വീണ്ടും ചൈനയ്ക്ക് നേരെ തീരുവ ഭീഷണിയുമായി ട്രംപ്; 'അത് പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം തീരുവ ഏർപ്പെടുത്തും'
ന്യൂയോർക്ക്: തീരുവ യുദ്ധത്തിൽ ചൈനയെ വിടാതെ പിടിച്ച് ഡൊണാൾഡ് ട്രംപ്. വീണ്ടും ചൈനയ്ക്ക് എതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഇപ്പോൾ. ഏപ്രിൽ 8നകം യുഎസ് കയറ്റുമതികൾക്കെതിരായ പ്രതികാര തീരുവ പിൻവലിച്ചില്ലെങ്കിൽ അവർക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയോട് ഭീഷണി മുഴക്കിയിരിക്കുന്നത്.
'2025 ഏപ്രിൽ 8ന് മുമ്പ്, ചൈന ദീർഘകാല വ്യാപാര ദുരുപയോഗങ്ങൾക്ക് മുകളിലുള്ള 34 ശതമാനം വർധനവ് പിൻവലിച്ചില്ലെങ്കിൽ, ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വരുന്ന 50 ശതമാനം അധിക തീരുവകൾ അമേരിക്ക ചൈനയ്ക്ക് മേൽ ചുമത്തും' എന്നായിരുന്നു ട്രംപ് അറിയിച്ചത്. തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കൂടാതെ, ചൈന ഞങ്ങളുമായി അഭ്യർത്ഥിച്ച കൂടിക്കാഴ്‌ചകൾ സംബന്ധിച്ച എല്ലാ ചർച്ചകളും അവസാനിപ്പിക്കും! മീറ്റിംഗുകൾ അഭ്യർത്ഥിച്ച മറ്റ് രാജ്യങ്ങളുമായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി..' എന്നും ട്രംപ് കുറിച്ചിട്ടുണ്ട്. ശനിയാഴ്‌ച മുതൽ ചൈനയ്ക്ക് മേൽ യുഎസ് മറുതീരുവ ചുമത്തിവരികയാണ്.
അതിനിടെയാണ് വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. ആഗോള വിപണികളിൽ ഒന്നാകെ ട്രംപിന്റെ തീരുവ നയം വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. യുഎസ്, യൂറോപ്യൻ,ഇന്ത്യൻ, മറ്റ് ഏഷ്യൻ വിപണികൾ എന്നിങ്ങനെ എല്ലായിടത്തും ചുവപ്പ് കത്തുകയാണ്. പല വ്യാപാര സൂചികകളും റെക്കോർഡ് നഷ്‍ടത്തിനാണ് സാക്ഷ്യം വഹിച്ചത്.
നിലവിലുള്ള തീരുവകൾക്ക് പുറമേ അമേരിക്കയ്ക്ക് മേൽ ചൈന 34 ശതമാനം തീരുവ ചുമത്തിയതിന് ശേഷമാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഏപ്രിൽ 2ന് ലിബറേഷൻ ഡേയുടെ പേരിൽ ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് മേൽ 34 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് ചൈനീസ് കയറ്റുമതിക്ക് ചുമത്തിയ മൊത്തം തീരുവ 54 ശതമാനമാണ്.
ഇതിനെതിരെ ശക്തമായ മറുപടിയാണ് ചൈന നൽകിയത്. യുഎസ് നീക്കത്തിനെ പലതവണയായി ചൈന രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കൂടാതെ കമ്പ്യൂട്ടർ ചിപ്പുകൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ തുടങ്ങിയ ഹൈടെക് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഇടത്തരം, കനത്ത അപൂർവ എർത്ത് ധാതുക്കളുടെ കയറ്റുമതിയിലും ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഏറ്റവും ഒടുവിൽ യുഎസിന്റേത് ഭീഷണിപ്പെടുത്തുന്ന രീതിയാണെന്നും ചൈന വ്യക്തമാക്കിയിരുന്നു. ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വികസിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതിന് തുല്യമാണ് ഇതെന്നും ചൈന ചൂണ്ടിക്കാട്ടി. പരസ്‌പര സഹകരണത്തിന്റെ പേരിൽ യുഎസ് തീരുവകൾ മറ്റ് രാജ്യങ്ങളുടെ ചെലവിൽ സ്വന്തം താൽപ്പര്യങ്ങൾ മാത്രമേ നിറവേറ്റുന്നുള്ളൂ എന്നായിരുന്നു ചൈനയുടെ ആക്ഷേപം.












Click it and Unblock the Notifications