ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'
ന്യൂയോർക്ക്; ഇറാനിലെ എണ്ണ ശേഖരം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മേഖലയിലെ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴാണ് ട്രംപിന്റെ ഈ പ്രസ്‌താവന വരുന്നത്.
ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ കാര്യങ്ങൾ പറഞ്ഞത്. അമേരിക്കയ്ക്ക് മുൻപിൽ നിരവധി മാർഗങ്ങളുണ്ടെന്നും, ദ്വീപ് പിടിച്ചെടുക്കുകയോ പിടിച്ചെടുക്കാതിരിക്കുകയോ ചെയ്യാം എന്നും അദ്ദേഹം അറിയിച്ചു. 'സത്യം പറഞ്ഞാൽ, ഇറാനിലെ എണ്ണ പിടിച്ചെടുക്കുക എന്നതാണ് എനിക്കേറ്റവും ഇഷ്‌ടപ്പെട്ട കാര്യം' എന്നാണ് ട്രംപ് പറഞ്ഞത്.

ഖാർഗ് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ദീർഘകാലത്തേക്ക് സൈനിക സാന്നിധ്യം ആവശ്യമായിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 'ചിലപ്പോൾ നമ്മൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ഒരുപക്ഷേ ഇല്ലായിരിക്കാം. ഞങ്ങൾക്ക് ഒരുപാട് വഴികളുണ്ട്' ട്രംപ് നിരീക്ഷിച്ചു. അതിനർത്ഥം കുറച്ചുകാലം അവിടെ തുടരേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ഖാർഗ് ദ്വീപിൽ ഇറാനു ദുർബലമായ പ്രതിരോധമാണുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു. 'അവർക്ക് ഒരു പ്രതിരോധവും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾക്ക് അത് വളരെ എളുപ്പത്തിൽ പിടിച്ചെടുക്കാൻ കഴിയും' ട്രംപ് ഉറപ്പിച്ചു പറഞ്ഞു. മിഡിൽ ഈസ്‌റ്റ് സംഘർഷത്തിൽ ഇതുവരെയും അയവ് വരാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ നിർണായക അഭിപ്രായ പ്രകടനം.
വെനസ്വേലയിലെ യുഎസ് സമീപനവുമായി അദ്ദേഹം ഈ നീക്കത്തെ താരതമ്യം ചെയ്‌തിട്ടുണ്ട്. ജനുവരിയിൽ അവിടുത്തെ പ്രസിഡന്റ് നിക്കോളസ് മദുറോയെ തട്ടിക്കൊണ്ടുപോയ ശേഷം അവിടുത്തെ എണ്ണ വ്യവസായത്തെ "അനിശ്ചിതകാലത്തേക്ക്" നിയന്ത്രിക്കാനാണ് യുഎസ് ലക്ഷ്യമിട്ടതെന്നും ട്രംപ് വെളിപ്പെടുത്തി.
എന്നാൽ ഇറാനിലെ മിക്ക എണ്ണ കയറ്റുമതിയും നടക്കുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് സംഘർഷം രൂക്ഷമാക്കാനും ആഗോള ഊർജ്ജ വിപണിയെ കൂടുതൽ ഉലയ്ക്കാനും സാധ്യതയുണ്ടെന്നതാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം. പ്രതിസന്ധി രൂക്ഷമായതോടെ, ഒരു മാസത്തിനിടെ 50 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി ബ്രെന്റ് ക്രൂഡ് തിങ്കളാഴ്‌ച ഏഷ്യൻ വ്യാപാരത്തിൽ ഒരു ബാരലിന് 116 ഡോളറിന് മുകളിലെത്തി.
വിദഗ്‌ധ പരിശീലനം ലഭിച്ച 10,000 സൈനികരെ ഇറാനിൽ വിന്യസിക്കാൻ പെന്റഗൺ ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്. 2200 മറൈൻ സൈനികർ ഉൾപ്പെടെ ഏകദേശം 3500 പേർ വെള്ളിയാഴ്‌ച മേഖലയിലെത്തി, കൂടാതെ 2200 മറൈൻ സൈനികർ കൂടി എത്താനുണ്ട്. യുഎസ് വിപുലീകരിച്ച സൈനിക നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി 82-ആം എയർബോൺ ഡിവിഷനിൽ നിന്നുള്ള ആയിരക്കണക്കിന് സൈനികരെയും വിന്യസിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
സൈനിക ഭീഷണികൾ തുടരുന്നതിനിടയിലും പാക് ഇടനിലക്കാർ വഴി ഇറാനുമായി പരോക്ഷ ചർച്ചകൾ മുന്നേറുകയാണെന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് അംഗീകാരം നൽകുന്നതിനായി ഇറാനു ഏപ്രിൽ 6 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയപരിധി പാലിക്കപ്പെട്ടില്ലെങ്കിൽ, യുഎസിന്റെ സൈനിക നീക്കം ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.












Click it and Unblock the Notifications