ഗാസയിൽ വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിൽ; കാരണം ഇസ്രായേലിന്റെ നിലപാട്, പലസ്‌തീൻ ആരോപണം
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കൊണ്ട് വരാനുള്ള നീക്കങ്ങൾ അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. വെടിനിർത്തൽ സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മിലുള്ള പരോക്ഷ ചർച്ചകൾ പ്രദേശത്ത് സൈന്യത്തെ നിലനിർത്താനുള്ള ഇസ്രായേലിന്റെ നീക്കത്തെ തുടർന്ന് തടസപ്പെടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 21 മാസത്തിൽ അധികമായി നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തിന് ഉടൻ അറുതി വരില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്.
2023 ഒക്ടോബർ 7ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ശക്തമായ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച സംഘർഷം താൽക്കാലികമായി അവസാനിപ്പിക്കുന്നതിന് ധാരണയിലെത്താൻ ശ്രമിക്കുന്നതിനായി ഇരുവിഭാഗത്തിലെയും പ്രതിനിധികൾ കഴിഞ്ഞ ഞായറാഴ്‌ച ഖത്തറിൽ ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല സാഹചര്യം കൂടുതൽ വഷളാവുകയാണ് ഇപ്പോഴെന്നാണ് വിവരം.

60 ദിവസത്തെ വെടിനിർത്തലിന് കരാറിലെത്തിയാൽ, പിടിക്കപ്പെട്ടതും ഇപ്പോഴും തടവിൽ കഴിയുന്നതുമായ 10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസും ഇസ്രായേലും പറഞ്ഞിരുന്നു. എന്നാൽ കരാറിൽ ഇനിയും സമവായം അകലെയാണ്. എന്നാൽ ഗാസയിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കാൻ ഇസ്രായേൽ വിസമ്മതിക്കുന്നത് ഒരു കരാർ ഉറപ്പിക്കുന്നതിനുള്ള പുരോഗതിയെ പിന്നോട്ടടിക്കുന്നുവെന്ന് പലസ്‌തീനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
'ഇന്നലെ വരെ, ഒരു പിൻവാങ്ങൽ ഭൂപടം അവതരിപ്പിക്കണമെന്ന ഇസ്രായേൽ നിർബന്ധം പിടിച്ചതിനാൽ ദോഹയിലെ ചർച്ചകൾ തിരിച്ചടിയും സങ്കീർണ്ണമായ ബുദ്ധിമുട്ടുകളും നേരിടുന്നു. യഥാർത്ഥ പിൻവലിക്കലിനു പകരം ഇസ്രായേൽ സൈന്യത്തിന്റെ പുനർവിന്യാസത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും ഭൂപടമാണ് അവർ പങ്കുവച്ചത്' അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തൽ കരാർ നിലവിൽ വരാനായി ഇസ്രായേൽ സൈന്യത്തിന്റെ പൂർണ പിൻവാങ്ങലാണ് പലസ്‌തീൻ ആഗ്രഹിക്കുന്നത്. ഇരുപത് ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് ഹമാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് അനുകൂലമായല്ല ഇസ്രായേൽ പ്രതികരിക്കുന്നത്.
ഗാസയുടെ 40 ശതമാനത്തിലധികം പ്രദേശങ്ങളിൽ സേനയെ നിലനിർത്താൻ നിർദ്ദേശിക്കുന്ന ഒരു ഭൂപടം ഇസ്രായേൽ പ്രതിനിധി സംഘം ചർച്ചയിൽ അവതരിപ്പിച്ചതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഗാസ മുനമ്പിന്റെ പകുതിയോളം ഭാഗത്തെ അധിനിവേശം നിയമവിധേയമാക്കുകയും ഗാസയെ സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത ഒറ്റപ്പെട്ട മേഖലകളാക്കി മാറ്റുകയും ചെയ്യുന്നതാണ് ഇസ്രായേൽ നയമെന്ന് പലസ്‌തീൻ ആരോപിക്കുന്നു.
അതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്‌റ്റീവ് വിറ്റ്കോഫ് ദോഹയിൽ എത്തുന്നതുവരെ ചർച്ചകൾ മാറ്റിവയ്ക്കാൻ മധ്യസ്ഥർ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും ഗാസയ്ക്ക് കൂടുതൽ സഹായം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികളിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടന്നും വാർത്തകളുണ്ട്.
2023 ഒക്ടോബർ 7-ന്, ഹമാസിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഇസ്രായേലിനെതിരെ ഒരു അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. അതിൽ 815 സാധാരണക്കാർ ഉൾപ്പെടെ 1195 ഇസ്രായേലികളും വിദേശ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. രണ്ടാം വർഷത്തിൽ എത്തി നിൽക്കുമ്പോഴും ഇരു രാജ്യങ്ങൾക്കും ഇടയിൽ സമവായം കൈവന്നിട്ടില്ല.












Click it and Unblock the Notifications