മൂന്ന് മാസം പോലും തികച്ചില്ല; അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് ഫ്രഞ്ച് പ്രധാനമന്ത്രി, സർക്കാർ വീണു
പാരീസ്: ഫ്രാൻസിൽ രാഷ്ട്രീയ അസ്ഥിരതയുടെ ആക്കം കൂട്ടി അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി മിഷേൽ ബാർണിയ. ഇതോടെ അധികാരം ഏറ്റെടുത്ത് മൂന്ന് മാസം തികയ്ക്കും മുൻപ് തന്നെ ബാർനിയ നേതൃത്വം നൽകുന്ന സർക്കാർ വീണു. ബുധനാഴ്‌ച സഭയിൽ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലാണ് ബാർണിയ പരാജയപ്പെട്ടത്. സെപ്റ്റംബർ അഞ്ചിനായിരുന്നു ബാർണിയ രാജ്യത്തെ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത്.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ഫ്രാൻസിനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഈ സംഭവ വികാസങ്ങൾ നടന്നത്. ഇതോടെ ഏറ്റവും കുറഞ്ഞ കാലം ഫ്രാൻസിൽ പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയെന്ന റെക്കോർഡ് മിഷേൽ ബാർണിയക്ക് സ്വന്തമാവും. ആറ് പതിറ്റാണ്ടുകൾക്ക് ഇടയിൽ ആദ്യമായാണ് ഫ്രാൻസിൽ ഒരു സർക്കാർ അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെടുന്നത്.

അവസാനമായി 1962ലാണ് ഫ്രാൻസിൽ അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് ഒരു സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങിയത്. ബജറ്റിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് മിഷേൽ ബാർണിയയുടെ സ്ഥാനം തെറിക്കാൻ കാരണമായത്. ബാർണിയക്ക് എതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ തീവ്ര വലതുപക്ഷവും ഇടതു പക്ഷവും ഒരുപോലെ കൈകോർത്തു എന്നതാണ് ശ്രദ്ധേയമായ കാര്യം.
അവിശ്വാസപ്രമേയത്തിൽ 331 എംപിമാരാണ് ബാർണിയർക്ക് എതിരെ വോട്ട് രേഖപ്പെടുത്തിയത്. ആകെ 288 വോട്ടുകൾ മാത്രമായിരുന്നു പ്രമേയം പാസാവാൻ വേണ്ടിയിരുന്നത്. ഇടത് പക്ഷമാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ തീവ്ര വലതുപക്ഷം ഇതിന് പിന്തുണ അറിയിച്ചതോടെയാണ് ബാർണിയർ സർക്കാരിന്റെ പതനം പൂർണമായത്.
നേരത്തെ 60 ബില്യൺ യൂറോ നികുതി വർധന, ചിലവ് ചുരുക്കൽ എന്നിവ ഉൾപ്പെടുത്തിയുള്ള ബാർണിയയുടെ ബജറ്റ് പാർലമെന്റിൽ വലിയ എതിർപ്പുകൾക്ക് വിധേയമായിരുന്നു. എന്നാൽ ഇവയെല്ലാം മറികടന്ന് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ടെടുപ്പില്ലാതെ ധനബിൽ പാസാക്കാനുള്ള ബാർണിയയുടെ നീക്കമാണ് നിലവിൽ അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്.
ഫ്രാൻസിലെ രാഷ്ട്രീയ അസ്ഥിരത യൂറോപ്യൻ യൂണിയനെയാവും ഏറ്റവുമധികം ബാധിക്കുക. ജർമ്മനിയിലെ സഖ്യ സർക്കാരിൽ ഉണ്ടായ പൊട്ടിത്തെറികളിൽ ആശങ്കപ്പെട്ട് നിൽക്കുന്നതിനിടെയാണ് യൂറോപ്യൻ യൂണിയനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഫ്രാൻസിൽ ഭരണകൂടം നിലംപതിക്കുന്നത്. ഫ്രാൻസിലാവട്ടെ ഏറെനാളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്ന കാര്യമാണ് ഇത്.
സാമ്പത്തിക കാര്യങ്ങളിൽ വലിയ പ്രതിസന്ധിയാണ് ഫ്രാൻസ് അഭിമുഖീകരിക്കുന്നത്. അടുത്തിടെ ഫ്രാൻസിന്റെ കടമെടുപ്പ് ഗ്രീസിനെ മറികടന്ന് കുതിച്ചിരുന്നു. ഇതോടെ നിക്ഷേപകർ അടക്കം ആശങ്കയിലാണ്. ഈ പ്രതിസന്ധി തുടരുന്നതിനിടെയാണ് സർക്കാർ വീഴുന്നത്. പുതിയ പ്രധാനമന്ത്രി വരുന്നത് വരെ ബാർണിയർ കാവൽ പ്രധാനമന്ത്രിയാവും എന്നാണ് കരുതുന്നത്. പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതും നിർണായകമാണ്.












Click it and Unblock the Notifications