ത്യാഗത്തിന്റെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും പ്രതീകം; മക്കളുടെ ആദ്യ 'ഹീറോ', നേരാം ഫാദേഴ്‌സ് ഡേ ആശംസകൾ
ലോകത്തിലെ കവികളെല്ലാം പാടി പുകഴ്ത്തിയിട്ടുള്ളതിൽ ഏറെയും അമ്മമാരുടെ സ്നേഹത്തെ കുറിച്ചാണ്. ഭൂമി ദേവിയോളം ക്ഷമയുള്ള അമ്മമാരുടെ സ്നേഹത്തിന്റെ ആഴത്തെ കുറിച്ച് പറയുമ്പോൾ പലരും മനപൂർവ്വമല്ലാതെ മറന്നുപോവുന്ന ഒരു പേരുണ്ട്, അച്ഛൻ. ഒരു കുട്ടിയുടെ ജനനം മുതൽ അവൻ സ്വന്തം കാലിൽ നിൽക്കുന്നത് വരെയും അവന് എല്ലാം നൽകുന്ന പിതാക്കൻമാർ എന്നും നമ്മൾക്ക് ഒരു അത്ഭുതം തന്നെയാണ്.
എങ്കിലും അമ്മമാരുടെ അത്രയും പ്രാധാന്യം ചിലപ്പോൾ അച്ഛന്മാർക്ക് ലഭിക്കാറില്ല എന്നതാണ് വാസ്‌തവം. അതിന്റെ പ്രധാന കാരണം മക്കളുമായി അധികം ഇടപഴകാൻ പല പിതാക്കന്മാർക്കും സാധിക്കാറില്ല എന്നതാണ്. മക്കൾ ഒക്കെ ആവുമ്പോഴേക്കും ചിലവ് കൂടുന്നത് കൊണ്ട് തന്നെ പലരും വിദേശത്തേക്ക് ജോലി തേടി പോവുകയും അന്യനാടുകളിലേക്ക് മാറുകയും ഒക്കെ ചെയ്യുന്നത് കൊണ്ട് കൂടിയുമാണ് ഇത്.

വേണ്ടത്ര അംഗീകാരം അച്ഛന്മാർക്ക് ലഭിക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നായിരിക്കും ഉത്തരം. മക്കൾക്ക് കൂടുതൽ കമ്മ്യൂണിക്കേഷൻ ഉണ്ടാവുക കൂടുതലും അമ്മമാരോടാണ്. അക്കാരണത്താൽ തന്നെ പിതാവിനോട് ചെറുപ്പം മുതൽ മാനസികമായ അടുപ്പം കുറവുള്ള കുട്ടികൾ ഒരുപാടുണ്ട്. ഇത് പല വീടുകളിലെയും യഥാർത്ഥ സാഹചര്യമാണ്.
എന്നാൽ അങ്ങനെയുള്ള കഷ്‌ടത അനുഭവിക്കുന്ന, ത്യാഗം സഹിക്കുന്ന പിതാക്കന്മാർക്ക് വേണ്ടിയാണ് ലോക പിതൃദിനം ആഘോഷിക്കുന്നത്. നമ്മുടെയൊക്കെ പിതാക്കന്മാരുടെ സഹനത്തിന്റെ കൂടി ഓർമപ്പെടുത്തലാണ് ഇതെന്ന് പ്രത്യേകം ഓർമ്മിക്കണം. എന്താണ് പിതൃദിനത്തിന്റെ പ്രാധാന്യമെന്നും അതിന്റെ പ്രത്യേകതകൾ എന്നും നോക്കാം.
ഇത്തവണത്തെ ലോക പിതൃദിനം എപ്പോൾ?
ഇക്കുറി ജൂൺ 15 ഞായറാഴ്‌ചയാണ് പിതൃദിനമായി ആഘോഷിക്കുന്നത്. എല്ലാ ജൂൺ മാസത്തിലെയും മൂന്നാമത്തെ ഞായറാഴ്‌ച എന്ന കണക്കിലാണ് ഇത് കൊണ്ടാടുന്നത്. ഇന്നേ ദിവസം ആഗോള തലത്തിൽ തന്നെ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ട പിതാവിന് വേണ്ടി ആവുന്നതെല്ലാം ചെയ്യുകയും അവരുടെ ത്യാഗത്തിന്റെ സ്‌മരണ പുതുക്കുകയും അവരോടൊപ്പം ചിലവഴിക്കുകയുമാണ് ചെയ്യാറുള്ളത്.

പിതൃദിനത്തിന്റെ ചരിത്രം
1910-ൽ യുഎസിലാണ് ഇതിന്റെ തുടക്കം. മാതൃദിനത്തെ കുറിച്ചുള്ള ഒരു പ്രസംഗമാണ് പിതൃദിനമെന്ന ആശയം സൊണോറ സ്‌മാർട്ട് ഡോഡാ എന്ന പെൺകുട്ടിയിൽ ജനിപ്പിച്ചത്. തന്നെയും തന്റെ സഹോദരങ്ങളെയും അമ്മയുടെ ഒരു കുറവും അറിയിക്കാതെ നന്നായി വളർത്തിയ അച്ഛൻ വില്യം സ്‌മാർട്ടിനെ പോലെയുള്ള പിതാക്കന്മാർക്കായി ഒരു ദിനം വേണമെന്ന് സൊണേറ തീരുമാനിച്ചു. അവിടെ നിന്നാണ് ഇതിന്റെ തുടക്കം.
പിന്നീട് ഇതിനായി ഡോണേറ തന്നെ മുന്നിയിട്ടിറങ്ങുകയും പ്രചാരണം വ്യാപകമായി ആരംഭിക്കുകയും ചെയ്‌തിരുന്നു. അങ്ങനെ 1910 ജൂൺ 19ന് സൊണോറയുടെ നേതൃത്വത്തിൽ ആദ്യമായി പിതൃദിനം ആചരിക്കപ്പെട്ടു. സൊണോറയുടെ ആഗ്രഹം പോലെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ അതിന് വലിയ പ്രചാരവും ലഭിച്ചു. പിന്നീട് 1972ൽ ഐക്യരാഷ്ട്രസഭയിൽ പിതൃദിനത്തിന് ഔദ്യോഗിക അംഗീകാരവും കിട്ടി.
പിതൃദിന ആശംസകൾ
ജീവിതത്തിൽ എന്റെ വഴികാട്ടിയും ഉപദേശകനും സുഹൃത്തും ഒക്കെയായ അച്ഛന്, പിതൃദിനാശംസകൾ നേരുന്നു
നിങ്ങൾ എന്നോട് പങ്കിട്ട എല്ലാ അറിവുകൾക്കും സ്നേഹത്തിനും ഞാൻ എന്നും നന്ദിയുള്ളവനാണ്, പ്രിയപ്പെട്ട അച്ഛന് പിതൃദിന ആശംസകൾ
നിങ്ങളുടെ സ്നേഹവും വിലപ്പെട്ട സമയവും അതിനൊപ്പം അചഞ്ചലമായ പിന്തുണ നൽകി എല്ലാത്തിലും മികച്ചത് എനിക്ക് തന്ന മനുഷ്യന് പിതൃദിനാശംസകൾ!

ഈ പിതൃദിനം വിശ്രമത്തിന്റെയും ചിരിയുടെയും ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹത്തിന്റെയും നിമിഷങ്ങൾ കൊണ്ട് നിറയുമാറാവട്ടെ
ഞങ്ങൾ മക്കൾക്ക് വേണ്ടി എല്ലാം ശരിയാക്കാനും ഉപദേശം നൽകാനും നമ്മെ ചിരിപ്പിക്കാനും കഴിയുന്ന പ്രിയപ്പെട്ട അച്ഛന് ഹൃദയം നിറഞ്ഞ ഫാദേഴ്‌സ് ഡേ ആശംസകൾ.












Click it and Unblock the Notifications