ദേ വീണ്ടും ട്രംപ്, നോബൽ സമ്മാനത്തിന് താൻ അർഹനെന്ന് അവകാശവാദം; '8 യുദ്ധങ്ങൾ അവസാനിപ്പിച്ചു'
ന്യൂയോർക്ക്: സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് താൻ അർഹനാണെന്ന് വീണ്ടും അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. എന്നാൽ നോർവീജിയൻ നോബൽ കമ്മിറ്റി തന്നെ തിരഞ്ഞെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോബൽ കമ്മിറ്റി തന്നെ അനുകൂലിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ട്രംപ് പറഞ്ഞു. തങ്ങളെപ്പോലുള്ള ആളുകൾക്ക് സമ്മാനം നൽകാത്തതിന്റെ പേരിൽ കമ്മിറ്റിക്ക് ഒരു പ്രത്യേക രീതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര തലത്തിൽ നിരവധി സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ തന്റെ ഇടപെടലുകൾ നിർണായകമായിരുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും ഇതിന് മുമ്പ് ഒരു അമേരിക്കൻ പ്രസിഡന്റും ഇത്രയും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നോബൽ സമ്മാനം ലഭിച്ചില്ലെങ്കിലും താൻ അതിനായി അതിലേറെ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
വ്യാപാര നിയന്ത്രണങ്ങളും സാമ്പത്തിക സമ്മർദങ്ങളും ഉൾപ്പെടെയുള്ള തന്റെ ഭരണകൂടത്തിന്റെ നടപടികൾ വിവിധ രാജ്യങ്ങളെ നയതന്ത്ര ചർച്ചകളിലേക്ക് എത്തിക്കാൻ സഹായിച്ചെന്നും ട്രംപ് നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ താൻ അവകാശപ്പെടുന്ന നയതന്ത്ര നേട്ടങ്ങളുടെ വ്യാപ്‌തിയെക്കുറിച്ച് വിവിധ റിപ്പോർട്ടുകളിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ചില മേഖലകളിലെ സംഘർഷങ്ങൾ ഇപ്പോഴും തുടരുകയോ വീണ്ടും രൂക്ഷമാകുകയോ ചെയ്‌തിട്ടുണ്ട് എന്നതാണ് വാസ്‌തവം.
2009ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ട്രംപ് വിമർശിച്ചു. ഒബാമയ്ക്ക് സമ്മാനം ലഭിച്ചപ്പോൾ അതിന് കാരണമെന്താണെന്ന് അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. കഴിഞ്ഞ വർഷം നോബൽ സമാധാന പുരസ്‌കാരം നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയെയും ട്രംപ് പരാമർശിച്ചു.
മച്ചാഡോ തനിക്ക് ലഭിച്ച പുരസ്‌കാരം ട്രംപിന് നൽകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിനെ മച്ചാഡോ നേരത്തെ പ്രശംസിക്കുകയും പുരസ്‌കാരത്തിന്റെ ബഹുമതി അദ്ദേഹവുമായി പങ്കിടാൻ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്‌തിരുന്നു. എന്നാൽ നോബൽ പുരസ്‌കാരം മറ്റൊരാൾക്ക് കൈമാറാനോ പങ്കിടാനോ കഴിയില്ലെന്ന് നോർവീജിയൻ നോബൽ ഇൻസ്‌റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.
പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം തീരുമാനം അന്തിമമാണെന്നും അത് പിൻവലിക്കാനോ മറ്റൊരാൾക്ക് കൈമാറാനോ കഴിയില്ലെന്നും ഇൻസ്‌റ്റിറ്റ്യൂട്ട് വക്താവ് എറിക് ആഷൈം വ്യക്തമാക്കി. എന്നാൽ പുരസ്‌കാര ജേതാവിന് സമ്മാനത്തുക തനിക്കിഷ്‌ടമുള്ള രീതിയിൽ ഉപയോഗിക്കാനോ കൈമാറാനോ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഒക്ടോബർ 9നാണ് പ്രഖ്യാപിക്കുക. ഡിസംബർ 10നാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുക. നോർവേയിലെ ഓസ്ലോയിലുള്ള നോർവീജിയൻ നോബൽ കമ്മിറ്റിയാണ് പുരസ്‌കാരം തീരുമാനിക്കുന്നത്. ഏറെക്കാലമായി ഡൊണാൾഡ് ട്രംപ് നോബൽ സമ്മാനം തനിക്ക് ലഭിക്കണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്.


Click it and Unblock the Notifications
