നൂറ്റാണ്ടിന്റെ കൊടുങ്കാറ്റെന്ന് വെറുതെ വിളിക്കുന്നതല്ല; മിൽട്ടൺ കുതിച്ചെത്തുക 250 കി.മി വേഗതയിൽ, ഭയക്കണം
ഫ്ലോറിഡ: യുഎസിനെ ഒന്നാകെ ഭീതിയിലാഴ്ത്തി കൊണ്ട് മിൽട്ടൺ ചുഴലിക്കാറ്റ് പ്രാദേശിക സമയം ബുധനാഴ്‌ച രാത്രിയോടെയോ വ്യാഴാഴ്‌ച രാവിലെയോടെയോ ഫ്ലോറിഡ തീരം തൊടുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവസാനവട്ട മുൻകരുതൽ സ്വീകരിക്കുന്നതിന്റെ പ്രവർത്തനത്തിലാണ് ദൗത്യ സംഘങ്ങൾ. ആളുകളെ മാറ്റിപാർപ്പിക്കുന്ന നടപടികൾ ഏതാണ്ട് പൂർത്തിയായെന്നാണ് സൂചന. എങ്കിലും കാറ്റ് കര തൊടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎസ് ഒന്നാകെ ഭീതിയിലാണ്.
സാധാരണയിൽ കവിഞ്ഞ തീവ്രത കൊണ്ട് കൂടിയാണ് മിൽട്ടൺ ചുഴലിക്കാറ്റ് അപകടകാരിയാവുന്നത്. നിരന്തരം ചുഴലിക്കാറ്റ് ഭീഷണികൾ നേരിടുന്ന അമേരിക്കയിലെ മേഖലകളിൽ ഒന്നായ ഫ്ലോറിഡയുടെ മുഴുവൻ ഭാഗവും കാറ്റിന്റെ പരിധിക്കുള്ളിൽ വന്നേക്കും. ക്യാറ്റഗറി 5 ചുഴലിക്കാറ്റായി കണക്കാക്കുന്ന മിൽട്ടൺ ഈ സമയം കൊണ്ട് അതിന്റെ കേന്ദ്രം രണ്ട് മടങ്ങോളം വലുതാക്കും എന്നാണ് കരുതപ്പെടുന്നത്. നൂറ്റാണ്ടിന്റെ കൊടുങ്കാറ്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

Image Courtesy: CHANDAN KHANNA/AFP
മിൽട്ടൺ ചുഴലിക്കാറ്റ് ഇത്രയേറെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്?
മണിക്കൂറിൽ 257 കിലോമീറ്റർ വേഗതയിൽ വരെ കുതിച്ചെത്തുന്ന കാറ്റിന് മുൻപിൽ സകലതും നിഷ്പ്രഭമാവും എന്നതാണ് സത്യം. എന്നാൽ കര തൊടുമ്പോൾ വേഗത കുറയുമെന്നാണ് പ്രതീക്ഷ. ഏകദേശം പതിനഞ്ചടിയോളം ഉയരത്തിൽ, എന്ന് വച്ചാൽ നാലര മീറ്ററോളം വരുന്നതായിരിക്കും ഇതിന്റെ കേന്ദ്രം. ഫ്ലോറിഡയിലേക്കാവും ഈ വിനാശകാരിയായ ചുഴലിക്കാറ്റ് കരകയറുക എന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അവിടെ മാറ്റിപാർപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്നത്. ലക്ഷകണക്കിന് പേരെ ഫ്ലോറിഡയിലെ വിവിധ മേഖലകളിൽ നിന്ന് മാറ്റിപാർപ്പിക്കുകയും ചെയ്‌തിരുന്നു. മേഖലയിലെ ടാമ്പ, സെന്റ് പീറ്റേഴ്‌സ്‌ബർഗ്, സരസോട്ട നഗരങ്ങളാണ് പ്രധാനമായും ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതപ്പെടുന്നത്.
പടിഞ്ഞാറൻ-മധ്യ ഫ്ലോറിഡയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നായിരിക്കും മിൽട്ടൺ എന്നാണ് കാലാവസ്ഥാ കേന്ദ്രം ഉൾപ്പെടെ മുന്നറിയിപ്പ് നൽകുന്നത്. മിൽട്ടൺ ഫ്ലോറിഡ പെനിൻസുല മുറിച്ചുകടന്ന് നാളെയോടെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കടന്നേക്കുമെന്നാണ് കരുതുന്നത്. എന്നാൽ അതിനിടയിൽ ഫ്ലോറിഡയിൽ എന്ത് തരത്തിലുള്ള നാശമാണ് ചുഴലിക്കാറ്റ് വിതയ്ക്കുക എന്നത് ഇപ്പോഴും അജ്ഞാതമാണ്.
3 ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന മെട്രോപൊളിറ്റൻ നഗരമായ ടാമ്പയിൽ 100 വർഷത്തിലേറെയായി ഇത്രയും വലിയൊരു ചുഴലിക്കാറ്റിന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങളെല്ലാം കടുത്ത ഭീതിയിലാണ്. ഇത് അവസാന മണിക്കൂറുകൾ ആണെന്നും എത്രയും പെട്ടെന്ന് എല്ലാവരും അപകടമേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ഭരണകൂടം നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
രണ്ട് ഡസനിലധികം ഫ്ലോറിഡ കൗണ്ടികളിലാണ് നിർബന്ധിതമോ അല്ലെങ്കിൽ സ്വമേധയായോ ഉള്ള ഒഴിപ്പിക്കൽ ഉത്തരവുകൾ നിലവിലുള്ളത്. ഫ്ലോറിഡയിലെയും കിഴക്കൻ ജോർജിയയിലെയും 20 ദശലക്ഷത്തിലധികം ആളുകൾ ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ ഉള്ളവർക്ക് പുറത്തുകടക്കാനുള്ള അവസാന അവസരമാണ് ഈ മണിക്കൂറുകൾ.
മിൽട്ടൺ ചുഴലിക്കാറ്റ്: ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
ഫ്ലോറിഡയിലെ നഗരമായ ടാമ്പയിൽ നിന്ന് ഏകദേശം 160 മൈൽ തെക്ക് പടിഞ്ഞാറായാണ് നിലവിൽ ചുഴലിക്കാറ്റ് നിലകൊള്ളുന്നത്, ഏകദേശം 17 മൈൽ വേഗതയിൽ വടക്കുകിഴക്കോട്ട് നീങ്ങുന്നുവെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്, എന്നാൽ 145 മൈൽ വേഗതയിൽ വരെ വീശാവുന്ന ക്യാറ്റഗറി 4 വിഭാഗത്തിലാണ് ഇതിനെ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications