ഡൊണാൾഡ് ട്രംപ് പണി തുടങ്ങി; ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം പുറപ്പെട്ടു
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ യുഎസ് മിലിട്ടറി വിമാനം പുറപ്പെട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ കുറഞ്ഞത് 24 മണിക്കൂറിന് ശേഷം മാത്രമേ വിമാനം ഇന്ത്യയിൽ എത്തുകയുള്ളൂ. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
യുഎസിലെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന കടുത്ത നിലപാടിന്റെ നേർസാക്ഷ്യമാണ് ഈ സംഭവവികാസം. അനധികൃത കുടിയേറ്റക്കാരുമായി സി-17 വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും കുറഞ്ഞത് 24 മണിക്കൂറെങ്കിലും വേണം ഇന്ത്യയിൽ എത്താനെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പട്ടികയിൽ യുഎസിൽ നിന്ന് ഏറ്റവും അകലെയുള്ള ഇടമാണ് ഇന്ത്യ.

ടെക്‌സാസിലെ എൽ പാസോ, കാലിഫോർണിയയിലെ സാൻ ഡിയാഗോ എന്നിവിടങ്ങളിൽ നിന്ന് 5,000ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിമാനങ്ങൾ പെന്റഗൺ തയ്യാറാക്കിയിട്ടുണ്ട്. ലഭ്യമായ വിവരം അനുസരിച്ച് ഇതുവരെ സൈനിക വിമാനങ്ങൾ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരുമായി പുറപ്പെട്ടു കഴിഞ്ഞു.
ഇമിഗ്രേഷനുമായി ബന്ധപ്പെട്ട അടിയന്തര പ്രഖ്യാപനത്തിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്‌ച മുതൽ നാടുകടത്തൽ നടപടികൾ ആരംഭിച്ചിരുന്നു. സൈനിക വിമാനങ്ങൾ തന്നെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഇതുവരെ ലാറ്റിനമേരിക്കയിലേക്ക് ആറ് വിമാനങ്ങളിൽ കുടിയേറ്റക്കാരെ തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ട്.
ചരിത്രത്തിലാദ്യമായി, ഞങ്ങൾ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി സൈനിക വിമാനങ്ങളിൽ കയറ്റി അവർ വന്ന ഇടങ്ങളിലേക്ക് തന്നെ തിരികെ കൊണ്ടുവിടുകയാണ് എന്നായിരുന്നു കഴിഞ്ഞ മാസം ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 18,000 ഇന്ത്യക്കാർ ഇതിൽ ഉൾപെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
തന്റെ കുടിയേറ്റ അജണ്ട നടപ്പാക്കാൻ ഡൊണാൾഡ് ട്രംപ് പലപ്പോഴും സൈന്യത്തെ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. നേരത്തെ യുഎസ് മെക്‌സിക്കോ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചിരുന്നു. കുടിയേറ്റക്കാരെ പാർപ്പിക്കാൻ സൈനിക താവളങ്ങളും യുഎസിൽ നിന്ന് അവരെ തിരികെ കൊണ്ടുവിടാൻ സൈനിക വിമാനങ്ങളും ഉപയോഗിച്ചിരുന്നു.
അതിനിടെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരെ നിയമാനുസൃതമായി തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി ഇന്ത്യയെ പ്രതിനിധീകരിച്ച് ജയശങ്കർ ആയിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്.












Click it and Unblock the Notifications