അന്റാർട്ടിക്കയിൽ സ്വർണവും വെള്ളിയും മറഞ്ഞിരിക്കുന്നു? മഞ്ഞ് നീങ്ങിയാൽ അറിയാം, 2300ൽ എളുപ്പമാവും!
കാലാവസ്ഥാ വ്യതിയാനം അന്റാർട്ടിക്കയുടെ ഭൂപടം തന്നെ മാറ്റിമറിക്കാൻ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2300-ഓടെ, പെൻസിൽവാനിയ സംസ്ഥാനത്തിന്റെ വലുപ്പമുള്ള ഒരു വലിയ പ്രദേശം മഞ്ഞുമൂടാതെയായി മാറുമെന്നാണ് കരുതുന്നത്. ഇത് ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രത്തിലും ഭൗമരാഷ്ട്രീയത്തിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്.
'നേച്ചർ ക്ലൈമറ്റ് ചേഞ്ച്' ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഈ വിഷയത്തിൽ പുതിയ വിവരങ്ങൾ നൽകുന്നുണ്ട്. മഞ്ഞുപാളികൾ പിൻവാങ്ങുന്നതിനനുസരിച്ച്, അവയുടെ ഭാരം കാരണം താഴ്ന്നിരുന്ന ഭൂപ്രദേശം എങ്ങനെയാണ് ഉയർന്നു വരുന്നത് ഇത്തരം ഭൂമേഖലയുടെ സാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്.

ഈ പ്രതിഭാസം കാലക്രമേണ വിലയേറിയ ധാതുസമ്പത്തുകളെ വെളിപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഇത് അന്റാർട്ടിക്കയെ നിലവിൽ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചേക്കാമെന്നും പഠനം പറയുന്നു. അത് ഒരുപക്ഷേ പലരും കരുതുന്നതിനും അപ്പുറത്തുള്ള ചില കണ്ടെത്തലുകൾ ആയിരിക്കാം.
അന്റാർട്ടിക്കയുടെ മഞ്ഞുപാളികൾക്ക് താഴെ പർവതങ്ങൾ, മലയിടുക്കുകൾ, താഴ്വരകൾ, അഗ്നിപർവതങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതിയുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുപാളികൾ സാവധാനം പിന്നോട്ട് മാറുമ്പോൾ, ഈ നിഗൂഢമായ ഭൂപ്രദേശങ്ങൾ വെളിപ്പെടും. അവിടെ നമ്മെ കാത്തിരിക്കുന്നത് പല അവിശ്വനീയമായ കാര്യങ്ങളും ആയിരിക്കും.
എന്നാൽ, ഇതുവരെ മഞ്ഞില്ലാത്ത ഭൂപ്രദേശങ്ങളെക്കുറിച്ചുള്ള മുൻകാല പഠനങ്ങൾ മഞ്ഞുപാളികളുടെ അതിരുകളിൽ വരുന്ന മാറ്റങ്ങൾ മാത്രമാണ് പരിഗണിച്ചിരുന്നത്. അതായത്, മഞ്ഞുപാളികളുടെ വലിപ്പത്തിലും വ്യാപനത്തിലുമുണ്ടാകുന്ന മാറ്റങ്ങളിലായിരുന്നു മുഖ്യ ശ്രദ്ധ. ഭൂമിയുടെ ഉയർച്ചയുടെ സ്വാധീനത്തെ ആദ്യമായി പരിഗണിക്കുന്നത് ഈ പഠനമാണ്.
2300-ഓടെ മഞ്ഞില്ലാത്തതായി മാറുമെന്ന് പ്രവചിച്ച പ്രദേശങ്ങളിൽ ചെമ്പ്, സ്വർണം, വെള്ളി, ഇരുമ്പ്, പ്ലാറ്റിനം തുടങ്ങിയ തന്ത്രപരമായി പ്രധാനപ്പെട്ട ധാതുക്കളുടെ നിക്ഷേപങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്. വ്യാവസായിക ഉൽപ്പാദനത്തിന് അത്യാവശ്യമായതും വലിയ സാമ്പത്തിക മൂല്യമുള്ളതുമായ ഈ ലോഹങ്ങൾ ഭാവിയിൽ ഏറെ പ്രസക്തമാവാം.
അർജന്റീന, ചിലി, യുകെ തുടങ്ങിയ രാജ്യങ്ങൾ അവകാശപ്പെടുന്ന ഭാഗങ്ങളിലാണ് അന്റാർട്ടിക്കയിൽ ഏറ്റവും കൂടുതൽ ഭൂമി പുറത്തുവരാൻ സാധ്യതയെന്നും, അവിടെയും ചെമ്പ്, സ്വർണം, വെള്ളി, ഇരുമ്പ് തുടങ്ങിയ ധാതുക്കളുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഇത്രയൊക്കെ ആണെങ്കിലും ഈ ഭൂഖണ്ഡം ധാതുവിഭവങ്ങൾ ഖനനം ചെയ്യുന്നതിന് ഇപ്പോഴും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരിക്കും.
നിലവിൽ അന്റാർട്ടിക്കയിൽ വാണിജ്യപരമായ ധാതു ഖനനം അനുവദനീയമല്ല. അന്റാർട്ടിക് ഉടമ്പടി അനുസരിച്ച്, ധാതുവിഭവങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശാസ്ത്രീയ ആവശ്യങ്ങൾക്കായി മാത്രം നടത്തുന്നതിന് ഒരു തടസവുമില്ല. എന്നാൽ വ്യാവസായികമായ ഖനനം ഉടമ്പടി നിരോധിക്കുന്നു. അത് പക്ഷേ ഭാവിയിൽ മാറിയേക്കാം.
മഞ്ഞുമറഞ്ഞ് കിടക്കുന്ന സ്വർണഖനികൾ തന്നെ അന്റാർട്ടിക്കയിൽ ഉണ്ടാവാമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതും സ്വർണം അടക്കമുള്ള അമൂല്യ ലോഹങ്ങൾക്ക് വില ഭാവിയിൽ ഇനിയും ഉയരുമെന്നതിനാൽ തന്നെ ഈ കണ്ടെത്തൽ കാര്യമായ മാറ്റമുണ്ടാക്കും. ബില്യൺ കണക്കിന് ഡോളറിന്റെ മൂല്യമുള്ള സ്വർണം ആയിരിക്കാം മനുഷ്യരെ കാത്ത് അന്റാർട്ടിക്കയിൽ ഉള്ളത്.












Click it and Unblock the Notifications