സൗദിയിലെ കിംഗ് ഖാലിദ് വ്യോമതാവളം ആക്രമിച്ച് ഹൂതികൾ; ഇനിയും ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്
റിയാദ്: യെമനിലെ ഹൂതികൾ സൗദി അറേബ്യയിലെ തെക്കൻ നഗരമായ ഖമീസ് മുഷൈത്തിലെ വ്യോമതാവളത്തിന് നേരെ വലിയ തോതിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് രംഗത്ത്. മേഖലയിലെ കിംഗ് ഖാലിദ് എയർ ബേസിന് നേരെയാണ് ഡസൻ കണക്കിന് ബാലിസ്‌റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ പ്രസ്‌താവനയിൽ അറിയിച്ചു.
വിമാനങ്ങളുടെ ഹാംഗറുകൾ, റഡാറുകൾ, റൺവേകൾ, ആയുധ സംഭരണശാലകൾ തുടങ്ങിയ സൈനിക കേന്ദ്രങ്ങളാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നും ഇതിൽ വ്യോമതാവളത്തിന് വലിയ നാശനഷ്‌ടങ്ങൾ ഉണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. യെമനിൽ സൗദി നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് ഹൂതികൾ പറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ യെമനിലെ വിവിധ പ്രവിശ്യകളിലായി സൗദിയുടെ എഫ്-15, ടൈഫൂൺ യുദ്ധവിമാനങ്ങൾ 300-ലധികം ആക്രമണങ്ങൾ നടത്തിയെന്നും ഹൂതികൾ ആരോപിച്ചു.

വ്യോമതാവളത്തിനുണ്ടായ നാശനഷ്‌ടങ്ങളെക്കുറിച്ചുള്ള ഹൂതികളുടെ അവകാശവാദത്തിൽ സൗദി അറേബ്യ ഉടൻ പ്രതികരിച്ചില്ല. ഖമീസ് മുഷൈത്ത് ഗവർണറേറ്റിൽ സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് അപകടാവസ്ഥ അവസാനിച്ചു എന്ന് അധികൃതർ അറിയിച്ചു. സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ആളുകൾ കൂട്ടംകൂടുന്നതും സംഭവങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
യെമനിലെ സൗദി സൈനിക നടപടികൾ തുടരുന്നിടത്തോളം സൗദിക്കുള്ളിലെ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. പുതിയ ആക്രമണങ്ങൾ ഉണ്ടായാൽ കൂടുതൽ വ്യാപകവും ശക്തവുമായ തിരിച്ചടികൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ആക്രമണം.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുപക്ഷവും പരസ്‌പരം ആക്രമണങ്ങൾ നടത്തിയിരുന്നു. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സൗദി വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, തെക്കൻ സൗദി നഗരങ്ങളെയും ഊർജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും നടത്തി.
കഴിഞ്ഞ ആഴ്‌ച, അബ്ഹ, ഖമീസ് മുഷൈത്ത്, ജസാൻ, നജ്റാൻ എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളിൽ 73 സാധാരണക്കാർക്ക് പരിക്കേറ്റതായി സൗദി അധികൃതർ അറിയിച്ചിരുന്നു. ആക്രമണങ്ങളിൽ രാജ്യത്തെ ചില ഊർജ കേന്ദ്രങ്ങളിൽ തീപിടിത്തവും താൽക്കാലിക പ്രവർത്തന തടസങ്ങളും ഉണ്ടായതായും അധികൃതർ പറഞ്ഞു.
2014-ൽ ഹൂതികൾ യെമന്റെ തലസ്ഥാനമായ സനാ പിടിച്ചെടുത്തിരുന്നു. അതിനുശേഷം ഒരു ദശാബ്‌ദത്തിലേറെയായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി ഹൂതികൾ ഏറ്റുമുട്ടുകയാണ്. അതിനിടയിലാണ് ഈ സംഘർഷം ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതിന് പ്രത്യാക്രമണവുമായി സൗദി രംഗത്ത് വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.


Click it and Unblock the Notifications
