധികം ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്കകം കൊളംബിയൻ ഫെഡറേഷൻ പരിപാടിയിൽവെച്ച്, എല്ലാം നന്നായി നടക്കും, അത് മികച്ചൊരു അനുഭവമായിരിക്കും എന്നാണ് ഇൻഫാന്റിനോ പറഞ്ഞത്.
എന്നാൽ ഇതേ ആത്മവിശ്വാസം എല്ലാവർക്കുമില്ല. മാർച്ച് 29-ലെ സൗഹൃദ മത്സരം ഉറപ്പാക്കും മുമ്പ് മിക്സിക്കോയിലെ പ്രതിസന്ധി നിറഞ്ഞ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നു. ഇത് സുരക്ഷാ ഗൗരവവും ഫിഫയുടെ നിലപാടും ചോദ്യം ചെയ്യുന്നു.
ഫിഫയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ പുതിയതല്ല. 2016-ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ജോർദാൻ രാജകുമാരൻ അലി ബിൻ അൽ ഹുസൈൻ, സംഘടനയെ മൂന്ന് നിലകൾ ഭൂമിക്കടിയിലുള്ള ഒരു ബങ്കർ എന്നാണ് വിശേഷിപ്പിച്ചത്. ഫുട്ബോൾ സമിതിയിലെ സുതാര്യതയും ഉത്തരവാദിത്തമില്ലായ്‌മയും സംബന്ധിച്ച ദീർഘകാല ആശങ്കകളാണിത് ചൂണ്ടിക്കാട്ടിയത്.
മെക്‌സിക്കോയ്ക്ക് ഇൻഫാന്റിനോ നൽകിയ ഉറപ്പ് 2022-ലെ ഖത്തർ ലോകകപ്പിനോടുള്ള ഫിഫയുടെ നിലപാടുമായി താരതമ്യം ചെയ്യപ്പെടുന്നു. മനുഷ്യാവകാശ ലംഘനം, സാംസ്‌കാരിക പൊരുത്തക്കേടുകൾ, അഴിമതി തുടങ്ങിയ ആരോപണങ്ങളാൽ ഖത്തർ പതിറ്റാണ്ടുകളോളം കടുത്ത പരിശോധന നേരിട്ടിട്ടും ടൂർണമെന്റ് വിജയകരമായി സമാപിക്കുകയും മികച്ച സംഘാടനത്തിന് പ്രശംസ നേടുകയും ചെയ്‌തിരുന്നു.
ഈ വൈരുദ്ധ്യം, ആതിഥേയ രാജ്യങ്ങളെ ആശ്രയിച്ച് ഫിഫ വ്യത്യസ്‌ത നിലവാരങ്ങൾ പ്രയോഗിക്കുന്നുണ്ടോ എന്ന ചർച്ചയ്ക്ക് വഴിയൊരുക്കി. ഖത്തർ വർഷങ്ങളോളം കടുത്ത വിമർശനങ്ങളും സമ്മർദ്ദങ്ങളും നേരിട്ടപ്പോൾ, മെക്‌സിക്കോയിലെ സുരക്ഷാ ആശങ്കകളെ ഫിഫ പാടേ തള്ളിക്കളഞ്ഞത് വഴിവിട്ട നീക്കമാണെന്ന് ചിലർ വിലയിരുത്തുന്നു.
അതേസമയമാ, വരാനിരിക്കുന്ന 2026 ലോകകപ്പ് മെക്‌സിക്കോയ്ക്ക് ഏകദേശം 3 ബില്യൺ ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് മെക്‌സിക്കൻ ഫുട്ബോൾ ഫെഡറേഷൻ കണക്കാക്കുന്നത്. സമീപകാല അക്രമങ്ങൾ നേരിട്ട് ബാധിക്കാത്ത മെക്‌സിക്കോ സിറ്റിയിലും കൂടാതെ മോണ്ടെറിയെയിലും മത്സരങ്ങൾ നടക്കും.
ഇത്രയൊക്കെ ആണെങ്കിലും താരങ്ങൾ, ഉദ്യോഗസ്ഥർ, യാത്ര ചെയ്യുന്ന ആരാധകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഫിഫയുടെ ഉത്തരവാദിത്തം അക്രമങ്ങൾ അടിവരയിടുന്നു. ലോകശ്രദ്ധ ടൂർണമെന്റിലേക്ക് കേന്ദ്രീകരിക്കുമ്പോൾ, ഫിഫ അപകടസാധ്യതകൾ അംഗീകരിക്കുന്നുണ്ടോ, അതോ സുരക്ഷയേക്കാൾ മറ്റ് താത്പര്യങ്ങൾക്ക് മുൻഗണന നൽകുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.












Click it and Unblock the Notifications