ഒമൈക്രോണ്‍ ചൈനയിലുമെത്തി, ആദ്യ കേസ് ടിയാന്‍ജിന്‍ നഗരത്തില്‍, ഡെല്‍റ്റയില്‍ പുതുതരംഗം
ബെയ്ജിംഗ്: കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായ രാജ്യത്ത് ഒമൈക്രോണ്‍ ആദ്യ കേസ് സ്ഥിരീകരിച്ചു. ഉത്തര നഗരമായ ടിയാന്‍ജിനിലാണ് ആദ്യ ഒമൈക്രോണ്‍ കേസ് സ്ഥിരീകരിച്ചത്. ഡിസംബര്‍ ഒന്‍പതിന് വിദേശത്ത് നിന്ന് വന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ ഐസൊലേഷനിലാണ്. ലോകം മുഴുവന്‍ ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യം ചൈന കനത്ത ജാഗ്രതയിലാണ്. എന്നാല്‍ പുതിയൊരു തരംഗമാണ് ഇപ്പോള്‍ ചൈന ആഞ്ഞടിക്കുന്നത്. ഡെല്‍റ്റ വേരിയന്റിനെ തുടര്‍ന്നാണ് കേസുകള്‍ വര്‍ധിക്കുന്നത്. ചൈനയുടെ വ്യാപാര കേന്ദ്രമായ ഷെജിയാങ് പ്രവിശ്യയിലാണ് കൂടുതല്‍ ഡെല്‍റ്റ കേസുകള്‍. ആഴ്ച്ചയില്‍ 190 കേസുകള്‍ എന്ന നിരക്കിലാണ് വര്‍ധന. അഞ്ച് ലക്ഷത്തോളം പേര്‍ ലോക്ഡൗണിലാണ്. ഫാക്ടറികള്‍ എല്ലാം അടച്ചുപൂട്ടി.

ഷെജിയാങില്‍ 192 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാം ഡെല്‍റ്റ കേസുകളാണ്. ഇതേ തുടര്‍ന്നാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഡെല്‍റ്റ വേരിയന്റ് ആദ്യമായിട്ടാണ് ചൈന റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമൈക്രോണ്‍ കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിതീവ്ര വ്യാപനം ചൈനയില്‍ ഉറപ്പാണ്. അതാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം. ഒരാഴ്ച്ചയ്ക്കുള്ളിലാണ് 138 ഡെല്‍റ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 44 കേസുകള്‍ നിങ്‌ബോയിലും 77 കേസുകള്‍ ഷാവോഷിംഗിലും 17 കേസുകള്‍ ഹാങ്ഷൂവിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാങ്ഷൂ പ്രവിശ്യാ തലസ്ഥാനം കൂടിയാണ്.
കൂട്ടത്തോടെയുള്ള ആസിഡ് ടെസ്റ്റുകളാണ് ചൈന ഈ മേഖലയില്‍ നടത്തുന്നത്. 52000ത്തോളം പേരെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഒരു പ്രവിശ്യയില്‍ നടക്കുന്ന വന്‍ തരംഗം കൂടിയാണിത്. കൊറോണവൈറസിന്റെ ഒറിജിനല്‍ പതിപ്പിനേക്കാള്‍ വേഗത്തിലാണ് ഡെല്‍റ്റ കേസുകള്‍ വ്യാപിക്കുന്നതെന്ന് ചൈനീസ് വിദഗ്ധര്‍ പറയുന്നു. ഒത്തുചേരലിനും യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഷെജിയാങില്‍ ഒരു ഡസനോളം കമ്പനികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെയാണ് ഈ തീരുമാനം. ഇവരുടെ ഓഹരികള്‍ വിപണിയില്‍ ഇടിയാന്‍ തുടങ്ങിയിരുന്നത്.
ഞായറാഴ്ച്ച 101 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ എട്ടും പ്രാദേശിക സമ്പര്‍ക്കത്തിലൂടെ സംഭവിച്ചതാണ്. 21 പേരുടേത് വിദേശത്ത് നിന്ന് വന്നതിലൂടെ ഉണ്ടായതാണ്. 17 കേസുകള്‍ യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തതാണ്. 444 പേര്‍ ഇത്തരത്തില്‍ വേറെയുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച്ച 80 കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 74 എണ്ണവും ഷെജിയാങില്‍ നിന്നാണ്. ഇന്നര്‍ മംഗോളിയയില്‍ അഞ്ച് കേസും ഷാങ്ഷിയില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം ശൈത്യകാല ഒളിമ്പിക്‌സ് ചൈനയില്‍ നടക്കുന്നുണ്ട്. അതിന് വെല്ലുവിളിയാണ് ഇപ്പോഴത്തെ തരംഗം. റഷ്യന്‍ അതിര്‍ത്തിയിലുള്ള മാന്‍ഷൂലിയില്‍ 537 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications