ആഗോള ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്; ബാരലിന് 78 ഡോളറിലേക്ക് വീണു, യുഎസ്-ഇറാൻ കരാർ എഫക്റ്റ്!
ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ അയവ് വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 78 ഡോളറിനടുത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന കരാറിൽ ഒപ്പുവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് എണ്ണവില വീണ്ടും പശ്ചിമേഷ്യൻ സംഘർഷത്തിന് മുമ്പുണ്ടായിരുന്ന വില നിലവാരത്തിലേക്ക് അടുക്കാൻ തുടങ്ങിയത്.
ബുധനാഴ്‌ച രാത്രി ഫ്രാൻസിലെ വെർസൈൽസിൽ അമേരിക്ക-ഇറാൻ സമാധാന കരാറിന്റെ ഹാർഡ് കോപ്പിയിൽ ഒപ്പുവെച്ചതായി ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഈ കരാർ നിലവിലുള്ള വെടിനിർത്തൽ ധാരണ വിപുലീകരിക്കുന്നതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാരം തടസമില്ലാതെ തുടരുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ഇതിന് പിന്നാലെ പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് മൂന്ന് മാസത്തിലേറെയായി ഉയർന്ന നിലയിൽ തുടർന്നിരുന്ന എണ്ണവില ഇപ്പോൾ സംഘർഷത്തിന് മുമ്പുണ്ടായിരുന്ന നിലവാരത്തിലേക്ക് മടങ്ങുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ സംഘർഷത്തിന് മുമ്പ് ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 71 മുതൽ 72 ഡോളർ വരെയായിരുന്നു.
ഇന്നത്തെ എണ്ണവില
ഇന്ത്യൻ സമയം രാവിലെ എട്ട് മണി

അമേരിക്കൻ വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വിലയും വ്യാഴാഴ്‌ച 1.8 ശതമാനം ഇടിഞ്ഞ് ബാരലിന് 75.41 ഡോളറിലെത്തി. മുൻ വ്യാപാര ദിനത്തിൽ ഇത് 76.79 ഡോളറായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ എണ്ണവിലയിൽ ഇനിയും ഇടിവുണ്ടാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
സ്വർണവിലയെയും സ്വാധീനിക്കുന്നു
ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിലെ കോമെക്‌സ് ഗോൾഡ് വില അമേരിക്കൻ സമയം ബുധനാഴ്‌ച രാത്രി 9.49-ന് ഔൺസിന് 4,381.40 ഡോളറിൽ നിന്ന് 0.9 ശതമാനം കുറഞ്ഞ് 4,340.50 ഡോളറിലെത്തിയിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പ്രധാന പലിശനിരക്ക് 3.5 മുതൽ 3.75 ശതമാനം വരെ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച രാവിലെയും സ്വർണവില താഴ്ന്നു. അമേരിക്കയിൽ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഫെഡറൽ റിസർവിന്റെ ഈ നിലപാട് കൂടുതൽ വരുമാനം ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് മൂലധന പ്രവാഹം വർധിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഭൗമരാഷ്ട്രീയ സംഘർഷം ശമിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആകർഷണവും കുറയുകയാണ്. ഇതോടെ വിലക്കുറവ് തുടരാനാണ് സാധ്യതയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.













Click it and Unblock the Notifications