'എലി ആനയെ ഇടിക്കുന്നത് പോലെ'; ഇന്ത്യക്കെതിരായ നീക്കത്തിൽ യുഎസിനെ വിമർശിച്ച് സാമ്പത്തിക വിദഗ്‌ധൻ
ന്യൂഡൽഹി: ഇന്ത്യക്കെതിരായ യുഎസിന്റെ നീക്കങ്ങളിൽ വിമർശനവുമായി യുഎസ് സാമ്പത്തിക വിദഗ്‌ധൻ തന്നെ രംഗത്ത്. ഇന്ത്യയ്‌ക്കെതിരെ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെപ്പോലെയാണ് അമേരിക്ക പെരുമാറുന്നതെന്നും എന്നാൽ അവർ സ്വന്തം കാലിൽ വെടിവയ്ക്കുക മാത്രമാണെന്നും യുഎസ് സാമ്പത്തിക വിദഗ്‌ധനായ റിച്ചാർഡ് വൂൾഫ് പരിഹസിച്ചു. തീരുവ നയത്തിൽ ഇന്ത്യയ്ക്ക് എതിരെ യുഎസ് നിലപാട് കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് വോൾഫ് രംഗത്ത് വന്നത്.
ബ്രിക്‌സിനെ പാശ്ചാത്യ രാജ്യങ്ങൾക്ക് സാമ്പത്തിക ബദലായി മാറ്റാൻ പ്രേരിപ്പിക്കുന്നതിനാൽ തന്നെ ഈ നീക്കം യുഎസിന് ദോഷകരമാകും എന്ന മുന്നറിയിപ്പാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. 'ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാണ്. എന്തുചെയ്യണമെന്ന് ഇന്ത്യയോട് അമേരിക്ക പറയുന്നത് ആനയെ എലി മുഷ്‌ടിചുരുട്ടി ഇടിക്കുന്നത് പോലെയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. അമേരിക്ക ഇന്ത്യയുമായുള്ള വ്യാപാരം അവസാനിപ്പിച്ചാൽ ഇന്ത്യ തങ്ങളുടെ കയറ്റുമതി നടത്താൻ മറ്റ് സ്ഥലങ്ങൾ കണ്ടെത്തുമെന്നും ഈ നീക്കം ബ്രിക്‌സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയേ ചെയ്യൂവെന്നുമാണ് വോൾഫ് പറയുന്നത്. റഷ്യയെ പോലെ മറ്റൊരു ബദൽ കണ്ടെത്തുകയാവും ഇന്ത്യ ചെയ്യുകയെന്നും അത് ബ്രിക്‌സ് കൂട്ടായ്‌മയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്റ്റ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ പത്ത് രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു കൂട്ടായ്‌മയാണ്. പാശ്ചാത്യ സാമ്പത്തിക ആധിപത്യത്തെ ചെറുക്കുക എന്നതാണ് ഈ കൂട്ടായ്‌മയുടെ ലക്ഷ്യം, കൂടാതെ ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനുള്ള ബദലുകൾ കൂടി അവർ തേടുന്നുണ്ട്.
'ചൈന, ഇന്ത്യ, റഷ്യ, ബ്രിക്‌സ് എന്നീ രാജ്യങ്ങളെ എടുക്കുകയാണെങ്കിൽ, ആ രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ലോക ഉൽപ്പാദനത്തിന്റെ ആകെ വിഹിതം 35 ശതമാനം ആണ്. ജി7 ഏകദേശം 28 ശതമാനം ആയി കുറഞ്ഞു' അദ്ദേഹം പറയുന്നു. ട്രംപിന്റെ തീരുവ നയം ബ്രിക്‌സിനെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുകയെന്നും വൂൾഫ് പറയുന്നു.
'പാശ്ചാത്യ ലോകത്തിന് പകരമായി, ബ്രിക്‌സിനെ കൂടുതൽ വലുതും, സംയോജിതവും, വിജയകരവുമായ ഒരു സാമ്പത്തിക ബദലായി വികസിപ്പിക്കുക എന്നതാണ് നിങ്ങൾ ചെയ്യുന്നത്. ചരിത്രപരമായ ഒരു നിമിഷമാണ് നമ്മൾ കാണുന്നത്' അമേരിക്കൻ മാർക്‌സിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ വൂൾഫ് അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കി.
സോവിയറ്റ് കാലഘട്ടം മുതൽ ഇന്ത്യയ്ക്ക് അമേരിക്കയുമായി ദീർഘകാല ബന്ധമുണ്ടെന്ന് സാമ്പത്തിക വിദഗ്‌ധൻ വിശദീകരിച്ചു. എന്നാൽ ഇപ്പോൾ അത് അല്ല അവസ്ഥയെന്നും അദ്ദേഹം പറയുന്നു. നേരത്തെ സമാനമായി പല കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു. ട്രംപിന്റെ എടുത്തുചാട്ടം ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുമെന്നും പിന്നീട് അത് ബ്രിക്‌സ് പോലെയുള്ള കൂട്ടായ്‌മകൾക്ക് വളമാകുമെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 50 ശതമാനം തീരുവ ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു, നിലവിലുള്ള തീരുവ ഇരട്ടിയായി മാറുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് പുറമേയാണ് ഇന്ത്യയ്ക്ക് അധിക തീരുവ അവർ ഈടാക്കിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്നാരോപിച്ചാണ് അവരുടെ നീക്കം.












Click it and Unblock the Notifications