Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ആദ്യ ട്രില്യണയറായി ഇലോൺ മസ്‌ക്; സമ്പത്ത് 1.1 ട്രില്യൺ ഡോളർ കടന്നുവെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് കൊണ്ട് ഇലോൺ മസ്‌കിന്റെ സമ്പാദ്യം കുതിക്കുന്നു. ഒരു വ്യക്തിയുടെ സമ്പത്ത് ആദ്യമായി 1 ട്രില്യൺ ഡോളർ കടക്കുന്ന നേട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ് മസ്‌ക്. ലോകത്തിലെ ആദ്യ ട്രില്യണയർ എന്ന വിശേഷണത്തിന് അർഹനാകുകയാണ് അദ്ദേഹം. സ്പേസ്‌എക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനകളിലൊന്നായ ഐപിഒയ്ക്ക് പിന്നാലെ കമ്പനിയുടെ മൂല്യം കുതിച്ചുയർന്നതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം.

റോയിറ്റേഴ്‌സിന്റെ കണക്കുകൾ പ്രകാരം, സ്പേസ്‌എക്‌സിന്റെ ഓഹരികൾ പൊതുവിപണിയിൽ വ്യാപാരം ആരംഭിച്ചതോടെ മസ്‌കിന്റെ ആകെ സമ്പത്ത് 1.1 ട്രില്യൺ ഡോളറിലധികമാകും. ഐപിഒയ്ക്ക് മുമ്പ് തന്നെ ഏകദേശം 971 ബില്യൺ ഡോളർ സമ്പത്തുമായി അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ സഹസ്ഥാപകൻ ലാറി പേജിന്റെ സമ്പത്ത് ഏകദേശം 304 ബില്യൺ ഡോളറാണ്.

elon musk

അതായത് ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ പോലും മസ്‌ക് വളരെ വലിയ വ്യത്യാസത്തിലാണ് മുന്നിലുള്ളത്. രണ്ടാമതുള്ള വ്യക്തിയേക്കാൾ മൂന്നിരട്ടിയിൽ അധികമാണ് മസ്‌കിന്റെ സമ്പാദ്യം. സ്പേസ്‌എക്‌സിന്റെ 75 ബില്യൺ ഡോളർ മൂല്യമുള്ള ഐപിഒ ആഗോള സാമ്പത്തിക ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. ഫോർബ്സിന്റെ മുൻ കണക്കുകൾ പ്രകാരം ഐപിഒയ്ക്ക് മുമ്പ് മസ്‌കിന്റെ സമ്പത്ത് ഏകദേശം 780 ബില്യൺ ഡോളറായിരുന്നു.

എന്നാൽ സ്പേസ്‌എക്‌സിലെ അദ്ദേഹത്തിന്റെ ഓഹരി വിഹിതത്തിന്റെ മൂല്യം മാത്രം ഇപ്പോൾ ഏകദേശം 866 ബില്യൺ ഡോളറിലെത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ സ്പേസ്‌എക്‌സ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ ഉറവിടമായി മാറും. ടെസ്ല, സ്പേസ്‌എക്‌സ്, എക്‌സ്, എക്‌സ് എഐ, ന്യൂറാലിങ്ക്, ദി ബോറിങ് കമ്പനി തുടങ്ങി നിരവധി സ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് മസ്‌കിനുള്ളത്.

പ്രത്യേകിച്ച് കൃത്രിമ ബുദ്ധി (AI), ബഹിരാകാശ സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങൾ, ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയ ഭാവി സാങ്കേതിക മേഖലകളിലെ നിക്ഷേപങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് അതിവേഗം ഉയരാൻ കാരണമായത്. മസ്‌കിന്റെ സമ്പത്തിന്റെ വലിപ്പം ചില രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോഴാണ് അതിന്റെ വ്യാപ്‌തി കൂടുതൽ വ്യക്തമായി മനസിലാകുന്നത്.

അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) കണക്കുകൾ പ്രകാരം തായ്‌വാന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഏകദേശം 976.7 ബില്യൺ ഡോളറാണ്. അതായത് ലോകത്തെ ഏറ്റവും വലിയ സെമികണ്ടക്‌ടർ, എഐ ചിപ്പ് നിർമ്മാണ കേന്ദ്രങ്ങളിലൊന്നായ തായ്‌വാന്റെ സമ്പദ്‌വ്യവസ്ഥയെക്കാൾ കൂടുതൽ സമ്പത്താണ് മസ്‌കിനുള്ളത്. ഇന്ത്യയുടെ ഏകദേശം 4.15 ട്രില്യൺ ഡോളർ ജിഡിപിയുടെ നാലിലൊന്നോളം വരും അദ്ദേഹത്തിന്റെ സമ്പത്ത്.

ഇലോൺ മസ്‌ക് എന്ന വൻമരം

1971-ൽ ദക്ഷിണാഫ്രിക്കയിലെ പ്രിറ്റോറിയയിൽ ജനിച്ച മസ്‌ക് പിന്നീട് അമേരിക്കയിലേക്ക് കുടിയേറി സാങ്കേതിക സംരംഭകനായി വളർന്നു. ഓൺലൈൻ പേയ്‌മെന്റ് രംഗത്തെ പേപാൽ വിജയകരമായി വിറ്റഴിച്ചതിന് ശേഷമാണ് അദ്ദേഹം ബഹിരാകാശ ഗവേഷണത്തിനും ഇലക്ട്രിക് വാഹന മേഖലയ്ക്കും കൂടുതൽ ശ്രദ്ധ നൽകിയത്. 2008-ൽ ടെസ്ലയുടെ സിഇഒയായ ശേഷം ഇലക്ട്രിക് വാഹനങ്ങളെ ആഗോളതലത്തിൽ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

അതേസമയം, മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കുക, ആഗോള ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല സൃഷ്‌ടിക്കുക, കൃത്രിമ ബുദ്ധി വികസനം വേഗത്തിലാക്കുക തുടങ്ങിയ പദ്ധതികളിലൂടെ മസ്‌ക് ലോക സാങ്കേതിക രംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി തുടരുകയാണ്. ട്രില്യൺ ഡോളർ സമ്പത്ത് എന്ന ചരിത്രനേട്ടം അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയെ മാത്രമല്ല, ആധുനിക സാങ്കേതിക വ്യവസായങ്ങളുടെ സാമ്പത്തിക ശക്തിയെയും അടിവരയിടുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+