അറബ് രാജ്യങ്ങളും ഇറാനെതിരായ സൈനിക നീക്കത്തിൽ ചേരാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്; 'വലുത് വരാനുണ്ട്'
ന്യൂയോർക്ക്: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് പല അറബ് രാജ്യങ്ങളും സൈനിക നീക്കത്തിൽ ചേരാൻ ശ്രമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക രാജ്യങ്ങളെ ഇറാൻ ലക്ഷ്യമിട്ടുവെന്നും ഇത് അവരുടെ നിലപാടിൽ വലിയ മാറ്റമുണ്ടാക്കിയെന്നുമാണ് ഡൊണാൾഡ് ട്രംപ് സിഎൻഎന്നുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞത്.
ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. 'ഇത് ഞങ്ങൾ നോക്കിക്കോളാമെന്ന് അവരോട് പറഞ്ഞു, പക്ഷെ ഇപ്പോൾ അവർക്ക് യുദ്ധം ചെയ്യണം. അവർ ആക്രമണോത്സുകമായി പോരാടുന്നു. പണ്ട് താൽപര്യമില്ലാതിരുന്ന അവർ ഇപ്പോൾ ഇടപെടാൻ നിർബന്ധം പിടിക്കുന്നു' എന്നാണ് അറബ് രാജ്യങ്ങളെ കുറിച്ച് ട്രംപ് പറഞ്ഞത്.

ഗൾഫ് രാജ്യങ്ങൾ ടെഹ്‌റാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചിട്ടും, വലിയ പ്രാദേശിക സംഘർഷം, ഇറാനെതിരെയുള്ള നേരിട്ടുള്ള സൈനിക നടപടികളുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്നിവ പരിഗണിച്ച് മിക്കവരും സൈനിക സംയമനം പാലിക്കുകയാണ് ചെയ്‌തത്. അതിനിടയിലാണ് ട്രംപിന്റെ ഈ പുതിയ അവകാശവാദം.
കഴിഞ്ഞ ദിവസമാണ് യുഎസും ഇസ്രായേലും ഇറാനെതിരെ ഏകോപിത ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി, ഖത്തർ, അബുദാബി, ദുബായ് എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു. ഇന്ന് വീണ്ടും ഇസ്രായേലും ഇറാനും ആക്രമണങ്ങൾ നടത്തിയതോടെ സംഘർഷം രൂക്ഷമാവുകയാണ്.
ഇറാന്റെ ഏറ്റവും പുതിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ സൈനിക കേന്ദ്രങ്ങൾക്കൊപ്പം യുഎഇയിലെ ആഡംബര ഹോട്ടലുകൾ, റെസിഡൻഷ്യൽ മേഖലകൾ തുടങ്ങിയ സാധാരണ വാസസ്ഥലങ്ങളും ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ഗൾഫ് മേഖലയിലാകെ വലിയ ആശങ്കയുണ്ടാക്കി.
സാധാരണക്കാർ താമസിക്കുന്ന സ്ഥലങ്ങൾ പോലും ലക്ഷ്യമിട്ട ഇറാനിയൻ ആക്രമണങ്ങൾ മേഖലയിൽ കടുത്ത രോഷമുണ്ടാക്കിയതായി ട്രംപ് വിലയിരുത്തി. ഈ രാജ്യങ്ങൾ തുടക്കത്തിൽ പുറത്തുനിന്ന് നിരീക്ഷിക്കുകയായിരുന്നുവെന്നും അവർക്ക് ഇതിൽ ഉൾപ്പെടേണ്ട ഒരു കാരണവുമില്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനിലെ സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ, യുഎസ് സൈന്യം ഇറാനെ തകർത്തെറിയുകയാണെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വലിയൊരു തിരമാല ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനർത്ഥം യുഎസ് നേരിട്ട് ഇറാനിൽ സൈനിക നീക്കം നടത്തുമോ എന്നതാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
നിലവിൽ ഇറാനെതിരായ സൈനിക നടപടികൾ വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും ഈ നടപടി വളരെ ശക്തമായ ഒന്നാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ സൈന്യം തങ്ങളുടെ പക്കലുണ്ടെന്നും അത് ഉപയോഗിക്കുകയാണെന്നും ട്രംപ് അഭിമുഖത്തിൽ എടുത്തു പറയുകയുണ്ടായി.
അതിനിടെ വിഷയവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ചതായി ക്രെംലിൻ അറിയിച്ചു. രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ നിലവിലെ അങ്ങേയറ്റം അപകടകരമായ സാഹചര്യം പരിഹരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത പുടിൻ എടുത്തുപറഞ്ഞതായാണ് വിവരം.
ഇറാനുമായും പേർഷ്യൻ ഗൾഫ് രാജ്യങ്ങളുമായും ഉള്ള സൗഹൃദബന്ധം കണക്കിലെടുക്കുമ്പോൾ, ഈ സമയത്ത് റഷ്യയ്ക്ക് നല്ല ഇടപെടൽ നടത്താൻ കഴിയുമെന്നാണ് മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായം പങ്കുവച്ചത്. വിഷയത്തിൽ റഷ്യ നേരിട്ട് ഇടപെടുമോ എന്നത് വരും ദിവസങ്ങളിൽ തന്നെ അറിയാൻ കഴിയും, അതിനുള്ള സാധ്യതകൾ വിരളമാണെങ്കിലും.












Click it and Unblock the Notifications