നസ്രല്ലയുടെ പിന്‍ഗാമിയെ കാണാനില്ല; ഇസ്രായേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു, കൊലപ്പെട്ടോ?
ബെയ്‌റൂട്ട്: ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസന്‍ നസ്രല്ലയ്ക്ക് പകരക്കാരനെ ഇസ്രായേല്‍ ആക്രമണത്തില്‍ കാണാതായി. വെള്ളിയാഴ്ച്ച മുതല്‍ നസ്രുല്ലയുടെ പകരക്കാരനെ കാണാനില്ലെന്ന് ലെബനീസ് സുരക്ഷ വൃത്തങ്ങള്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. നേരത്തെ ഈ നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അതിന് ശേഷമാണ് കാണാതായത്.
ബെയ്‌റൂട്ടിലെ ദക്ഷിണ മേഖലയില്‍ ഇസ്രായേല്‍ അടുത്തിടെ കണ്ട ഏറ്റവും വലിയ ആക്രമണമാണ് നടത്തിയത്. വ്യാഴാഴ്ച്ചയായിരുന്നു ആക്രമണം. അണ്ടര്‍ഗ്രൗണ്ട് ബങ്കറില്‍ ഒളിച്ചിരുന്ന ഹാഷിം സഫീദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

സഫീദിനെതിരെയുള്ള ആക്രമണത്തില്‍ ഇതുവരെ ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല. അതേസമയം ദഹിയേഹിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് അടക്കം എത്തുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ലെബനീസ് സുരക്ഷാ സേന അറിയിച്ചിരുന്നു. സൈന്യം രാത്രിയില്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ഇസ്രായേല്‍ ലെഫ്. കേണല്‍ നദാവ് ശോഷാനി പറഞ്ഞു.
ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ആസ്ഥാനത്തെയാണ് ഇസ്രായേല്‍ സൈന്യം ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹിസ്ബുല്ലയ്ക്കും ഇറാനും നസ്രല്ലയുടെ പകരക്കാരനെ നഷ്ടമായത് വലിയ തിരിച്ചടിയാണ്. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതിലൂടെ ഹിസ്ബുല്ലയ്ക്ക് കനത്ത നഷ്ടങ്ങളാണ് ഇതുവരെ നേരിട്ടത്.
അണ്ടര്‍ഗ്രൗണ്ടിലുള്ള ബങ്കറില്‍ സഫീദിനും ഹിസ്ബുല്ല നേതാക്കളും സുപ്രധാന യോഗം ചേര്‍ന്നപ്പോഴാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. നസ്രല്ല കൊല്ലപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇത്. ആക്രമണത്തില്‍ ഗുരുതരമായി സഫീദിന് പരുക്കേറ്റിരുന്നതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സഫീദിന്‍ മരിച്ചോ ജീവനോടെയുണ്ടോ എന്ന കാര്യം ഹിസ്ബുല്ലയോ ഇസ്രായേല്‍ സൈന്യമോ സ്ഥിരീകരിച്ചിട്ടില്ല.
യുഎസ് തീവ്രവാദിയായി വിശേഷിപ്പിക്കുന്ന ഹിസ്ബുല്ല നേതാവാണ് സഫീദിന്‍. ഹിസ്ബുല്ലയുടെ രാഷ്ട്രീയ-സൈനിക നീക്കങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. ഹസന്‍ നസ്രല്ലയുടെ ബന്ധു കൂടിയാണ് സഫീദിന്‍.
ഇറാനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു സഫീദിന്‍. സംഘടനയിലെ നേതൃത്വ കൗണ്‍സിലുകളില്‍ നിര്‍ണായക റോള്‍ നസ്രല്ല സഫീദിന് നല്‍കിയിരുന്നു. ഹിസ്ബുല്ലയുടെ ശബ്ദമായി പൊതുമധ്യത്തിലുണ്ടായിരുന്നതാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പല ഘട്ടങ്ങളിലും ഹിസ്ബുല്ലയുടെ വക്താവായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുതിര്‍ന്ന സൈനിക നേതൃത്വത്തിലെ പല നേതാക്കളും ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുരെ കൊലപ്പെട്ടിട്ടുണ്ട്.
1.2 മില്യണ്‍ ആളുകള്‍ക്ക് ലെബനനില്‍ വീടുകള്‍ നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്നുവെന്നാണ് ലെബനീസ് അധികൃതര്‍ പറയുന്നത്. ശനിയാഴ്ച്ച പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി പിന്നീട് ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications