അരാംകോ റിഫൈനറികള്‍ക്ക് നേരെ ഹൂത്തി ഡ്രോണ്‍ ആക്രമണം, റിയാദും ജിദ്ദയും വിറച്ചു, സഖ്യത്തിന് മറുപടി
റിയാദ്: യെമനിലെ പോരാട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദി അറേബ്യക്ക് മറുപടി നല്‍കി ഹൂത്തികള്‍. സൗദിയിലെ വിവിധ നഗരങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ വ്യക്തമാക്കി. എന്നാല്‍ സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹൂത്തികള്‍ക്കെതിരെ അറബ് സഖ്യം നടത്തിയ വ്യാപക ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഹൂത്തികള്‍ തിരിച്ചടിച്ചത്.
സൗറി അരാംകോ കേന്ദ്രങ്ങള്‍ക്കെതിരെ അടക്കം തിരിച്ചടിച്ചുവെന്നാണ് ഹൂത്തികള്‍ അവകാശപ്പെടുന്നത്. അതേസമയം യെമനിലെ പോരാട്ടം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് സൗദി.

14 ഡ്രോണുകള്‍ ചേര്‍ന്നാണ് സൗദിയിലെ വിവിധ നഗരങ്ങളില്‍ ആക്രമണം നടത്തിയത്. ജിദ്ദയിലെ അരാംകോ റിഫൈനറികളിലും ആക്രമണം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. യെമനില്‍ സൈനിക ഓപ്പറേഷന്റെ ഭാഗമായി സൗദി നടത്തിയ ആക്രമണമാണ് ഹൂത്തികളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ഹൂത്തി സൈനിക വക്താവ് യഹ്യ സാരീ ടിവിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയാണ് ഇക്കാര്യം അറിയിച്ചത്. അരാംകോ റിഫൈനറികള്‍ക്ക് പുറമേ റിയാദ്, ജിദ്ദ, അഭ, ജിസാന്‍, നജ്രാന്‍ തുടങ്ങിയ നഗരങ്ങളെയും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യഹ്യ പറഞ്ഞു.

യെമനില്‍ സൗദിയും അറബ് സഖ്യവും നടത്തുന്ന കുറ്റകൃത്യങ്ങളുടെയും ഭീകരവാദ പ്രവര്‍ത്തനത്തിന്റെയും മറുപടിയാണ് ഈ ആക്രമണങ്ങളെന്ന് യഹ്യ സാരീ പറഞ്ഞു. എന്നാല്‍ അവകാശവാദങ്ങളില്‍ പിഴവുകളും ഉണ്ട്. ജിദ്ദ വിമാനത്താവളത്തിന്റെ തെറ്റായ സ്ഥലമാണ് യഹ്യ പരാമര്‍ശിച്ചത്. സൗദിയോ അറബ് സഖ്യമോ ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. യെമനില്‍ സൗദി നടത്തിയ ആക്രമണത്തില്‍ ആയുധങ്ങളുടെ ഡിപ്പോ, എയര്‍ ഡിഫന്‍സ് സിസ്റ്റം, ഡ്രോണ്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവ തകര്‍ത്തെന്ന് സഖ്യം അവകാശപ്പെട്ടു. തലസ്ഥാന നഗരിയായ സനായിലും ഷാദ, മാരിബ് പ്രവിശ്യകളിലുമാണ് ആക്രമണം നടത്തിയത്.

അതേസമയം ഹൂത്തികള്‍ ഇടയ്ക്കിടെ സൗദി മേഖലകളില്‍ റോക്കറ്റ്-ഡ്രോണ്‍ ആക്രമണം നടത്തിയതായി അവകാശപ്പെടാറുണ്ട്. സൗദിക്ക് യെമനിലെ പോരാട്ടത്തില്‍ തുടരാന്‍ വലിയ താല്‍പര്യമില്ല. പകരം സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനാണ് സൗദി താല്‍പര്യപ്പെടുന്നത്. തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് ഹൂത്തികള്‍ അവകാശപ്പെടുന്നത് സൗദിയെ ആശങ്കപ്പെടുത്തുന്നുണ്ട്. അവരുടെ സൈനിക ശക്തിയെ ദുര്‍ബലമാക്കി കാണിക്കാന്‍ ഇതിലൂടെ സാധിക്കും. അതാണ് യെമനില്‍ നിന്ന് പിന്‍മാറാന്‍ സൗദി ആലോചിക്കുന്നതിന് കാരണം. അന്താരാഷ്ട്ര തലത്തില്‍ യെമനിലെ ഇടപെടലില്‍ വ്യാപക വിമര്‍ശനവും അറബ് സഖ്യം നേരിടുന്നുണ്ട്.

ജനവാസ മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നതും, സൗദിയുടെ വികസന കേന്ദ്രങ്ങളെ തകര്‍ക്കുന്നതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. നോക്കിയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ആക്രമണങ്ങളും ഹൂത്തികള്‍ക്കെതിരെ വന്നേക്കാം. അതേസമയം ലോകത്തെ തന്നെ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധിയാണ് യെമന്‍ നേരിടുന്നത്. 2014 മുതല്‍ അക്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഹൂത്തികളുടെ നിയന്ത്രണത്തിലായിരുന്നു രാജ്യം. 2015ല്‍ ഹൂത്തികള്‍ക്ക് നേരെ സൗദി സഖ്യം ആക്രമണം തുടങ്ങിയതോടെ രാജ്യം വന്‍ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു. 2,33000 പേര്‍ ഇതുവരെ യെമനില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

സൗദിയും ഇറാനും തമ്മിലുള്ള പ്രോക്‌സി യുദ്ധത്തിലേക്കാണ് യെമനിലെ സംഘര്‍ഷം എത്തിയത്. ഹൂത്തികളെ ഇറാന്‍ ആയുധങ്ങള്‍ അടക്കം നല്‍കി സഹായിക്കുന്നുണ്ട്. യുഎന്നും യുഎസ്സും യെമനില്‍ വെടിനിര്‍ത്തലിനായി പലതവണ ഇടപെട്ടിട്ടുണ്ട്. അതേസമയം പട്ടിണിയും ദാരിദ്ര്യവുമായി വളരെ മോശം സാഹചര്യത്തിലാണ് യെമനുള്ളത്. സൈനിക പോരാട്ടങ്ങള്‍ യെമനെ ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് നയിച്ചത്. കിംഗ് അബ്ദുള്ള വിമാനത്താവളത്തില്‍ അടക്കമാണ് ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. പതിനാലോളം ഡ്രോണുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. എന്നാല്‍ ആക്രമണത്തില്‍ സൗദിക്ക് നാശനഷ്ടമുണ്ടായതായി ഹൂത്തികളും സ്ഥിരീകരിച്ചിട്ടില്ല.

വെള്ളിയാഴ്ച്ചയാണ് അറബ് സഖ്യം ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്തിയത്. യെമന്‍ പ്രവിശ്യകളായ മാരിബിലും അല്‍ ബായിദയിലുമാണ് ആക്രമണം നടന്നത്. 19 സൈനിക വാഹനങ്ങളും എയര്‍ ഡിഫന്‍സ് സിസ്റ്റവും അടക്കം ആക്രമണത്തില്‍ തകര്‍ന്നു. പശ്ചിമ തീരത്തും സൈനിക ആക്രമണം നടന്നു. ഇവിടെ തീരദേശ സേനയെയാണ് സഹായിച്ചത്. മാരിബ് പിടിക്കാന്‍ വേണ്ടിയാണ് ഹൂത്തികള്‍ പോരാട്ടം കടുപ്പിച്ചത്. യെമനില്‍ യുഎന്‍ അംഗീകൃത സര്‍ക്കാരിന്റെ അവസാനത്തെ ശക്തമായ കോട്ടയാണ് മാരിബ്. എണ്ണ നഗരമായിട്ടാണ് മാരിബ് അറിയപ്പെടുന്നത്. ഇത് വീണാല്‍ ഹൂത്തികള്‍ക്ക് സമ്പൂര്‍ണ വിജയവും അവകാശപ്പെടാം.












Click it and Unblock the Notifications