ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സൂക് യോൾ അറസ്‌റ്റിൽ; പിടിയിലായത് രണ്ടാം ശ്രമത്തിൽ
സിയോൾ: ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോളിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിംഗ് പ്രസിഡന്റിനെ തടങ്കലിൽ വയ്ക്കുന്നത് എന്ന പ്രത്യേകത കൂടി ഈ അറസ്‌റ്റിനുണ്ട്. ഈ മാസത്തിന്റെ തുടക്കത്തിൽ യൂനിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും ഇത് സാധിച്ചിരുന്നില്ല. മാത്രമല്ല വലിയ പ്രതിഷേധങ്ങൾക്ക് ഇത് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.
രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയതിന്റെ പേരിലാണ് യൂൻ കലാപ ആരോപണങ്ങൾ നേരിടുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. യൂനിന്റെ ഇംപീച്ച്‌മെന്റിനുശേഷം ദക്ഷിണ കൊറിയയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ തോത് വർധിപ്പിക്കുന്ന നടപടിയാണ് ഇന്നുണ്ടായിരിക്കുന്നത്.

ആഭ്യന്തരമായും അന്തർദേശീയമായും പരക്കെ അപലപിക്കപ്പെട്ട സൈനികനിയമം പ്രയോഗിച്ച് വിയോജിപ്പുകളെ അടിച്ചമർത്താൻ ശ്രമിച്ചതിനും അധികാരം ലംഘിച്ചതിനും വിവാദ നേതാവ് അന്വേഷണം നേരിടുന്നത്. യൂൻ സുക് യോളിന്റെ വസതിയിൽ 1000ത്തിലധികം അഴിമതി വിരുദ്ധ അന്വേഷകരും പോലീസ് ഉദ്യോഗസ്ഥരും നാടകീയമായ അറസ്‌റ്റ് നടത്താൻ ഇറങ്ങിയിരുന്നു.
വസതിക്ക് ചുറ്റും ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാൽ കാര്യമായ പ്രതിരോധം നേരിടാൻ തയ്യാറായി തന്നെയാണ് വസതിയിലേക്ക് പോലീസ് ഉദ്യോഗസ്ഥർ കടന്നുവന്നത്. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് ഇവിടുത്തെ തടസങ്ങൾ തകർത്ത് പാർപ്പിട സമുച്ചയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
പിന്നാലെ നൂറുകണക്കിന് ഉദ്യോഗസ്ഥർ യൂനിന്റെ വസതിയുടെ ഉള്ളിലേക്ക് കയറുകയായിരുന്നു. ശേഷം അറസ്‌റ്റ് വാറണ്ട് നടപ്പിലാക്കുകയും കൂടുതൽ അനിഷ്‌ട സംഭവങ്ങൾ കൂടാതെ നേതാവിനെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്യുകയായിരുന്നു. ദക്ഷിണ കൊറിയൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിംഗ് പ്രസിഡണ്ടിനെ ഇത്തരത്തിൽ അറസ്‌റ്റ് ചെയ്യുന്നത്.
പ്രസിഡന്റ് യൂണിനെ കസ്‌റ്റഡിയിലെടുക്കാനുള്ള ആദ്യ ശ്രമമായിരുന്നില്ല ഇത്. ജനുവരി 3ന് പോലീസുകാർ അറസ്‌റ്റ് വാറണ്ട് നടപ്പിലാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ആറ് മണിക്കൂറിലധികം നീണ്ടുനിന്ന സംഘർഷത്തിൽ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസ് (പിഎസ്എസ്) ഇവരെ തടയുകയായിരുന്നു. ഒപ്പം യൂൻ അനുകൂലികളും ഇവിടെ പ്രതിഷേധം നടത്തിയിരുന്നു.
സിയോളിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് യൂനിന്റെ സുരക്ഷാ സംഘവുമായി പോലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടിയിരുന്നു. എന്നിട്ടും അവർക്ക് ഉള്ളിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് സുരക്ഷ മുന്നിൽ കരുതി മാത്രമാണ് പോലീസ് സേന പിൻവലിഞ്ഞത്. എന്നാൽ ഇന്ന് കൂടുതൽ സന്നാഹങ്ങളുമായി എത്തിയ സംഘം അറസ്‌റ്റ് നടപ്പാക്കുകയായിരുന്നു.












Click it and Unblock the Notifications