എച്ച് 1ബി വിസ ദുരുപയോഗം; മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനിളെ ഗ്രീൻ കാർഡ് പദ്ധതികളിൽ നിന്ന് ഒഴിവാക്കി യുഎസ്

ന്യൂയോർക്ക്: യുഎസിലെ ഗ്രീൻ കാർഡ് നടപടികളുമായി ബന്ധപ്പെട്ട പ്രധാന തൊഴിൽ സർട്ടിഫിക്കേഷൻ പദ്ധതിയിൽ നിന്ന് മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള നിരവധി വൻകിട ഐടി കമ്പനികളെ സർക്കാർ സസ്പെൻഡ് ചെയ്‌തു. എച്ച് വൺ ബി വിസ സംവിധാനം ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, കോഗ്നിസന്റ്, എച്ച്‌സിഎൽ, ക്യാപ്ജെമിനി, അഡോബി തുടങ്ങിയ കമ്പനികളെയും പദ്ധതിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

അമേരിക്കൻ തൊഴിൽ വകുപ്പിന്റെ സ്ഥിരം തൊഴിൽ സർട്ടിഫിക്കേഷൻ പദ്ധതിയിലാണ് നടപടി. വിദേശ തൊഴിലാളികൾക്ക് തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ് സാധാരണയായി ഈ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഇതിനായി ഒരു പ്രത്യേക ജോലിക്ക് യോഗ്യരും ജോലി ചെയ്യാൻ തയ്യാറുമായ അമേരിക്കൻ തൊഴിലാളികളെ ലഭ്യമല്ലെന്ന് തൊഴിലുടമ തെളിയിക്കേണ്ടതുണ്ട്.

h 1b visa

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെ കമ്പനി ആയിരക്കണക്കിന് എച്ച് വൺ ബി വിസകളും ഗ്രീൻ കാർഡ് നടപടികളും നേടിയെന്നാണ് അദ്ദേഹം ആരോപിച്ചത്. അമേരിക്കൻ തൊഴിലാളികളെ മാറ്റിനിർത്തി കുറഞ്ഞ ചെലവിലുള്ള വിദേശ തൊഴിലാളികളെ ഉപയോഗിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

തൊഴിൽ സെക്രട്ടറി കീത്ത് സോണ്ടർലിങ് ആണ് മറ്റ് ഐടി കമ്പനികൾക്കെതിരായ നടപടിയും പ്രഖ്യാപിച്ചത്. കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ, വിപ്രോ, എച്ച്‌സിഎൽ, ക്യാപ്ജെമിനി എന്നിവയെ പദ്ധതിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തതായി അദ്ദേഹം അറിയിച്ചു. മൈക്രോസോഫ്റ്റിനും അഡോബിക്കും എതിരെ ഒന്നിലധികം ഫെഡറൽ അന്വേഷണങ്ങൾ നടക്കുന്നതിനാലാണ് അവർക്കെതിരെയും നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

സസ്പെൻഷൻ കാലയളവിൽ ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയതും നിലവിൽ പരിഗണനയിലുള്ളതുമായ തൊഴിൽ സർട്ടിഫിക്കേഷൻ അപേക്ഷകൾ സ്വീകരിക്കുകയോ നടപടിയെടുക്കുകയോ ചെയ്യില്ലെന്ന് അമേരിക്കൻ തൊഴിൽ വകുപ്പ് അറിയിച്ചു. ഇതോടെ ഈ കമ്പനികളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ഗ്രീൻ കാർഡ് നടപടികളിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്.

എന്നാൽ എച്ച് വൺ ബി വിസ തന്നെ അമേരിക്ക നിർത്തിവച്ചിട്ടില്ല. നിലവിലുള്ള എച്ച് വൺ ബി വിസ സ്വയമേവ റദ്ദാകുന്നതോ തൊഴിലാളികൾക്ക് ഉടൻ ജോലി നഷ്‌ടപ്പെടുന്നതോ അല്ല ഈ നടപടി. പ്രധാനമായും സ്ഥിര താമസത്തിനായുള്ള ഗ്രീൻ കാർഡ് നടപടിയിലെ തൊഴിൽ സർട്ടിഫിക്കേഷൻ ഘട്ടത്തെയാണ് തീരുമാനം ബാധിക്കുന്നത്.

ഇന്ത്യൻ ഐടി മേഖലയെ സംബന്ധിച്ചിടത്തോളം നടപടി ഏറെ പ്രധാനമാണ്. ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, എച്ച്‌സിഎൽ, കോഗ്നിസന്റ് തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കയിലെ തൊഴിൽ അടിസ്ഥാനത്തിലുള്ള കുടിയേറ്റ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ജീവനക്കാർക്ക് നടപടിക്രമങ്ങളിൽ കൂടുതൽ വൈകൽ ഉണ്ടാകാം.

അമേരിക്കൻ ഭരണകൂടം എച്ച് വൺ ബി വിസ സംവിധാനത്തിലെ നിയമലംഘനങ്ങളും വിദേശ തൊഴിലാളികളെ നിയമിക്കുന്ന രീതികളും കൂടുതൽ ശക്തമായി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ വരുന്നത്. സെപ്റ്റംബറിൽ പുറത്തിറക്കിയ ഉത്തരവിലും അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനും എച്ച് വൺ ബി സംവിധാനത്തിലെ ദുരുപയോഗം പരിശോധിക്കുന്നതിനും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma