പൗരത്വത്തിലും കൈവച്ച് ഡൊണാൾഡ് ട്രംപ്; ജന്മാവകാശ പൗരത്വ നിയമം ഒഴിവാക്കും, ഇന്ത്യക്കാർക്ക് തിരിച്ചടിയോ?
ന്യൂയോർക്ക്: യുഎസിലെ തന്റെ വരവിൽ അധികാരമേറ്റെടുത്തതിന് പിന്നാലെ നിർണായകമായ പല ഉത്തരവുകളിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പ് വച്ചിരുന്നു. അതിൽ ഏറെ പ്രധാന്യമുള്ള ഒരു വിഷയങ്ങളിൽ ഒന്നാണ് ജന്മാവകാശ പൗരത്വം നിയമം ഒഴിവാക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ തന്നെ ട്രംപ് ഇക്കാര്യത്തിൽ ഒരു സൂചന നൽകിയിരുന്നു. ഇപ്പോഴിതാ അതിന്റെ ശരിവയ്ക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്.
ജന്മവകാശ പൗരത്വ നിയമം എടുത്തുകളയാനാണ് യുഎസ് പ്രസിഡന്റിന്റെ തീരുമാനം. യുഎസിൽ ജനിച്ചുവീഴുന്ന, രാജ്യത്തെ പൗരത്വമുള്ള ആളുകളുടെ കുട്ടികൾക്ക് പൗരത്വം നൽകുന്ന നിയമമായിരുന്നു ഇത്. എന്നാൽ വൈറ്റ് ഹൗസ് ലിസ്‌റ്റ് ചെയ്‌ത നിർണായക എകിസ്ക്യൂട്ടീവ് ഓർഡറുകളുടെ കൂട്ടത്തിൽ ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കാനുള്ള തീരുമാനവുമുണ്ട്.

'അമേരിക്കൻ പൗരത്വത്തിന്റെ അർത്ഥവും മൂല്യവും സംരക്ഷിക്കൽ' എന്ന പേരിലാണ് ഈ ഉത്തരവ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎസിൽ ജനിച്ചവരാണെങ്കിലും അതിന്റെ അധികാരപരിധിക്ക് വിധേയരല്ലാത്തവർ ജന്മാവകാശ പൗരത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതായാണ് വ്യക്തമാക്കുന്നത്. ഇതോടെ യുഎസിലെ കുടിയേറ്റക്കാർ മുഴുവൻ വലിയ ആശങ്കയിലാണ്.
അതിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായ ഇന്തോ-അമേരിക്കൻ സമൂഹമാണ് വളരെ സമ്മർദ്ദത്തിൽ അകപ്പെട്ടിരിക്കുന്നത്. ഈ നിയമം ഒഴിവാക്കിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ഈ വിഭാഗക്കാരെയാണ്. എച്ച്-1ബി വിസ ഉടമകൾ, ഗ്രീൻ കാർഡ് ഉടമകൾ (നിയമപരമായ സ്ഥിരതാമസക്കാർ), വിദ്യാർത്ഥി അല്ലെങ്കിൽ സന്ദർശക വിസയിലുള്ളവർ പോലുള്ള താൽക്കാലിക വിസ ഉടമകൾ, രേഖകളില്ലാത്ത കുടിയേറ്റക്കാർ എന്നിവർക്ക് യുഎസിൽ ജനിക്കുന്ന കുട്ടികളെ ഇത് ബാധിക്കും.
ഈ നീക്കം യുഎസിൽ അവസരങ്ങൾ തേടുന്നതിൽ നിന്ന് നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ എന്നിവരെ നിരുത്സാഹപ്പെടുത്തുകയും കാനഡയോ ഓസ്‌ട്രേലിയയോ പോലുള്ള രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യക്കാരുടെ വരവ് കുറയ്ക്കുകയും ചെയ്യും.
യുഎസ് സെൻസസ് ബ്യൂറോയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2024 ലെ കണക്കനുസരിച്ച് ഇന്ത്യൻ അമേരിക്കക്കാർ രാജ്യത്ത് 5.4 ദശലക്ഷത്തിലധികം വരും. ഇത് യുഎസ് ജനസംഖ്യയുടെ 1.47 ശതമാനമാണ് എന്നാണ് കണക്കാക്കുന്നത്. ഇവരിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗം ആദ്യ തലമുറ കുടിയേറ്റക്കാരാണ്, ബാക്കിയുള്ളവർ യുഎസിൽ ജനിച്ച പൗരന്മാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
എന്താണ് ജന്മാവകാശ പൗരത്വ നിയമം?
യുഎസിൽ ജനിച്ചവർ സ്വയമേവ ഒരു അമേരിക്കൻ പൗരനാകും എന്നതാണ് ജന്മാവകാശ പൗരത്വം. കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി രാജ്യത്ത് ഈ നിയമം നിലവിലുണ്ട്. 1868-ൽ അംഗീകരിച്ച 14-ാം ഭേദഗതിയിലാണ് ഈ നിയമം ഉൾപ്പെടുത്തിയത്. മുമ്പ് അടിമകളായി ഇവിടെ എത്തിയ ആളുകൾക്കും അവരുടെ പിൻഗാമികൾക്കും പൗരത്വം നൽകുന്നതിനാണ് ഈ വ്യവസ്ഥ ഏർപ്പെടുത്തിയത് എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications