'തല കറങ്ങുന്ന തീരുവ തരും'; ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചതിൽ അവകാശവാദം ആവർത്തിച്ച് ട്രംപ്
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ ഉണ്ടായ സൈനിക സംഘർഷത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന കരാറിന് വേണ്ടി പ്രവർത്തിച്ചുവെന്ന തന്റെ അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവശക്തികളായ രണ്ട് അയൽക്കാർക്കിടയിൽ താൻ വ്യക്തിപരമായി ഇടപെട്ടുവെന്നാണ് ട്രംപ് പറയുന്നത്. നേരത്തെയും പലതവണ അദ്ദേഹം ഇതേ അവകാവശവാദം ഉന്നയിച്ചിരുന്നു.
പാകിസ്ഥാനുമായുള്ള വെടിനിർത്തലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിർബന്ധിക്കാൻ വ്യാപാര, തീരുവ ഭീഷണികൾ ഉപയോഗിച്ചുവെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. 'ഞാൻ വളരെ വലിയ ഒരു മനുഷ്യനോടാണ് സംസാരിച്ചത്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാൻ ചോദിച്ചു, നിങ്ങൾക്കും പാകിസ്ഥാനും ഇടയിൽ എന്താണ് സംഭവിക്കുന്നത്?' പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ആശയവിനിമയം വിവരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

എന്നാൽ ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യനേരത്തെ തള്ളിയതാണ്. പാകിസ്ഥാനുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലെത്തിയത് രണ്ട് സൈന്യങ്ങളുടെയും ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ തുടർന്നാണെന്ന് ഇന്ത്യ വാദിക്കുന്നു. എന്നാൽ തുടക്കം മുതൽ ഇതിനെ ഖണ്ഡിക്കുന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് സ്വീകരിച്ചിരുന്നത്.
'ഞാൻ പറഞ്ഞു, നിങ്ങളുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല... നിങ്ങൾ ഒരു ആണവയുദ്ധത്തിൽ കലാശിക്കാൻ പോകുന്നു... നാളെ എന്നെ തിരികെ വിളിക്കൂ എന്ന് ഞാൻ പറഞ്ഞു, പക്ഷേ ഞങ്ങൾ നിങ്ങളുമായി ഒരു കരാറിലും ഏർപ്പെടാൻ പോകുന്നില്ല, അല്ലെങ്കിൽ നിങ്ങളുടെ തല കറങ്ങാൻ പോകുന്ന ഉയർന്ന തീരുവ ഞങ്ങൾ നിങ്ങളുടെ മേൽ ചുമത്തും' യുദ്ധം അവസാനിക്കാൻ കാരണമായ തന്റെ വാക്കുകളെ കുറിച്ച് ട്രംപ് പറയുന്നു.
പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ അഞ്ച് മണിക്കൂർ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാനും ഒരു സമാധാന കരാറിൽ എത്തിയതായും കൂട്ടിച്ചേർത്തു. 'ഏകദേശം അഞ്ച് മണിക്കൂറിനുള്ളിൽ, അത് പൂർത്തിയായി... ചിലപ്പോൾ അത് വീണ്ടും ആരംഭിച്ചേക്കാം. എനിക്കറിയില്ല. എനിക്ക് അങ്ങനെ തോന്നുന്നില്ല, പക്ഷേ അങ്ങനെ സംഭവിച്ചാൽ ഞാൻ അത് അവസാനിപ്പിക്കും. ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ നമുക്ക് അനുവദിക്കാനാവില്ല' ട്രംപ് പറയുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന കരാറിന് താൻ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെടുന്നത് ഇതാദ്യമല്ല. മെയ് 10ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചതിനുശേഷം, തന്റെ അവകാശവാദം അദ്ദേഹം 40 തവണയിൽ കൂടുതൽ അദ്ദേഹം ആവർത്തിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം, ഇന്ത്യയ്ക്ക് മേൽ യുഎസ് ചുമത്തിയ അധിക തീരുവ ഇന്ന് മുതൽ നിലവിൽ വരാനിരിക്കെയാണ് ട്രംപിന്റെ അവകാശവാദം. യുഎസ് തീരുവ ഇന്ത്യൻ കയറ്റുമതിയെ 60.2 ബില്യൺ ഡോളറിന്റെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പരവതാനികൾ, ഫർണിച്ചറുകൾ എന്നിവയുൾപ്പെടെയുള്ള തൊഴിൽ മേഖലകളിൽ കയറ്റുമതി 70 ശതമാനം വരെ ഇടിയാൻ സാധ്യതയുണ്ട്.
ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 66 ശതമാനവും തീരുവയിൽ ഉൾപ്പെടുന്നു, ഇത് 86.5 ബില്യൺ ഡോളറിന്റെ മൂല്യമുള്ളതാണ്. തീരുവകൾ തുടർന്നാൽ, അടുത്ത വർഷം കയറ്റുമതി 49.6 ബില്യൺ ഡോളറായി കുറയും. ഈ സാഹചര്യത്തിൽ ചൈന, വിയറ്റ്നാം, മെക്‌സിക്കോ തുടങ്ങിയ എതിരാളികൾ യുഎസ് വിപണിയിലെ വിടവ് മുതലെടുക്കാൻ സാധ്യതയുണ്ട്.
അതിനിടയിലാണ് ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തെ കുറിച്ച് ട്രംപ് തന്റെ അവകാശവാദം പലവട്ടമായി ആവർത്തിക്കുന്നത്. എന്നാൽ ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനുമായി വെടിനിർത്തൽ കരാർ കൊണ്ടുവന്നതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമായി പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരു രാജ്യത്തിന്റെയും നേതാക്കൾ ഇന്ത്യയോട് പാകിസ്ഥാനെതിരായ സൈനികാഭ്യാസം നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications