'കശ്‌മീർ പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയുമായും പാകിസ്ഥാനുമായും സഹകരിക്കും'; നിലപാട് ആവർത്തിച്ച് ട്രംപ്
ന്യൂയോർക്ക്: കശ്‌മീർ വിഷയത്തിൽ ഒരു പരിഹാരത്തിലെത്താൻ ഇരു രാജ്യങ്ങളുമായും പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ തന്റെ രാജ്യം മധ്യസ്ഥത വഹിച്ചതായി ട്രംപ് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കൂടുതൽ മധ്യസ്ഥ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് നേരിട്ട് രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
'ആയിരം വർഷങ്ങൾക്ക് ശേഷം കശ്‌മീരിനെക്കുറിച്ച് ഒരു പരിഹാരത്തിലെത്താൻ കഴിയുമോ എന്ന് കാണാൻ ഞാൻ നിങ്ങൾ രണ്ടുപേരുമായും സഹകരിക്കും. നന്നായി ചെയ്‌ത ഈ ജോലിയിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നത്. ബൈബിളിലെ 'ആയിരം വർഷങ്ങൾ' എന്ന വാക്യം ഓർമ്മപ്പെടുത്തി കൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.

പെട്ടെന്നുള്ള വെടിനിർത്തൽ കരാറിൽ ഇരു രാജ്യങ്ങളിലെയും നേതാക്കളെ യുഎസ് പ്രസിഡന്റ് അഭിനന്ദിക്കുകയും ചെയ്‌തു. 'നിരവധി പേരുടെ മരണത്തിനും നാശത്തിനും കാരണമായേക്കാവുന്ന നിലവിലെ ആക്രമണം അവസാനിപ്പിക്കാനുള്ള ബുദ്ധിപരമായ തീരുമാനമാണിത്' എന്നായിരുന്നു ട്രംപ് ചൂണ്ടിക്കാട്ടിയത്. കൂടുതൽ നഷ്‌ടങ്ങളിലേക്ക് നയിക്കാതെ ആക്രമണം അവസാനിപ്പിച്ച രീതിയെയാണ് ട്രംപ് പുകഴ്ത്തിയത്.
കരാർ നിലവിൽ വന്നില്ലായിരുനെങ്കിൽ 'ദശലക്ഷക്കണക്കിന് നല്ലവരും നിരപരാധികളുമായ ആളുകൾ മരിക്കാമായിരുന്നു' എന്നായിരുന്നു അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് ചൂണ്ടിക്കാട്ടിയത്. ഇന്നലെ വൈകീട്ടോടെയാണ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിന് സമ്മതം മൂളിയതായി പ്രഖ്യാപിച്ചത്.
ആണവ കാര്യങ്ങൾ ഉൾപ്പെടെയുള്ള ദേശീയ സുരക്ഷാ വിഷയത്തിൽ രാജ്യത്തെ ഉന്നത തീരുമാനമെടുക്കൽ സ്ഥാപനമായ നാഷണൽ കമാൻഡ് അതോറിറ്റിയുടെ യോഗം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ ഇപ്പോൾ വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അത്തരമൊരു കൂടിക്കാഴ്‌ച നടന്നിട്ടില്ലെന്ന് പറയുകയും വാർത്തകൾ നിഷേധിക്കുകയും ചെയ്‌തു. അതിനിടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ നാടകീയമായ ഒരു വർധന ഉണ്ടായതോടെ വിഷയത്തിൽ യുഎസ് ഇടപെടുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വെടിനിർത്തലിൽ ബാഹ്യ ഇടപെടൽ ഇല്ലെന്നാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.
എങ്കിലും പാകിസ്ഥാൻ തങ്ങളുടെ സൈന്യത്തെ മുന്നോട്ടുള്ള പ്രദേശങ്ങളിലേക്ക് മാറ്റുകയാണെന്ന് ഇന്ത്യയെ യുഎസ് അധികൃതർ അറിയിച്ചതോടെയാണ് ഈ സംഭവവികാസം ഉണ്ടായതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തലിന് തൊട്ടുമുമ്പുള്ള രാത്രിയിൽ, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് പാകിസ്ഥാൻ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടെന്ന സൂചന നൽകിയതെന്ന് അവർ പറയുന്നു.
ഇതോടെ ശനിയാഴ്‌ച തന്നെ വെടിനിർത്തൽ കരാറിൽ എത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ യുഎസ് ആരംഭിക്കുകയായിരുന്നു. സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളും നീക്കത്തെ പിന്തുണച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുടർന്ന് ഇരു രാജ്യങ്ങളും സമ്മതം മൂളിയതോടെ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വെടിനിർത്തൽ നിലവിൽ വരികയായിരുന്നു.
എന്നാൽ ഈ സമാധാന സാഹചര്യത്തിന് മണിക്കൂറുകൾ മാത്രമായിരുന്നു ആയുസ്. അന്താരാഷ്ട്ര അതിർത്തിയിലെ അഖ്‌നൂർ, രജൗരി, ആർഎസ് പുര മേഖലകളിൽ പാകിസ്ഥാൻ ഭാഗത്തുനിന്ന് കനത്ത ഷെല്ലാക്രമണവും ഒന്നിലധികം ഡ്രോണുകൾ കണ്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് വ്യാപകമായ വിമർശനത്തിന് കാരണമായിരുന്നു. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് ഇന്ത്യയുടെ ആരോപണം.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രശംസിച്ചപ്പോൾ, മൂന്നാം കക്ഷി ഇടപെടലില്ലാതെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ ഉണ്ടായതെന്നാണ് ഇന്ത്യ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications