'എനിക്ക് നീതി വേണം, കൊലപാതകികൾ ശിക്ഷിക്കപ്പെടണം'; മൗനം വെടിഞ്ഞ് ഷെയ്ഖ് ഹസീന, ആദ്യ പ്രതികരണം
ന്യൂഡൽഹി: കലാപകലുഷിതമായ ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്‌ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആദ്യ പ്രതികരണം പുറത്ത്. അവാമി ലീഗിനെതിരായ അട്ടിമറി തന്റെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക പ്രസിഡന്റുമായ ഷെയ്ഖ് മുജിബുർ റഹ്മാനോടും രാജ്യത്തിന് വേണ്ട ജീവത്യാഗം ചെയ്‌ത രക്തസാക്ഷികളോടും കാണിച്ച കടുത്ത അപമാനമാണെന്ന് അവർ വിശേഷിപ്പിച്ചു.
ആരുടെ ഭരണത്തിൻ കീഴിലാണോ സ്വതന്ത്ര രാഷ്ട്രമെന്ന നിലയിലേക്ക് ബംഗ്ലാദേശ് വളർന്നത് അദ്ദേഹത്തെ തന്നെ അപമിച്ചുവെന്നും ഷെയ്ഖ് മുജിബുർ റഹ്മാന്റെ പേരെടുത്ത് പറഞ്ഞ് അവർ വിമർശിച്ചു. ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെയാണ് അവർ അപമാനിച്ചത്. തനിക്ക് രാജ്യത്തെ പൗരന്മാരിൽ നിന്ന് നീതി വേണമെന്നും അവർ ആവശ്യപ്പെട്ടു.

മകനായ സജീബ് വാസേദ് ജോയിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഹസീനയുടെ ആദ്യ പ്രതികരണം പുറത്തുവിട്ടത്. ജൂലൈയിൽ രാജ്യത്ത് നടന്ന കൊലപതകങ്ങളിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആഗസ്‌റ്റ് പതിനഞ്ച് ബംഗ്ലാദേശിന് എത്രമാത്രം പ്രാധാന്യം ഉള്ളതാണെന്നും തന്റെ കുടുംബത്തിന്റെ ചരിത്രവും അവർ പ്രസ്‌താവനയിലൂടെ പറയുന്നുണ്ട്.
'എന്നെപ്പോലെ ഉറ്റവരെ നഷ്‌ടമായവരെ ഓർത്ത് ഞാൻ സഹതപിക്കുന്നു. എല്ലാ ആത്മാക്കളുടേയും മോക്ഷത്തിനായി പ്രാർഥിക്കുക. പ്രക്ഷോഭത്തിന്റെ പേരിലുള്ള ആക്രമണത്തിൽ കഴിഞ്ഞ ജൂലായ് മുതൽ നിരവധി ജീവനുകളാണ് നഷ്‌ടമായത്. അവരുടെ ആത്മാവിനായി ഞാൻ പ്രാർഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.' അവർ പറഞ്ഞു.
വിദ്യാർഥികൾ, അധ്യാപകർ, പോലീസ്, അവാമി ലീഗ് പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ജീവനക്കാർ, സാംസ്‌കാരിക പ്രവർത്തകർ, കാൽനടയാത്രക്കാർ തുടങ്ങിയവർ ഭീകരാക്രമണത്തിന്റെ ഇരകളായി ജീവൻ വെടിഞ്ഞുവെന്നും അവർ ആരോപിക്കുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് അന്വേഷണം നടത്തി ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ആഗസ്‌റ്റ് 15ന് ദേശീയ വിലാപദിനം ആചരിക്കണമെന്നും ബംഗബന്ധു ഭവനിൽ പൂക്കൾ അർപ്പിച്ച് രക്തസാക്ഷികൾക്കായി പ്രാർഥിക്കണമെന്നും രാജ്യത്തെ ജനങ്ങളോട് ഷെയ്ഖ് ഹസീന അഭ്യർത്ഥിച്ചു. ഷെയ്ഖ് മുജിബുർ റഹ്മാൻ കൊല്ലപ്പെട്ട ദിവസമായ ആഗസ്‌റ്റ് 15ന് രാജ്യത്ത് നൽകി വന്നിരുന്ന തീരുമാനം ഇടക്കാല സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.
ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരെയും മറ്റ് ആറ് പേർക്കെതിരെയും കേസെടുത്തിരുന്നു. ഒരു കടയുടമയുടെ മരണത്തിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് സൂചന. രാജ്യത്ത് നടന്ന പ്രക്ഷോഭത്തിൽ ഇരുന്നൂറിൽ അധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം കണക്കിലെടുത്തായിരുന്നു നേരത്തെ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്. ഇതിന് പിന്നാലെ പ്രക്ഷോഭകരുടെ ആവശ്യം കണക്കിലെടുത്ത് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനായി നിശ്ചയിക്കുകയായിരുന്നു. ഈ സംഭവ വികാസങ്ങൾക്ക് എല്ലാം ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രതികരിക്കുന്നത്.












Click it and Unblock the Notifications