റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ തോക്കുധാരികളുടെ ആക്രമണം; പുരോഹിതൻ അടക്കം 15 പേർ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യയിൽ സിനഗോഗുകൾക്കും പള്ളികൾക്കും പോലീസ് പോസ്‌റ്റിനും നേരെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ പോലീസുകാരും ഒരു പുരോഹിതനുമടക്കം 15 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും മേഖലാ ഗവർണർ അറിയിച്ചു. നോർത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിലാണ് ഞായറാഴ്‌ച സംഭവം നടന്നത്.
ഡാഗെസ്താനിലെ ഏറ്റവും വലിയ നഗരമായ മഖച്കലയിലും തീരദേശ നഗരമായ ഡെർബെൻ്റിലും ഒരേസമയം ആക്രമണങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടന്നത് ഭീകരാക്രമണം ആണെന്നായിരുന്നു ഗവർണർ സെർജി മെലിക്കോവ് ആരോപിച്ചത്. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും സാധാരണക്കാരാണ്.

പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ, 40 വർഷത്തിലേറെയായി ഡെർബെന്റിൽ ജോലി ചെയ്‌തിരുന്ന ഒരു ഓർത്തഡോക്‌സ് പുരോഹിതനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും, അവരുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാണെന്നും ഗവർണർ സെർജി മെലിക്കോവ് പറയുകയുണ്ടായി, റഷ്യ-യുക്രൈൻ യുദ്ധത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ ഉൾപ്പെട്ട ആറ് ആക്രമണകാരികളെ നിർജീവമാക്കിയെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചാവേറുകൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തുമെന്നും വിദേശ ബന്ധം ഉൾപ്പെട പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി. റഷ്യയിലെ അന്വേഷണ സമിതി ഇതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരും തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ല.
അക്രമികളിൽ സെൻട്രൽ ഡാഗെസ്താനിലെ സെർഗോകല ജില്ലയുടെ തലവന്റെ രണ്ട് ആൺമക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഡെർബെൻ്റിൽ, സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും തീയിട്ടതായാണ് ബന്ധപ്പെട്ട അധികാരികളെ ഉദ്ധരിച്ചു പുറത്തുവരുന്ന റിപ്പോർട്ട്.
മോസ്കോയ്ക്കടുത്തുള്ള ഒരു കൺസേർട്ട് ഹാളിൽ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 145 പേർ കൊല്ലപ്പെട്ട് മൂന്ന് മാസത്തിന് ശേഷമാണ് പുതിയ സംഭവ വികാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഇടയിൽ റഷ്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. അതിന്റെ നടുക്കം മാറും മുൻപാണ് അടുത്ത ആക്രമണം രാജ്യത്ത് നടക്കുന്നത്.
കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഏതാണ്ട് രണ്ടര വർഷത്തോളം കഴിഞ്ഞിട്ടും ഇതുവരെ അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. ഇപ്പോഴും ഇരുഭാഗത്ത് നിന്നും ആക്രമണങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോഴുണ്ടായ ഈ വെടിവെപ്പ് ഉൾപ്പെടെ ഇതുമായി ചേർത്ത് വായിക്കാനാകും റഷ്യയുടെ ശ്രമം.












Click it and Unblock the Notifications