'ഇടപാട് ഡോളറിൽ മാത്രം മതി, അല്ലെങ്കിൽ...'; ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപിന്റെ ഭീഷണി
ന്യൂയോർക്ക്: അന്താരാഷ്ട്ര ഇടപാടുകളിൽ ഡോളറിന് പകരം മറ്റ് കറൻസികളെ ആശ്രയിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ ഉൾപ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്‌സ് കൂട്ടായ്‌മയിലെ മറ്റ് പ്രധാന രാജ്യങ്ങളായ റഷ്യ, ചൈന എന്നിവയ്ക്ക് ഉൾപ്പെടെയാണ് ജനുവരിയിൽ സ്ഥാനാരോഹണം നടത്താൻ ഒരുങ്ങുന്ന ട്രംപ് ഭീഷണി ഉയർത്തുന്നത്.
നൂറ് ശതമാനം നികുതി എന്ന ഭീഷണിയാണ് ബ്രിക്‌സ് രാജ്യങ്ങൾക്ക് മുന്നിൽ ഡൊണാൾഡ് ട്രംപ് ഉയർത്തുന്നത്. ഡോളറിൽ നിന്ന് ബ്രിക്‌സ് കൂട്ടായ്‌മ വഴുതി മാറുന്നത് വെറുതെ നോക്കി നിൽക്കില്ലെന്ന സൂചനയാണ് ട്രംപ് തന്റെ സാമൂഹ്യ മാധ്യമ പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നത്. കൂടാതെ ട്രംപിന്റെ വരവ് പുതിയൊരു വാണിജ്യ യുദ്ധത്തിന് കൂടി വഴിയൊരുക്കുമോ എന്ന ചോദ്യവും പുതിയ ഭീഷണി നൽകുന്നുണ്ട്.

ഇന്ത്യ, ചൈന, റഷ്യ എന്നീ ലോക ശക്തികൾക്ക് പുറമേ ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളും ബ്രിക്‌സിൽ അംഗമാണ്. ഇതിന് പുറമേ ഈജിപ്‌ത്, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങൾക്കും അടുത്തിടെ ബ്രിക്‌സിൽ അംഗത്വം നൽകിയിരുന്നു. ഈ മുഴുവൻ രാജ്യങ്ങൾക്കും മേൽ യുഎസ് നികുതി ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്.
ഈ വർഷം ഒക്ടോബറിൽ നടന്ന ബ്രിക്‌സ് കൂട്ടായ്‌മയുടെ ഉച്ചകോടിയിൽ അന്താരാഷ്ട്ര ഇടപാടുകൾക്ക് ഡോളറിന് പകരം ബദൽ സാധ്യതകളെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിയിലാണ് വിഷയം ചർച്ചയായത്. ആഗോള തലത്തിൽ യുഎസ് ഡോളറിന്റെ അപ്രമാദിത്വം തകർക്കാൻ ബ്രിക്‌സ് നീക്കം ഇടയാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇതിന് പിന്നാലെയാണ് ട്രംപ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. 'ബ്രിക്‌സ് രാജ്യങ്ങൾ ഡോളറിൽ നിന്ന് മാറാൻ ശ്രമിക്കുന്നത് നോക്കി നിൽക്കുന്ന കാലം അവസാനിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഒരു പ്രതിബദ്ധത ആവശ്യമാണ്, അവർ ഒരു പുതിയ ബ്രിക്‌സ് കറൻസി സൃഷ്‌ടിക്കുകയോ അല്ലെങ്കിൽ ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റേതെങ്കിലും കറൻസിയിൽ ഇടപാട് നടത്തുകയോ ചെയ്‌താൽ 100 ശതമാനം താരിഫുകൾ നേരിടേണ്ടിവരും' ട്രംപ് തന്റെ പോസ്‌റ്റിൽ കുറിച്ചു.
അതേസമയം, ഇന്ത്യ ഡോളർ ഉപേക്ഷിക്കാനുള്ള നീക്കത്തിന് എതിരാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യയുടെ വിദേശ നയത്തിന്റെയോ, വ്യാപാര രീതികളുടെയോ ഭാഗമല്ലെന്ന് മന്ത്രി എസ് ജയശങ്കർ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സഖ്യ കക്ഷികൾ ബദൽ ആവശ്യപ്പെടുമ്പോൾ മറ്റ് വഴികൾ തേടുമെന്നുമാണ് ഇന്ത്യ അറിയിച്ചത്.
നിലവിൽ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഡോളറിന് പകരം ബ്രിക്‌സിൽ ഒരു പൊതു കറൻസി രൂപീകരിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ കൂട്ടായ്‌മയിലെ മറ്റൊരു പ്രധാന അംഗമായ ഇന്ത്യ എതിർക്കുമ്പോൾ ഇത് എത്രത്തോളം പ്രയോഗികമാവും എന്നാണ് കണ്ടറിയേണ്ടത്. മാത്രമല്ല ട്രംപിന്റെ ഭീഷണി കൂടി വന്നതോടെ ബ്രിക്‌സ് ഇക്കാര്യത്തിൽ എന്ത് നിലപാടാവും സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications