ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം, ഭൂരിപക്ഷമില്ല; തീവ്രവലതുപക്ഷത്തിന് തിരിച്ചടി
പാരീസ്: ഫ്രാന്‍സ് പൊതുതിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം. രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ആദ്യ റൗണ്ട് തീവ്രവലതുപക്ഷമായിരുന്നു വിജയിച്ചത്. വലിയ മുന്നേറ്റം അവര്‍ നടത്തിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ അവര്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.
ഇമ്മാനുവേല്‍ മാക്രോണ്‍ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഫ്രാന്‍സില്‍ തൂക്കുസഭ നിലവില്‍ വരും. ആര്‍ക്കും ഭൂരിപക്ഷം കിട്ടിയിട്ടില്ല. എന്നാല്‍ തീവ്രവലത് പക്ഷം അധികാരത്തിലെത്തില്ലെന്ന് ഉറപ്പാക്കാനും ഇതോടെ മാക്രോണിന് സാധിച്ചിട്ടുണ്ട്. ഇടതുസഖ്യവും മധ്യപക്ഷവും തമ്മില്‍ ധാരണയുണ്ടാക്കിയതാണ് തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിക്ക് തടയിട്ടത്.

അതേസമയം ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സഭയില്‍ ഇടതുപക്ഷം കൂടുതല്‍ സീറ്റുമായി മുന്നിലെത്തും. ഫലം പുറത്തുവന്നതിന് പിന്നാലെ പാരീസില്‍ വ്യാപക സംഘര്‍ഷമാണ്. പരാജയകാരണം എതിരാളികളുടെ അവിശുദ്ധ സഖ്യമെന്നാണ് തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ ആരോപണം.
വലിയ തിരിച്ചടി നേരിടുമെന്ന് കരുതിയ ഇമ്മാനുവേല്‍ മാക്രോണിന്റെ മിതവാദി സഖ്യം രണ്ടാമതെത്തിയതും തീര്‍ത്തും അപ്രതീക്ഷിത ഫലമായിരുന്നു. ആര്‍ക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന സാഹചര്യത്തിലാണ് ഇടതുസഖ്യവും മധ്യപക്ഷവും തമ്മില്‍ ധാരാളമുണ്ടാക്കിയത്. 577 അംഗ പാര്‍മെന്റില്‍ 289 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഗ്രീന്‍ രാഷ്ട്രീയ പാര്‍ട്ടി, ഫ്രാന്‍സ് സോഷ്യലിസ്റ്റ് പാര്‍ട്ടി, എന്നിവര്‍ ചേര്‍ന്നതാണ് ഇടതുപക്ഷ സഖ്യം. 184 മുതല്‍ 198 സീറ്റുകള്‍ വരെ സഖ്യത്തിന് കിട്ടുമെന്നാണ് പോളിംഗ് ഏജന്‍സികള്‍ പ്രവചിക്കുന്നത്. ഇവരുടെ പ്രവചനങ്ങള്‍ ഏകദേശം ശരിയായി വരാറുണ്ട്. അതേസമയം മാക്രോണിന്റെ മിതവാദി സഖ്യത്തിന് 160 മുതല്‍ 169 സീറ്റുകള്‍ വരെ ലഭിക്കും.
തീവ്ര വലതുപക്ഷമായ നാഷണല്‍ റാലിക്കും അവരുടെ സഖ്യകക്ഷികള്‍ക്കും കൂടി 135 മുതല്‍ 143 സീറ്റുകള്‍ വരെ ലഭിച്ചേക്കുമാണ് പ്രവചനം. ഫലം പൂര്‍ണമായും വരുന്നതിന് മുമ്പാണ് പാരീസിലും മറ്റും കലാപമുണ്ടായത്. ഇടതുപക്ഷ സഖ്യത്തിന്റെ പ്രവര്‍ത്തകരും അണികളും ആഘോഷവുമായി തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.
അതേസമയം പോലീസ് തെരുവില്‍ പ്രതിഷേധക്കാരെ നേരിടുന്നുണ്ട്. ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ റോഡിലേക്ക് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ് വഴി തടസ്സപ്പെടുത്തിയിരിക്കുകയാണ്. നിരവധി നടപടികള്‍ എടുക്കുമെന്ന് നേരത്തെ ഇടതുസഖ്യം പ്രഖ്യാപിച്ചതാണ്.
പെന്‍ഷന്‍ പദ്ധതിയിലെ വന്‍ മാറ്റങ്ങള്‍ എല്ലാം നേരത്തെ മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം പിന്‍വലിക്കുമെന്നായിരുന്നു ഇടതുസഖ്യത്തിന്റെ ഉറപ്പ്. 60ാം വയസ്സില്‍ വിരമിക്കാനുള്ള അവകാശം എന്നത് നിര്‍ബബന്ധമാക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി ഗബ്രിയല്‍ അട്ടാല്‍ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി എത്തുന്നത വരെ അദ്ദേഹം കാവല്‍ പ്രധാനമന്ത്രിയായി തുടരും.
തിരഞ്ഞെടുപ്പ് ഫലം മാക്രോണിനും തിരിച്ചടിയാണ്. രാഷ്ട്രീയ ആധിപത്യം തുടരാനായിരുന്നു മാക്രോണ്‍ ആഗ്രഹിച്ചത്. എന്നാല്‍ ജീവിത ചെലവ് വളരെധികം വര്‍ധിച്ചതും, സര്‍ക്കാര്‍ സര്‍വീസുകളുടെ പരാജയവുമെല്ലാം മാക്രോണിന്റെ വീഴ്ച്ചയ്ക്ക് കാരണമായിട്ടുണ്ട്. നാഷണല്‍ റാലിയുടെ മുന്നേറ്റമായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്.
യൂറോപ്പ്യന്‍ പാര്‍ലമെന്റിലും തീവ്ര വലതുപക്ഷ പാര്‍ട്ടി വിജയിച്ചിരുന്നു. അതേസമയം ഇപ്പോള്‍ പരാജയപ്പെട്ടെങ്കിലും ഭാവിയില്‍ ഞങ്ങളുടെ വരവ് ആര്‍ക്കും തടയാനാവില്ലെന്ന് നേതാവ് മരീന്‍ ലീ പെന്‍ പറഞ്ഞു. ഫ്രഞ്ച് ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങലായിരുന്നു നാഷണല്‍ റാലി കൂടുതലായും ശ്രദ്ധിച്ചത്.












Click it and Unblock the Notifications