ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്; 'തീരുവ 18 ശതമാനമായി വെട്ടികുറയ്ക്കും'
ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം നൽകിയതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രഖ്യാപനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൊണാൾഡ് ട്രംപ് ടെലിഫോണിലൂടെ സംസാരിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിൽ നിർണായകമായ ധാരണയിലെത്തിയത്.
ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഉയർന്ന താരിഫ് ചുമത്തിയിരുന്ന പശ്ചാത്തലത്തിലാണ് ഈ കരാർ. ഈ താരിഫുകളിൽ 25 ശതമാനം റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ വ്യാപാരത്തിന്മേലായിരുന്നു. ഇത് റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരോക്ഷമായി പണം നൽകുന്നുവെന്ന് യുഎസ് ആരോപിച്ചു.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. 'ഇന്ന് രാവിലെ ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. അദ്ദേഹം എന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളും തന്റെ രാജ്യത്തിന്റെ ശക്തനും ആദരണീയനുമായ നേതാവുമാണ്' എന്നായിരുന്നു ട്രംപ് കുറിച്ചത്.
'വ്യാപാരവും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെ പല വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും അമേരിക്കയിൽ നിന്നും, ഒരുപക്ഷേ വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാനും അദ്ദേഹം സമ്മതിച്ചു. ഇത് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും' ട്രംപ് പോസ്‌റ്റിൽ പറയുന്നു.
പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും, അദ്ദേഹത്തിന്റെ അഭ്യർത്ഥനയും പരിഗണിച്ച്, യുഎസും ഇന്ത്യയും തമ്മിൽ വ്യാപാര കരാറിന് ധാരണയായതായി ട്രംപ് പറഞ്ഞു. ഇതനുസരിച്ച് യുഎസ് ഈടാക്കിയിരുന്ന 25 ശതമാനം തീരുവ ഉടനടി 18 ശതമാനം ആയി കുറയ്ക്കും. യുഎസിനെതിരായ തീരുവകളും തീരുവ ഇതര തടസങ്ങളും പൂജ്യമാക്കി കുറയ്ക്കാൻ ഇന്ത്യയും സമ്മതിച്ചു.
ഊർജ്ജം, സാങ്കേതികവിദ്യ, കാർഷികം, കൽക്കരി എന്നിവയുൾപ്പെടെ 500 ബില്യൺ ഡോളറിലധികം വരുന്ന അമേരിക്കൻ ഉത്പന്നങ്ങൾ ഉയർന്ന തലത്തിൽ "ബൈ അമേരിക്കൻ" പദ്ധതി പ്രകാരം വാങ്ങാൻ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധനാണെന്നും ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. 'ഇന്ത്യയുമായുള്ള മികച്ച ബന്ധം കൂടുതൽ ശക്തമാകും' എന്നാണ് അദ്ദേഹം പറഞ്ഞത്.
അതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'മേക്ക് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിനും സഹകരണത്തിനും വലിയ ഉത്തേജനമാകുമെന്ന് അദ്ദേഹം വിലയിരുത്തി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, ട്രംപിനൊപ്പമുള്ള സംഭാഷണം ബി=ഗംഭീരമായിരുന്നുവെന്ന് മോദി വിശേഷിപ്പിച്ചു. 140 കോടി ജനങ്ങൾക്കുവേണ്ടി ഈ തീരുവ ഇളവിന് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഇത് ഇന്ത്യൻ നിർമ്മാണ മേഖലയ്ക്കും കയറ്റുമതിക്കാർക്കും, പ്രത്യേകിച്ചും 'മേക്ക് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങൾക്ക് വലിയ പ്രയോജനം ചെയ്യുമെന്ന് പറഞ്ഞു.
രണ്ട് വലിയ സാമ്പത്തിക ശക്തികളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് പരസ്‌പരം പ്രയോജനകരമായ സഹകരണത്തിന് അനന്തമായ അവസരങ്ങൾ തുറന്നുതരുമെന്നും ജനങ്ങൾക്ക് പ്രകടമായ നേട്ടങ്ങൾ കൈവരുത്തുമെന്നും നരേന്ദ്ര മോദി തന്റെ എക്‌സ് പോസ്‌റ്റിൽ പറയുന്നു.
ട്രംപിന്റെ നേതൃത്വത്തെ പ്രശംസിച്ച മോദി, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും അത് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. സമാധാന ശ്രമങ്ങൾക്കുള്ള ഇന്ത്യയുടെ പിന്തുണയും അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തം അഭൂതപൂർവമായ ഉയരങ്ങളിലെത്തിക്കാൻ ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഊർജ്ജ സുരക്ഷ, യുക്രൈൻ യുദ്ധം എന്നിവയുൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ പരിഗണനകളുമായി വ്യാപാര ചർച്ചകൾ എങ്ങനെ കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപനം എടുത്തുകാണിക്കുന്നു. പ്രഖ്യാപനം നടപ്പിലാക്കുകയാണെങ്കിൽ, കരാർ ഇന്ത്യയുടെ വ്യാപാര, ഊർജ്ജ നിലപാടിൽ ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തുകയും അമേരിക്കയുമായുള്ള സാമ്പത്തിക വിന്യാസം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.












Click it and Unblock the Notifications