ഇന്ത്യയ്‌ക്കെതിരെ 26 ശതമാനം 'ഡിസ്‌കൗണ്ട്' മറുതീരുവ ഈടാക്കും; വമ്പൻ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് മേൽ 26 ശതമാനം 'ഡിസ്‌കൗണ്ട്' മറുതീരുവ ഈടാക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനി മുതൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്കാണ് ഇത്രയും ഭീമമായ നികുതി ചുമത്തുക. ലിബറേഷൻ ഡേയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് എതിരെ വൻ തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ചുമത്തുന്ന തീരുവയേക്കാൾ കുറവ് എന്ന അർത്ഥത്തിലാണ് ഡിസ്‌കൗണ്ട് തീരുവ എന്ന വിശേഷണം.
ട്രംപിന്റെ പദ്ധതി പ്രകാരം, ഇന്ത്യൻ ഇറക്കുമതികൾക്ക് യുഎസ് 26 ശതമാനം തീരുവയാണ് ചുമത്തുക. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ പണേതര തടസങ്ങൾ ഉൾപ്പെടെയുള്ള സഞ്ചിത തീരുവകളെ അടിസ്ഥാനമാക്കിയാണ് നിരക്ക് കണക്കാക്കിയതെന്ന് ട്രംപ് പറഞ്ഞു. ഈ കണക്കുകൂട്ടൽ പ്രകാരം, ഇന്ത്യ യുഎസ് ഉൽപ്പന്നങ്ങൾക്ക് 52 ശതമാനം തീരുവ ചുമത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങൾക്ക് മേലും വലിയ തീരുവയാണ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തുന്നത്. ചൈന: 34 ശതമാനം, യൂറോപ്യൻ യൂണിയൻ: 20 ശതമാനം, ദക്ഷിണ കൊറിയ: 25 ശതമാനം, വിയറ്റ്നാം: 46 ശതമാനം, തായ്‌വാൻ: 32 ശതമാനം, ജപ്പാൻ: 24 ശതമാനം, തായ്‌ലൻഡ്: 36 ശതമാനം, സ്വിറ്റ്‌സർലൻഡ്: 31 ശതമാനം, ഇന്തോനേഷ്യ: 32 ശതമാനം, മലേഷ്യ: 24 ശതമാനം, കംബോഡിയ: 49 ശതമാനം, യുകെ: 10 ശതമാനം എന്നിങ്ങനെയാണ് തീരുവ കണക്കുകൾ,
'നിങ്ങൾ പരാതിപ്പെട്ടാൽ, നിങ്ങളുടെ താരിഫ് നിരക്ക് പൂജ്യമാക്കണമെങ്കിൽ, ഉൽപ്പന്നം ഇവിടെ അമേരിക്കയിൽ തന്നെ നിർമ്മിക്കേണ്ടതുണ്ട്. കാരണം നിങ്ങളുടെ പ്ലാന്റ് ഇവിടെ നിർമ്മിക്കുകയാണെങ്കിൽ തീരുവ ഉണ്ടാവില്ല, നിങ്ങളുടെ ഉൽപ്പന്നം അമേരിക്കയിൽ തന്നെ ഉണ്ടാക്കാം. ഇപ്പോൾ മുമ്പ് കണ്ടിട്ടില്ലാത്ത വിധം കമ്പനികൾ രാജ്യത്തേക്ക് വരുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്; ട്രംപ് ചൂണ്ടിക്കാട്ടി.
താരിഫുകൾ പൂർണമായും പരസ്‌പര ബന്ധമുള്ളതായിരിക്കില്ലെന്നും വാഷിംഗ്‌ടണിന്മേൽ ചുമത്തുന്ന നികുതിയുടെ പകുതിയോളം മാത്രമാണ് യുഎസ് ഈ രാജ്യങ്ങളിൽ നിന്ന് ഈടാക്കുകയെന്നും ട്രംപ് പറഞ്ഞു. ഇത് കൂടാതെ കാറുകൾ, ലൈറ്റ് ട്രക്കുകൾ, എഞ്ചിനുകൾ, ട്രാൻസ്‌മിഷൻ, ലിഥിയം അയൺ ബാറ്ററികൾ, ടയറുകൾ, ഷോക്ക് അബ്സോർബറുകൾ, സ്‌പാർക്ക് പ്ലഗ് വയറുകൾ എന്നിവയ്ക്ക് തീരുവ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന പത്രസമ്മേളനത്തിൽ, ഫെബ്രുവരിയിൽ യുഎസ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ വലിയ സുഹൃത്ത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്, എന്നാൽ ഇന്ത്യ യുഎസിനോട് ശരിയായ രീതിയിൽ പെരുമാറിയിട്ടില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് തീരുവ ചുമത്തിയിരിക്കുന്നത്.
നേരത്തെ അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തിയതിന് ഇന്ത്യൻ സർക്കാരിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിമർശിച്ചിരുന്നു. ഇതേ നിലപാട് തന്നെയാണ് ട്രംപും ഇപ്പോൾ വച്ചുപുലർത്തിയിരിക്കുന്നത്. മോദിയും ട്രംപും തമ്മിലുള്ള ബന്ധത്തിന് ഇടയിലും തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം മോദിക്കും എൻഡിഎ സർക്കാരിനും വലിയ തലവേദനയാവും.












Click it and Unblock the Notifications