'ഇറാന് ഞാൻ ഒരിക്കൽ അവസരം നൽകി'; ആണവ കരാർ ആവശ്യപ്പെട്ട് ട്രംപ്, ഇനിയും വൈകരുതെന്ന് മുന്നറിയിപ്പ്
ന്യൂയോർക്ക്: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിലെ നിരവധി ഉന്നത സൈനിക നേതാക്കളും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ ഭീഷണി എന്നത് ശ്രദ്ധേയമാണ്. എത്രയും പെട്ടെന്ന് ആണവ കരാറിൽ ഏർപ്പെടണമെന്നാണ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന് ആണവ ബോംബ് കൈവശം വയ്ക്കാൻ കഴിയില്ലെന്നും ഈ വിഷയത്തിൽ ചർച്ചയിലേക്ക് തിരിച്ചുവരാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.

ആണവകരാറിന്റെ ആവശ്യകതയെ കുറിച്ചാണ് ട്രംപ് ഊന്നിപ്പറഞ്ഞത്. 'ഒരു കരാറിൽ ഏർപ്പെടാൻ ഞാൻ ഇറാന് ഒന്നിനു പുറകെ ഒന്നായി അവസരങ്ങൾ നൽകി. ഏറ്റവും ശക്തമായ വാക്കുകളിൽ പറഞ്ഞാൽ, അത് ചെയ്യുക എന്ന് ഞാൻ അവരോട് പറഞ്ഞു, പക്ഷേ അവർ എത്ര ശ്രമിച്ചിട്ടും, എത്ര അടുപ്പം കാണിച്ചിട്ടും, അവർക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല' ട്രംപ് പറഞ്ഞു.
ലോകത്തിലെവിടെയും ഏറ്റവും മികച്ചതും മാരകവുമായ സൈനിക ഉപകരണങ്ങൾ അമേരിക്ക നിർമ്മിക്കുന്നുണ്ടെന്ന് എന്ന് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നതായും ഇസ്രായേലിന്റെ പക്കൽ അവ ധാരാളം ഉണ്ട്... അവർക്ക് അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇറാനിയൻ ആളുകൾ ധൈര്യത്തോടെ സംസാരിച്ചു, പക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. അവരെല്ലാം ഇപ്പോൾ മരിച്ചു, ഇനി കാര്യങ്ങൾ കൂടുതൽ വഷളാകും!" ട്രംപ് ചൂണ്ടിക്കാട്ടി. "വളരെ വൈകുന്നതിന് മുമ്പ് തന്നെ അത് ചെയ്യുക," ആണവകരാറിൽ ഏർപ്പെടാൻ ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം ഇറാനെ ഉപദേശിച്ചു.
നേരത്തെ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ തയ്യാറെടുക്കുന്നുണ്ടാകാമെന്ന് ട്രംപ് പറഞ്ഞിരുന്നു. 'അത് ആസന്നമാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണെന്ന് തോന്നുന്നു', ഇറാനെതിരെ ഇസ്രായേൽ ആക്രമണം നടത്തുമോ എന്ന് ചോദിച്ചപ്പോൾ ട്രംപ് മാധ്യമപ്രവർത്തകരോട് മറുപടി പറഞ്ഞു.
'നോക്കൂ, ഇത് വളരെ ലളിതമാണ്. ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല' ട്രംപ് പറഞ്ഞു. 'ഒരു കരാറിന് സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നുവെങ്കിൽ, ഇസ്രായേൽ അതിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല - കാരണം അത് അതിനെ നശിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. അത് ചിലപ്പോൾ സഹായിച്ചേക്കാം, പക്ഷേ അത് തകർക്കുകയും ചെയ്യും; ട്രംപ് പറഞ്ഞു.
അതിനിടെ ഇറാൻ-യുഎസ് ചർച്ചകളുടെ ആറാം റൗണ്ട് ഞായറാഴ്‌ച ഒമാനിൽ നടത്താൻ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വെള്ളിയാഴ്‌ച ഇസ്രായേൽ ഇറാനിൽ വ്യോമാക്രമണം നടത്തിയത്. ടെഹ്‌റാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ 100 ഓളം ലക്ഷ്യങ്ങൾ അവർ തകർത്തു. ഇറാനിലെ രണ്ട് ഉന്നത സൈനിക കമാൻഡർമാരും കുറഞ്ഞത് ആറ് ഉന്നത ആണവ ശാസ്ത്രജ്ഞരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
എന്നാൽ ഇറാനിയൻ മണ്ണിനെ പിടിച്ചുകുലുക്കിയ ഇസ്രായേലി വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇസ്രായേലിന് നേരെ നൂറിലധികം ഡ്രോണുകൾ വിക്ഷേപിച്ചു. തുടർന്ന് പ്രതികാര നടപടിക്ക് തയ്യാറെടുക്കുന്ന ഇസ്രായേൽ, അതിർത്തിക്ക് പുറത്തുള്ള ഡ്രോണുകൾ തടയാൻ തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. നിലവിൽ മിഡിൽ ഈസ്‌റ്റ് മേഖല സംഘർഷഭരിതമായ തുടരുകയാണ്. ഇരുകൂട്ടരും ഒരുപോലെ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ യുദ്ധഭീതിയിലാണ് മേഖല.












Click it and Unblock the Notifications