Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാൻ സംഘർഷത്തിന്റെ ഭാവി ചർച്ച ചെയ്യാൻ ട്രംപ്-നെതന്യാഹു ഫോൺ സംഭാഷണം; മധ്യസ്ഥ ശ്രമം തുടരുന്നു

ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷത്തിന്റെ ഭാവി ചർച്ച ചെയ്യാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഒരു നിർണായക ഫോൺ സംഭാഷണം നടന്നതായി റിപ്പോർട്ട്. സൈനിക നടപടികളേക്കാൾ ഒരു ചർച്ചാധിഷ്ഠിത പരിഹാരമാണ് യുഎസ് ആഗ്രഹിക്കുന്നതെന്ന സൂചനകൾക്കിടെയായിരുന്നു ഈ സംഭാഷണം.

ആക്‌സിയോസ് ഉൾപ്പെടെയുള്ള യുഎസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ശത്രുത തടയാനുള്ള പ്രാദേശിക നയതന്ത്ര ശ്രമങ്ങൾക്കിടെയാണ് ചൊവ്വാഴ്‌ച ഇരു നേതാക്കളും സംസാരിച്ചത്. ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുന്നതിനും പ്രധാന അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനുമുള്ള സൈനിക ആക്രമണങ്ങൾ തുടരണമെന്ന് നെതന്യാഹു യുഎസിന് മേൽ സമ്മർദ്ദം ചെലുത്തി.

trump

എന്നാൽ ടെഹ്റാനുമായി ഒരു കരാറിന് സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചുവെന്നാണ് വിവരം. ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ പ്രാദേശിക രാജ്യങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് ചൊവ്വാഴ്‌ച നടത്താനിരുന്ന ഇറാനിലേക്കുള്ള ആക്രമണങ്ങൾ മാറ്റിവച്ചതായി അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

യുഎസും ഇറാനും തമ്മിലെ അഭിപ്രായ വ്യത്യാസങ്ങൾ നികത്താൻ ഖത്തറും പാകിസ്ഥാനും ഉൾപ്പെടെയുള്ള മധ്യസ്ഥർ ഒരു പുതുക്കിയ സമാധാന നിർദ്ദേശം മുന്നോട്ടുവെച്ചതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇറാൻ ഇത് പരിഗണിക്കുന്നുണ്ടെങ്കിലും, അവരുടെ ചർച്ചാ നിലപാടിൽ ഇപ്പോഴും കാര്യമായ മാറ്റമില്ല.

ബുധനാഴ്‌ച യുഎസ് കോസ്‌റ്റ് ഗാർഡ് അക്കാദമിയിൽ ട്രംപ് സംസാരിക്കവെ ഒരു പരിഹാരം ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് പറയുകയുണ്ടായി. ഒന്നുകിൽ നമ്മൾ ഇത് പൂർത്തിയാക്കുന്നു, അല്ലെങ്കിൽ അവർ ഒരു രേഖയിൽ ഒപ്പിടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിന്നീട് യുഎസിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഡൊണാൾഡ് ട്രംപ്, യുഎസും ഇറാനും ഒരു കരാറിലെത്താനോ അല്ലെങ്കിൽ വീണ്ടും സംഘർഷത്തിലേക്ക് മടങ്ങാനോ ഉള്ള സാഹചര്യത്തിലാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി വേഗത്തിൽ പുനരാരംഭിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിനിടെ ഇറാന്റെ കാലതാമസം വരുത്തുന്ന നയങ്ങളും യുഎസിന്റെ നയതന്ത്ര ഊന്നലും കാരണം ഇസ്രായേലി ഉദ്യോഗസ്ഥർക്കിടയിൽ നിരാശ വർധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പുതുക്കിയ സൈനിക നടപടിക്ക് ഇസ്രായേൽ സർക്കാരിനുള്ളിൽ ശക്തമായ പിന്തുണയുണ്ടെന്ന് സിഎൻഎൻ ഒരു ഇസ്രായേലി സ്രോതസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്‌തു.

സംഘർഷം ഔദ്യോഗികമായി അവസാനിപ്പിക്കാനും 30 ദിവസത്തെ ചർച്ചകൾക്ക് തുടക്കമിടാനും മധ്യസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചതായി ആക്‌സിയോസ് വെളിപ്പെടുത്തി. ഇറാൻ ആണവ പദ്ധതി, സമുദ്ര സുരക്ഷ, ഹോർമുസ് കടലിടുക്ക് തുറക്കുന്നത് എന്നിവയായിരിക്കും ഈ ചർച്ചകളുടെ കേന്ദ്ര വിഷയം.

ടെഹ്‌റാന്റെ 14 ഇന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ടെഹ്‌റാൻ സന്ദർശിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് വലിയ പ്രാധാന്യമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+