അമ്പമ്പോ..ഒടുവിൽ പറക്കും കാറുമായി ഇലോൺ മസ്‌ക്; 'റോഡ്‌സ്‌റ്റർ' പരീക്ഷണം നടന്നു, ഞെട്ടിച്ച് ടെസ്‌ല
വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‌ല പറക്കാൻ കഴിയുന്ന റോഡ്‌സ്‌റ്റർ കാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. കാറിന്റെ പ്രകടനത്തിൽ വളഞ്ഞ റാമ്പിലൂടെ തലകീഴായി സഞ്ചരിച്ച വാഹനം പിന്നീട് മറിഞ്ഞ് വായുവിലേക്ക് ഉയരുകയും അൽപ്പസമയം പറക്കുകയും ചെയ്‌തു. ഉയർന്ന മർദത്തിലുള്ള വായു ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേക ത്രസ്‌റ്ററുകളാണ് കാറിനെ ഉയർത്താൻ സഹായിക്കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഉൽപ്പാദന കാറായി റോഡ്‌സ്‌റ്ററിനെ മാറ്റാനാകുമെന്നാണ് ടെസ്‌ലയുടെ അവകാശവാദം.
ടെസ്‌ലയുടെ പുതിയ റോഡ് സ്‌റ്റർ കാറിന്റെ പ്രകടനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു. വളഞ്ഞ റാമ്പിലൂടെ തലകീഴായി സഞ്ചരിച്ച കാർ പിന്നീട് അൽപ്പസമയം വായുവിലേക്ക് ഉയർന്നുപറന്ന് സുരക്ഷിതമായി നിലത്തിറങ്ങുന്നതായിരുന്നു പരീക്ഷണത്തിന്റെ പ്രധാന ആകർഷണം. വ്യാഴാഴ്‌ച നടന്ന ഈ പ്രകടനത്തോടെ ഏറെക്കാലമായി കാത്തിരിക്കുന്ന റോഡ് സ്‌റ്റർ കാറിനെക്കുറിച്ചും ഭാവിയിലെ വാഹന സാങ്കേതികവിദ്യയെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.

അമേരിക്കയിലെ ടെക്‌സസിലുള്ള മക്ഗ്രെഗറിലെ സ്പേസ് എക്‌സ് കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ടെസ്‌ലയിലെയും സ്പേസ് എക്‌സിലെയും എഞ്ചിനീയർമാർ ചേർന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഇലോൺ മസ്‌ക് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ചു. 'ഭാവിയിൽ പറക്കും കാറുകൾ ഉണ്ടാകുമെന്നത് ശരിയാണെന്ന് തെളിഞ്ഞു' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ടെസ്‌ലയും ഔദ്യോഗിക അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചു.
ഉയർന്ന മർദത്തിലുള്ള വായു സംഭരണിയും പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത ത്രസ്‌റ്ററുകളുമാണ് കാറിനെ നിലത്തുനിന്ന് ഉയർത്താൻ സഹായിക്കുന്നതെന്ന് മസ്‌ക് വിശദീകരിച്ചു. കാറിന്റെ ഉയരം നിയന്ത്രിക്കാൻ ത്രസ്‌റ്ററുകൾ ഉപയോഗിക്കുന്ന സംവിധാനമാണിത്. കാറിന്റെ പിൻഭാഗത്തുള്ള അധിക ത്രസ്‌റ്ററുകൾ ഉപയോഗിച്ച് കറങ്ങുന്നതുൾപ്പെടെയുള്ള ചലനങ്ങൾ സാധ്യമാക്കാനും കഴിയുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
പരീക്ഷണം പൂർത്തിയാക്കി കാർ സുരക്ഷിതമായി നിലത്തിറങ്ങിയതിനു പിന്നാലെ മസ്‌ക് രസകരമായാണ് ഇതിനോട് പ്രതികരിച്ചത്. ടെസ്‌ലയുടെ വാഹന എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് ലാർസ് മൊറാവിയും പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചു. പറക്കും കാറുകൾ യാഥാർഥ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കാർ പൊതുനിരത്തുകളിൽ ഓടിക്കാൻ നിയമപരമായി അനുമതിയുണ്ടാകുമോ എന്ന് സദസിലുണ്ടായിരുന്ന ഒരാൾ ചോദിച്ചപ്പോൾ, അത് നിങ്ങളുടെ തെരുവിനെ ആശ്രയിച്ചിരിക്കും എന്നായിരുന്നു മസ്‌കിന്റെ മറുപടി. ഇതൊരു പ്രായോഗികമായി ഉപയോഗിക്കാവുന്ന കാറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എപ്പോൾ മുതൽ ഇത് ലോഞ്ച് ചെയ്യുമെന്നോ മറ്റ് വിശദാംശങ്ങളോ അവർ പങ്കുവച്ചിട്ടില്ല.


Click it and Unblock the Notifications
