പരസ്‌പരം ഏറ്റുമുട്ടി ഫുട്‍ബോൾ ആരാധകർ, തെരുവുകളിൽ ശവശരീരങ്ങൾ; ഗിനിയയിൽ നൂറോളം പേർ കൊല്ലപ്പെട്ടു
കൊനാക്രി: ഗിനിയയിൽ ഫുട്‍ബോൾ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ എൻസെർകോറയിൽ നടന്ന ഒരു ഫുട്‍ബോൾ മത്സരത്തിനിടെ ആരാധകർ പരസ്‌പരം ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കൂട്ടക്കൊലയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
'ആശുപത്രിയിൽ കണ്ണെത്താ ദൂരത്തോളം മൃതദേഹങ്ങൾ നിരന്നുകിടക്കുന്നു. മറ്റുള്ളവരെ ഇടനാഴികളിൽ തറയിൽ കിടത്തിയിരിക്കുകയാണ്. മോർച്ചറി നിറഞ്ഞുകവിഞ്ഞു.' സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു ഡോക്‌ടറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആക്രമണ സംഭവങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്വിറ്ററിൽ പുറത്തുവന്ന ദൃശ്യങ്ങളുടെ ആധികാരികത വ്യക്തമായിട്ടില്ലെങ്കിലും ആരാധകർ തെരുവുകളിൽ പരസ്‌പരം ആക്രമിക്കുന്നതും പരിക്കേറ്റവരും കൊല്ലപ്പെട്ടവരും തെരുവുകളിൽ തന്നെ വീണുകിടക്കുന്നതും കാണാമായിരുന്നു.
നഗരത്തിലെ ഒരു പോലീസ് സ്‌റ്റേഷനും ആക്രമികൾ തകർത്തതായി റിപ്പോർട്ട് പറയുന്നു. റഫറിയുടെ വിവാദ തീരുമാനത്തോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് ലഭ്യമായ വിവരം. തുടർന്ന് ആരാധകർ മൈതാനത്തേക്ക് ഇരച്ചുകയറുകയായിരുന്നു. പിന്നീട് നടന്ന സംഭവങ്ങളിലാണ് ഇത്രയധികം പേരുടെ മരണത്തിലേക്ക് നയിച്ചത്.
2021-ലെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് സ്വയം പ്രസിഡന്റായി അധികാരമേറ്റ ഗിനിയയുടെ ജുണ്ട നേതാവ് മമാഡി ഡൗംബൗയയുടെ ബഹുമാനാർത്ഥം സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഭാഗമായാണ് മത്സരം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധികാരം ലക്ഷ്യമിട്ട് ഡൗംബൗയയുടെ അനുയായികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ടൂർണമെന്റുകൾ നടത്തുന്നുണ്ട്.
നേരത്തെ നിരന്തര അന്താരാഷ്ട്ര സമ്മർദ്ദത്തിന് ഒടുവിൽ 2024 അവസാനത്തോടെ അധികാരം ഒരു സിവിലിയൻ സർക്കാരിന് കൈമാറുമെന്ന് ഡൗംബൗയ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനുശേഷം താൻ അങ്ങനെ ചെയ്യില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലായി ഡൗംബൗയയുടെ കണ്ണ്.
തലസ്ഥാനമായ കൊനാക്രിയിൽ നിന്ന് 570 കിലോമീറ്റർ (350 മൈൽ) അകലെ ഗിനിയയുടെ തെക്കുകിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന എൻസെർകോറയിൽ ഏകദേശം 200,000 പേരോളം വസിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ നഗരമാണ് ഇത്. ഇവിടെയാണ് ഇപ്പോൾ വലിയ ആക്രമ സംഭവങ്ങൾ അരങ്ങേറിയത്.












Click it and Unblock the Notifications