ഇന്ത്യയ്ക്ക് മുട്ടൻ പണി വരുന്നു? വിദേശ രാജ്യങ്ങൾക്ക് തീരുവയും നികുതിയും ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: വിദേശ രാജ്യങ്ങൾക്ക് നികുതി ചുമത്തുന്നതിൽ നിർണായക പ്രഖ്യാപനവുമായി യുഎസിൽ സ്ഥാനമേറ്റെടുത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഭീഷണി സൃഷ്‌ടിക്കുന്ന പ്രഖ്യാപനമാണ് ട്രംപിൽ നിന്ന് ആദ്യം ദിനം തന്നെ ഉണ്ടായിരിക്കുന്നത്. അമേരിക്കക്കാരെ സമ്പന്നരാക്കുന്നതിന് വേണ്ടി വിദേശ രാജ്യങ്ങളുടെ മേൽ താരിഫുകളും നികുതികളും ചുമത്തുമെന്നാണ് ട്രംപ് ആദ്യദിനം തന്നെ പ്രഖ്യാപിച്ചത്.
വിദേശ സ്രോതസുകളിൽ നിന്ന് വൻതോതിൽ തീരുവകളും മറ്റ് വരുമാനങ്ങളും ശേഖരിക്കുന്നതിനായി ഒരു ബാഹ്യ റവന്യൂ സേവനം തന്നെ ഇതിനായി സൃഷ്‌ടിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനായി യുഎസിന്റെ വ്യാപാര സമ്പ്രദായം ഉടൻ പുനഃപരിശോധിക്കുമെന്നാണ് ട്രംപ് തന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അറിയിച്ചത്.

തിങ്കളാഴ്‌ച അധികാരമേറ്റ ട്രംപ്, ആഗോള ഇറക്കുമതിക്ക് 10 ശതമാനവും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 60 ശതമാനവും കനേഡിയൻ, മെക്‌സിക്കൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി സർചാർജുംഏർപ്പെടുത്തുമെന്ന നയമാണ് മുന്നോട്ട് വച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിൽ ചിലത് നിബന്ധകൾക്ക് വിധേയമാകും. കാനഡയുടെയും മെക്‌സിക്കോയുടെയും കാര്യത്തിൽ, യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിലും മയക്കുമരുന്ന് കാർട്ടലുകളെ തടയുന്നതിലും പരാജയപ്പെട്ടാൽ ഈ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പാണ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്നത്.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. നിലവിൽ ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് കാര്യമായ താരിഫ് ചുമത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ട്രംപിന്റെ തീരുമാനം ചെറിയ തലവേദനയാവില്ല ഉണ്ടാക്കുന്നത്. നേരത്തെ ഇന്ത്യയുടെ 'താരിഫുകളുടെ രാജാവ്' എന്ന് അദ്ദേഹം വിളിച്ചിട്ടുമുണ്ട്.
ഇന്ത്യയ്ക്ക് ഭീഷണിയാവുമോ പുതിയ നീക്കം?
യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തിയതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ആവർത്തിച്ച് വിമർശിച്ച വ്യക്തി കൂടിയാണ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുകയാണെങ്കിൽ, വാഷിംഗ്ടണും ഇന്ത്യൻ ഇറക്കുമതിക്ക് സമാനമായ താരിഫ് ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന കാര്യത്തിൽ തർക്കമേതുമില്ല. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ കഴിഞ്ഞ ഡിസംബറിൽ ട്രംപ് തന്റെ നയം വ്യക്തമാക്കിയതാണ്. ഇങ്ങോട്ട് ചുമത്തുന്ന നികുതിക്ക് അനുസൃതമായി അങ്ങോട്ടും കിട്ടുമെന്ന നിലപാടാണ് ട്രംപിന്റേത്. കൂടാതെ ബ്രിക്‌സ് കൂട്ടായ്‌മയ്ക്കും ട്രംപ് തീരുവ കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും ഇന്ത്യയ്ക്ക് ഭീഷണി സൃഷ്‌ടിക്കുന്ന കാര്യമാണ്.
ഇന്ത്യ മുൻനിരയിൽ നേതൃത്വം നൽകുന്ന കൂട്ടായ്‌മയാണ് ബ്രിക്‌സ്. ഒക്ടോബറിൽ റഷ്യയിലെ കസാനിൽ കൂട്ടായ്‌മയിലെ അംഗങ്ങൾ ഡോളർ ഇതര ഇടപാടുകൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്‌തതിന് ശേഷമാണ് ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപ് 100 ശതമാനം താരിഫ് എന്ന മുന്നറിയിപ്പ് നൽകിയത്. പ്രധാനമായും ചൈന, റഷ്യ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇത്.












Click it and Unblock the Notifications