Mother's Day Malayalam Wishes: പരിശുദ്ധ സ്നേഹത്തിന്റെ ഉറവിടം; അമ്മമാർക്കായി ഒരുനാൾ, നേരാം മാതൃദിന ആശംസകൾ
എല്ലാ സ്ത്രീകളിലും അമ്മമാരുണ്ട്, അതൊരു വാസ്‌തവമാണ്. 'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല' എന്നത് കേവലമൊരു സിനിമാ ഡയലോഗ് എന്നതിലുപരി ഒരുപാട് അർത്ഥതലങ്ങൾ നമുക്ക് മുന്നിലേക്ക് ഇട്ടുതരുന്ന വാചകമാണ്. ഒരുപക്ഷേ അമ്മമാരേ പോലെ നിസ്വാർത്ഥമായി നമ്മെ സ്നേഹിക്കാൻ ഭൂമിയിൽ മറ്റൊരാൾക്കും സാധിക്കില്ലെന്നതാണ് സത്യം. യാതൊരു വിധത്തിലുള്ള നേട്ടങ്ങളും പ്രതീക്ഷിക്കാതെ മറ്റാർക്ക് നമ്മെ ഇതുപോലെ സ്നേഹിക്കാൻ കഴിയും?
ആർക്കും കഴിയില്ലെന്നതാണ് യാഥാർഥ്യം. ലോകത്ത് ഏത് കോണിൽ ആയാലും അമ്മമാർക്ക് എന്നും ഒരേ സ്വരമാണ്, ഒരേ മനസാണ്. ഒരു കുഞ്ഞ് വളർന്ന് വലുതായാലും എന്നും അതുപോലെ തന്നെ സ്നേഹവും വാത്സല്യവും പകർന്നുനൽകാൻ അമ്മമാർക്ക് മാത്രമേ കഴിയൂ. നൂറ് മക്കളെയും ഒരുപോലെ പരിപാലിച്ച ഗാന്ധാരിയും, കൗമാരത്തിൽ കളഞ്ഞുപോയ മകനായ കർണ്ണനെ ഓർത്ത് കണ്ണീരൊഴുക്കുന്ന കുന്തീദേവിയും ഒക്കെ ഭാരതീയ മാതൃപരമ്പര്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.

അമ്മമാരുടെ സ്‌നേഹം അടയാളപ്പെടുത്താനായി ഒരുദിനം ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല. വർഷത്തിൽ ഏത് ദിനവും അവർക്ക് ഒരുപോലെയാണ്. എന്നാൽ അവർ നമുക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെയും നിസ്വാർത്ഥമായ സേവനത്തെയും ഓർത്തുകൊണ്ട് അവരെ സ്‌മരിക്കാൻ ഒരുദിനം ആവശ്യമാണ്, അതാണ് മാതൃദിനം. ലോകമെമ്പാടും ഇക്കുറി മെയ് പതിനൊന്നിനാണ് മാതൃദിനമായി കൊണ്ടാടുന്നത്.
മാതൃദിനം: ചരിത്രവും പ്രത്യേകതകളും
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ചയാണ് ആഗോള തലത്തിൽ മാതൃദിനമായി ആഘോഷിച്ചു വരുന്നത്. പണ്ട് പുരാതന കാലത്ത്, ഗ്രീക്കുകാരും റോമാക്കാരും റിയ, സൈബെലെ തുടങ്ങിയ മാതൃദേവതകളെ ആരാധിക്കുന്ന ഉത്സവങ്ങള്‍ നടത്തി വന്നിരുന്നു. മാതൃത്വത്തിനുവേണ്ടി സമര്‍പ്പിക്കുന്നതായിരുന്നു ഈ ആഘോഷവേളകൾ. അവിടെയായിരുന്നു മാതൃദിനമെന്ന ആശയത്തിന്റെ തുടക്കം.
പിന്നീട് അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകയായ അന്ന ജാര്‍വിസാണ് ആധുനിക മാതൃദിനം ആഘോഷിക്കുന്നതിന് ആദ്യമായി തുടക്കമിട്ടത്. 1905ല്‍ സ്വന്തം അമ്മയുടെ മരണശേഷം അമ്മമാരെ ആദരിക്കുന്നതിനായി ഒരു ദേശീയ അവധി ദിനം വേണമെന്നാവശ്യപ്പെട്ട് അവര്‍ ക്യാമ്പയിനുകൾ നടത്തുകയായിരുന്നു.

കൂടുതൽ പേർ ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ അങ്ങനെ 1914ല്‍ എല്ലാ മെയ് മാസത്തിലെയും രണ്ടാമത്തെ ഞായറാഴ്‌ച മാതൃദിനമായി ആഘോഷിക്കണമെന്നുള്ള പ്രഖ്യാപനത്തില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ ഒപ്പുവച്ചു. അതിനുശേഷമാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ മാതൃദിനം ആഘോഷിക്കാൻ തുടങ്ങിയത്.
മാതൃദിനത്തിന്റെ പ്രാധാന്യം?
ശരിക്കും പറഞ്ഞാൽ അമ്മമാർ നമുക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെ ഓർക്കാനും അവർ നൽകുന്ന സ്നേഹത്തിന് നന്ദി പ്രകടിപ്പിക്കാനും നിസ്വാർത്ഥ സേവനത്തിന് കടപ്പാടറിയിക്കാനും ഒക്കെയാണ് മാതൃദിനം എന്ന ആശയം കൊണ്ട് വന്നത്. ഈ ദിനം എല്ലാവരും തങ്ങളുടെ മാതാവിനെ ഓർക്കാനും അവരെ പരിചരിക്കാനും അവർക്ക് നന്ദി അറിയിക്കാനും ഉപയോഗപ്പെടുത്തുന്നു.
മാതൃദിന ആശംസകൾ
എന്റെ ലോകത്തെ എല്ലാ ദിവസവും പ്രകാശപൂരിതമാക്കുന്ന പ്രിയപ്പെട്ട അമ്മയ്ക്ക് മാതൃദിനാശംസകൾ.
ഞങ്ങളുടെ ഹൃദയത്തിന്റെ രാജ്ഞിക്ക്, മാതൃദിനാശംസകൾ നേരുന്നു!
എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി അമ്മേ. നിങ്ങളെ ഞാൻ അത്രയധികം സ്നേഹിക്കുന്നു, മാതൃദിനാശംസകൾ!
ലോകത്തിലെ ഏറ്റവും മികച്ച അമ്മയാണ് നിങ്ങൾ. മാതൃദിനാശംസകൾ!
ഞാൻ ഞാനായി തന്നെയിരിക്കുന്നതിന്റെയെല്ലാം അടിസ്ഥാനം അമ്മയുടെ സ്നേഹമാണ്. എന്റെ ശക്തിയുടെ തൂണായതിന് നന്ദി. മാതൃദിനാശംസകൾ!
നിങ്ങൾ എന്റെ ആദ്യത്തെ വീടാണ്, എന്റെ എക്കാലത്തെയും വലിയ സുഹൃത്താണ്.

ഇക്കാലമത്രയും എന്നെ സ്നേഹിക്കാനും പരിപാലിക്കാനും സമയം കണ്ടെത്തിയതിന് നന്ദിയുണ്ട്, മാതൃദിനാശംസകൾ.
എന്റെ വഴികാട്ടിയായതിന് നന്ദി, മാതൃദിനാശംസകൾ!
നിങ്ങളുടെ ഓരോ ത്യാഗത്തിനും, ഓരോ ആലിംഗനത്തിനും, ഓരോ വാക്കിനും നന്ദി.












Click it and Unblock the Notifications