മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വീട് റെയ്ഡ് ചെയ്ത് എഫ്ബിഐ
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വീട്ടിൽ പരിശോധന നടത്തി എഫ്ബിഐ. ഫ്‌ളോറിഡയിലെ മാര്‍ അലാഗോയിലുളള വസതിയിലാണ് എഫ്ബിഐ പരിശോധന നടത്തിയത്. ട്രംപിന്റെ വീട്ടിലെ റെയ്ഡ് അമേരിക്കയിലെ രാഷ്ട്രീയ കാലാവസ്ഥ കലുഷിതമാക്കിയിരിക്കുകയാണ്. ശിക്ഷാര്‍ഹമായ നീക്കമാണ് എഫ്ബിഐ നടത്തിയിരിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രതികരണം.
എഫ്ബിഐ ഏജന്റുമാര്‍ വീട്ടില്‍ വന്ന് പരിശോധന നടത്തിയ വിവരം ട്രംപ് തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. എന്റെ മനോഹരമായ വീട് ഇപ്പോള്‍ ഒരു സംഘം എഫ്ബിഐ ഏജന്റുമാരാല്‍ പിടിച്ചെടുക്കപ്പെട്ടിരിക്കുകയാണ്, പരിശോധന നടക്കുകയാണ്, ട്രംപ് വ്യക്തമാക്കി. ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന സമയത്തുളള ചില സുപ്രധാന രേഖകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത് എന്നാണ് സൂചന. പ്രസിഡണ്ടിന്റെ ഓഫീസില്‍ നിന്നും ചില രേഖകള്‍ ട്രംപ് വീട്ടിലേക്ക് കടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം എന്തിന് വേണ്ടിയായിരുന്നു മുന്‍ പ്രസിഡണ്ടിന്റെ വീട്ടിലെ പരിശോധന എന്നത് എഫ്ബിഐ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. റെയ്ഡിനെ കുറിച്ച് രൂക്ഷമായാണ് ട്രംപ് പിന്നീട് പുറത്ത് വിട്ട പ്രസ്താവനയില്‍ പ്രതികരിച്ചത്. ''അമേരിക്കയിലെ ഒരു പ്രസിഡണ്ടിനും ഇത്തരത്തിലുളള ഒരു കാര്യം ഇതുവരെ സംഭവിച്ചിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സികളുമായി യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിച്ചിട്ടും തന്റെ വീട്ടില്‍ നേരത്തെ അറിയിക്കുക പോലും ചെയ്യാതെ ഒരു പരിശോധന നടത്തിയത് അനാവശ്യവും അനൗചിത്യവും ആയിരുന്നു. ഇത് കുറ്റകരമായ നടപടിയാണ്, നീതിന്യായ വ്യവസ്ഥയെ ദുരുപയോഗിക്കലാണ്. മാത്രമല്ല താന്‍ 2024ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന് ആഗ്രഹിക്കുന്ന റാഡിക്കല്‍ ഇടത് ഡെമോക്രാറ്റുകളുടെ ആക്രമണം ആണ്'' എന്നാണ് ട്രംപ് പ്രസ്താവനയില്‍ ആരോപിച്ചത്.












Click it and Unblock the Notifications