തകര്‍ത്ത ക്ഷേത്രം പുതുക്കിപ്പണിതു; പാകിസ്താനില്‍ നിന്ന് വേറിട്ട വാര്‍ത്ത... തുറന്നത് ചീഫ് ജസ്റ്റിസ്
ഇസ്ലാമാബാദ്: ആരാധനാലയങ്ങള്‍ തകര്‍ക്കുകയും പിടിച്ചടക്കുകയ്ക്കുകയും ചെയ്യുന്ന അക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഏറെ വന്നതാണ്. എന്നാല്‍ തകര്‍ത്ത ആരാധനാലയം അതേ സ്ഥലത്ത് സര്‍ക്കാര്‍ ചെലവില്‍ പുനര്‍ നിര്‍മിച്ചു നല്‍കുക എന്നത് അപൂര്‍വം. അങ്ങനെ ഒരു സംഭവത്തിനാണ് പാകിസ്താന്‍ സാക്ഷിയായിരിക്കുന്നത്. നൂറ്റാണ്ട് പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ക്ഷേത്രം തീവ്ര ചിന്താഗതിക്കാരായ ജനക്കൂട്ടം തകര്‍ത്തത് കഴിഞ്ഞ വര്‍ഷമാണ്.
Recommended Video
എന്നാല്‍ സുപ്രീംകോടതി വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി അതേ സ്ഥലത്ത് ക്ഷേത്രം പുനര്‍നിര്‍മിച്ചു നല്‍കി. ന്യൂനപക്ഷത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന പാകിസ്താന്‍ സുപ്രീംകോടതിയുടെ നിലപാടാണ് ക്ഷേത്ര പുനര്‍ നിര്‍മാണത്തിന് കാരണമായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പാകിസ്താന്‍ പ്രവിശ്യയായ ഖൈബര്‍ പക്തുന്‍ക്വയിലെ കരക്ക് ജില്ലയിലുള്ള പ്രസിദ്ധമായ തേരി ശ്രീ പരമഹംസ ജി മഹാരാജ് ക്ഷേത്രം കഴിഞ്ഞ ഡിസംബറിലാണ് ജനക്കൂട്ടം അഗ്നിക്കിരയാക്കിയത്. ജംഇയ്യത്ത് ഉലമായെ ഇസ്ലാം ഫസല്‍ എന്ന സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് ക്ഷേത്രം തകര്‍ക്കാന്‍ കാരണം. എന്നാല്‍ പാകിസ്താന്‍ സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ക്ഷേത്രം തകര്‍ത്ത സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദമായിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാകിസ്താനെതിരെ രംഗത്തുവന്നു. പാകിസ്താന്‍ സുപ്രീംകോടതി, അതേ സ്ഥലത്ത് ക്ഷേത്രം പുനര്‍ നിര്‍മിക്കാന്‍ ഉത്തരവിടുകയായിരുന്നു. നിര്‍മാണത്തിനുള്ള ചെലവ് കേസിലെ പ്രതികളില്‍ നിന്ന് ഈടാക്കാനും കോടതി നിര്‍ദേശിച്ചു.

നിര്‍മാണം പൂര്‍ത്തിയായ ക്ഷേത്രം ദീപാവലിയോട് അനുബന്ധിച്ച് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ആണ് ഉദ്ഘാടനം ചെയ്തത്. ഹിന്ദു കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചീഫ് ജസ്റ്റിസ് മടങ്ങിയതെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂനപക്ഷത്തിന്റെ അവകാശം സുപ്രീംകോടതി എക്കാലത്തും സംരക്ഷിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.

പാകിസ്താനിലെ മറ്റു മതസ്ഥരെ പോലെ ഹിന്ദുക്കള്‍ക്കും തുല്യ അവകാശമുണ്ട്. മറ്റു മതസ്ഥരുടെ മത കേന്ദ്രങ്ങള്‍ തകര്‍ക്കാര്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പടുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് പറഞ്ഞു. ഉദ്ഘാടനത്തിന് എത്തിയ ചീഫ് ജസ്റ്റിസിന് ഹിന്ദുക്കള്‍ ഡിജിറ്റല്‍ ഖുര്‍ആന്‍ സമ്മാനിച്ചു.

സിന്ധ്, ബലൂചിസ്താന്‍ പ്രവിശ്യകളില്‍ നിന്നുള്ള ഒട്ടേറെ തീര്‍ഥാടകള്‍ എത്തുന്ന ക്ഷേത്രമാണ് തകര്‍ക്കപ്പെട്ടിരുന്നത്. തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാറുള്ളത് പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ ആണ്. ഇവരാണ് ചീഫ് ജസ്റ്റിസിനെ ക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത്. പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ നേതാവ് ഡോ. രമേശ് കുമാര്‍ വന്‍ക്വാനി പാര്‍ലമെന്റംഗം കൂടിയാണ്. ചീഫ് ജസ്റ്റിസിന്റെ നടപടികളെ അദ്ദേഹം പ്രശംസിച്ചു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് രമേശ് കുമാര്‍. മറ്റു നാല് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ കൂടി സമാനമായ നീക്കം സുപ്രീംകോടതി എടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ പാകിസ്താന്റെ പ്രതിഛായ ലോകത്തിന് മുമ്പില്‍ കൂടുതല്‍ മികച്ചതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോക്കി നിന്നു പോകും!! മഹാരാജാവും രാജ്ഞിയും... വിനയന്‍ സിനിമയുടെ വൈറല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

1920ല്‍ നിര്‍മിച്ചതാണ് ശ്രീ പരമഹംസ ജി മഹാരാജ് ക്ഷേത്രം. ഇത് തകര്‍ത്തവരില്‍ നിന്ന് പണം ഈടാക്കാനും ആ പണം ഉപയോഗിച്ച് ക്ഷേത്രം പുനര്‍നിര്‍മിക്കാനും സുപ്രീംകോടതി ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യാ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 100ലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരുന്നത്. 1997ലും ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. പ്രാദേശിക ഹിന്ദു കുടുംബങ്ങളാണ് ക്ഷേത്രത്തിലെ ആചാര കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും സംരക്ഷണ ചുമതല പ്രവിശ്യാ സര്‍ക്കാരിനാണ്.












Click it and Unblock the Notifications