ട്വിറ്ററിനെ വ്യാജവാര്‍ത്താ മുക്തമാക്കും എന്ന് മസ്‌ക്, പങ്കിട്ടതോ നിരവധി വ്യാജവാര്‍ത്തകള്‍; റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ട്വിറ്ററിനെ കൃത്യമായ വിവരങ്ങളുടെ ഉറവിടമാക്കുമെന്ന് വാഗ്ദാനം ചെയ്ത ഇലോണ്‍ മസ്‌ക് തന്നെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത് നിരവധി തെറ്റായ വിവരങ്ങള്‍. സൈബര്‍ ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ ചില തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം സ്വന്തം അക്കൗണ്ട് ആവര്‍ത്തിച്ച് ഉപയോഗിച്ചു എന്നാണ് എഎഫ്പി നടത്തിയ വിശകലനത്തില്‍ നിന്ന് വ്യക്തമായിരിക്കുന്നത്.
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം മുതല്‍ യുഎസ് കോണ്‍ഗ്രസ് അംഗം നാന്‍സി പെലോസിയുടെ ഭര്‍ത്താവിനെതിരായ ആക്രമണം വരെയുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങളാണ് മസ്‌ക് പങ്ക് വെച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കൊവിഡ് വ്യാപനവും അതുമായി ബന്ധപ്പെട്ട മരണങ്ങളെ കുറിച്ചും തെറ്റായ വിവരങ്ങള്‍ കഴിഞ്ഞ ആഴ്ച മസ്‌ക് പങ്ക് വെച്ചതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്.

കൊവിഡിന്റെ ഏറ്റവും വലിയ നിഗൂഢതകളിലൊന്ന് 2020-ലും 2021-ലും പനി എവിടെ പോയി? എന്നതാണ് എന്ന് കനേകോവ ദി ഗ്രേറ്റ് എന്ന് അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇത് റീടീറ്റ് ചെയ്ത് കൊണ്ട് നല്ല ചോദ്യം എന്നാണ് മസ്‌ക് പറഞ്ഞത്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങുന്നത്. ഇക്കാലയളവില്‍ തെറ്റായ വിവരങ്ങള്‍ തന്റെ അക്കൗണ്ടിലൂടെ 40 തവണയെങ്കിലും മസ്‌ക് പങ്ക് വെച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തല്‍.
പൊളിറ്റിട്വീറ്റില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഒക്ടോബര്‍ അവസാനത്തിനും മാര്‍ച്ചിനും ഇടയില്‍ മസ്‌ക് പങ്ക് വെക്കുകയോ കമന്റ് ചെയ്യുകയോ ചെയ്ത ആയിരക്കണക്കിന് ട്വീറ്റുകളാണ് എഎഫ്പി അവലോകനം ചെയ്തത്. അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തില്‍ ഒരു കലാപകാരിയ്ക്ക് പൊലീസ് അകമ്പടി സേവിച്ചു എന്ന് സിഎന്‍എന്‍ വാര്‍ത്ത എന്ന പേരില്‍ വ്യാജമായി നിര്‍മിച്ച റിപ്പോര്‍ട്ട് അദ്ദേഹം പങ്ക് വെച്ചിരുന്നു.
യുക്രൈനില്‍ എല്‍ജിബിടിക്യൂ വിഭാഗക്കാര്‍ക്ക് നേരെ അതിക്രമം നടക്കുന്നു എന്ന് പറഞ്ഞ് മരണസംഖ്യയുടെ വ്യാജ കണക്കും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ കൊവിഡിനെ ഗൗരവപരമായ പരിഗണിക്കാതിരിക്കുകയും വാക്‌സിനുകള്‍ രക്തം കട്ടപിടിക്കുന്നതിനും ഗര്‍ഭം അലസുന്നതിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്ന വ്യാജ അവകാശവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍
അതേസമയം കൃത്യമായ പരിശോധനകളില്ലാതെ ഇത്തരം വാര്‍ത്തകള്‍ പങ്ക് വെക്കുന്ന മസ്‌കിന്റെ പ്രവര്‍ത്തനം ആശങ്കാജനകമാണ് എന്നാണ് അധികൃതര്‍ പറയുന്നത്. ഏകദേശം 135 ദശലക്ഷം ഫോളോവേഴ്‌സ് ആണ് മസ്‌കിനുള്ളത്. അതിനാല്‍ തന്നെ അദ്ദേഹം പങ്ക് വെക്കുന്ന ഏതൊരു ട്വീറ്റും ഇത്രയും ആളുകളിലേക്ക് എത്തും. തെറ്റായ വിവരങ്ങള്‍ ആളുകളിലേക്ക് എത്തുന്നത് ദോഷം ചെയ്യും എന്നാണ് ഡാര്‍ട്ട്മൗത്ത് കോളേജ് പ്രൊഫസര്‍ ബ്രെന്‍ഡന്‍ നൈഹാന്‍ പറയുന്നത്.
ലണ്ടന്‍ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് ഡയലോഗ് ജനുവരിയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷം വലതുപക്ഷ അക്കൗണ്ടുകളുമായുള്ള മസ്‌കിന്റെ ഇടപെടലുകളില്‍ അമ്പരപ്പിക്കുന്ന വര്‍ധനവ് ഉണ്ടായി എന്നാണ്. ഡൊണാള്‍ഡ് ട്രംപ് അനുകൂല പേജ് കാറ്റൂര്‍ഡ്, എല്‍ജിബിടിക്യു വിരുദ്ധ അക്കൗണ്ട് 'ലിബ്സ് ഓഫ് ടിക് ടോക്ക്', ഗൂഢാലോചന വെബ്സൈറ്റ് സീറോഹെഡ്ജ് എന്നിവയെ മസ്‌ക് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
തീവ്ര വലതുപക്ഷ ബ്ലോഗറായ ഇയാന്‍ മൈല്‍സ് ചിയോങ്ങിന് മസ്‌കില്‍ നിന്ന് കുറഞ്ഞത് 60 മറുപടികളെങ്കിലും ലഭിച്ചിട്ടുണ്ട് എന്നാണ് എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നാന്‍സി പെലോസിയുടെ ഭര്‍ത്താവിന് എതിരായ ആക്രമണം സംഭവിച്ച വാര്‍ത്തകളുടെയും തെറ്റായ വിവരങ്ങള്‍ ആണ് മസ്‌ക് പങ്ക് വെച്ചിരുന്നത്. ഇതിനെതിരെ മസ്‌ക് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications