Happy Easter:ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണം: മാർപ്പാപ്പയുടെ ഈസ്റ്റർ സന്ദേശം
റോം: ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാർപ്പാപ്പ. ഈസ്റ്റർ ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈനെയും അവിടുത്തെ ജനതയെയും രക്തസാക്ഷികൾ എന്നും മാർപ്പാപ്പ വിശേഷിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയത്തില്‍ ഏകദേശം 8,000 ആളുകൾക്ക് മുമ്പായി വായിച്ച തന്റെ പ്രസംഗത്തിൽ, ഇന്ന് പലരും അനുഭവിക്കുന്ന കയ്പിനെയും നിരാശയെയും കുറിച്ചും ഫ്രാൻസിസ് മാർപ്പാപ്പ പരാമർശിച്ചു. "തിന്മയുടെ ശക്തി, ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘർഷങ്ങൾ, സമൂഹത്തിൽ നിലനിൽക്കുന്ന കണക്കുകൂട്ടലുകളുടെയും നിസ്സംഗതയുടെയും മനോഭാവം, അഴിമതിയുടെ ക്യാൻസർ, അനീതിയുടെ വ്യാപനം, യുദ്ധത്തിന്റെ മഞ്ഞുവീഴ്ചയുള്ള കാറ്റ് എന്നിവയ്ക്ക് മുന്നിൽ നമുക്ക് നിസ്സഹായതയും നിരുത്സാഹവും തോന്നിയേക്കാം." -മാർപ്പാപ്പ പറഞ്ഞു.

എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത മാർപ്പാപ്പ, 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം, ഉക്രെയ്നിനെയും അവിടുത്തെ ജനങ്ങളെയും "രക്തസാക്ഷികൾ" എന്ന് പരാമർശിച്ചത് വീണ്ടും ആവർത്തിച്ചു. പ്രതീക്ഷയുടെ കിണർ വറ്റിയതായി ആളുകൾക്ക് തോന്നുമ്പോഴും, പരാജയത്തിന്റെ ബോധത്തിൽ മരവിക്കുകയല്ല, മറിച്ച് ദൈവത്തിന്റെ സഹായത്താൽ ഒരു "ആന്തരിക ഉയിർത്തെഴുന്നേൽപ്പ്" തേടുകയാണ് പ്രധാനം. അത് എല്ലാവരിലും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
"ക്രിസ്തു ഉയിർത്തെഴുന്നേറ്റു ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ചതിനാൽ, പരാജയബോധം ഉപേക്ഷിച്ച് ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു," ഫ്രാൻസിസ് കൂട്ടിച്ചേർത്തു. പ്രത്യാശയോടെ മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് ഈസ്റ്ററെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. അതേസമയം, കടുത്ത തണുപ്പും അനാരോഗ്യവും മൂലം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്ക്ക് പുറത്തുള്ള ചടങ്ങുകളിൽ നിന്ന് മാർപാപ്പ വിട്ടുനിന്നു.
അതേസമയം, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പടേയുള്ളവർ ഈസ്റ്റർ ദിന സന്ദേശം പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലില്‍ സന്ദർശനം നടത്തും. ആര്‍ച്ച്ബിഷപ് അനിൽ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും. കേരളത്തിലും വടക്ക് കിഴക്കൻ മേഖലയിലും അടക്കം ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് കൂടുതൽ അടുപ്പിക്കാൻ ഉള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗം കൂടിയായിട്ടാണ് ഈ സന്ദർശനത്തെ കാണുന്നത്.
Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍
പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കാം. ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.












Click it and Unblock the Notifications