യുഎന്‍ വോട്ടെടുപ്പില്‍ നിന്ന് വീണ്ടും ഇന്ത്യ വിട്ടുനിന്നു; യുക്രൈന്റെ ആവശ്യം പരിഗണിച്ചില്ല
യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വന്ന വോട്ടെടുപ്പില്‍ നിന്ന് വീണ്ടും വിട്ടുനിന്ന് ഇന്ത്യ. ഒരു പക്ഷവും പിടിക്കാതെ നില്‍ക്കുക എന്നതാണ് ഇന്ത്യയുടെ നയം. അതേസമയം, യുക്രൈനും റഷ്യയും തമ്മിലുള്ള ചര്‍ച്ചകളെ ഇന്ത്യ സ്വാഗതം ചെയ്തു. യുദ്ധം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പൊതുസഭ വിളിച്ചുചേര്‍ക്കണമെന്ന ആവശ്യത്തിലാണ് രക്ഷാസമിതിയില്‍ വോട്ടെടുപ്പ് നടന്നത്. ഇന്ത്യ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു. യുന്നില്‍ ഇന്ത്യയുടെ പിന്തുണ വേണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ യുക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലസ്‌കി അഭ്യര്‍ഥിച്ചിരുന്നു.

റഷ്യയുടെ ആക്രമണം യുഎന്‍ ജനറല്‍ അസംബ്ലി ചര്‍ച്ച ചെയ്യണമെന്ന് യൂറോപ്പിലെ പല രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജനറല്‍ അസംബ്ലി വിളിക്കാന്‍ തീരുമാനിച്ചത്. ഇതിന് രക്ഷാസമിതിയുടെ അനുമതി ആവശ്യമാണ്. ഇതിന്റെ ഭാഗമായിട്ടാണ് പ്രത്യേക പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. 11 രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ ജനറല്‍ അസംബ്ലി വിളിക്കാന്‍ അനുമതിയായി. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയത്തെ എതിര്‍ത്താണ് റഷ്യ വോട്ട് ചെയ്തത്. 1950കള്‍ക്ക് ശേഷം ഇത്തരത്തില്‍ അടിയന്തര സാഹചര്യത്തില്‍ ജനറല്‍ അസംബ്ലി വിളിച്ചുചേര്‍ത്തത് 10 തവണ മാത്രമാണ്. 11ാം തവണയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.
15 അംഗ രക്ഷാസമിതി ഞായറാഴ്ച വൈകീട്ടാണ് യോഗം ചേര്‍ന്നതും പ്രമേയം ചര്‍ച്ച ചെയ്തതും. റഷ്യയുടെ യുക്രൈന്‍ അധിനിവേശമായിരുന്നു ചര്‍ച്ച. 193 അംഗ ജനറല്‍ അസംബ്ലി വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ റഷ്യയെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ ഇതിന് എതിരാണ്. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള രാജ്യമാണ് റഷ്യ. രണ്ടു ദിവസം മുമ്പ് യുക്രൈനെതിരായ ആക്രമണം എതിര്‍ത്ത് അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തിരുന്നു. തുടര്‍ന്നാണ് യുക്രൈനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ മറ്റൊരു വഴി ആലോചിച്ചതും ജനറല്‍ അസംബ്ലി വിളിക്കാന്‍ തീരുമാനിച്ചതും.
രക്ഷാസമിതിയിലെ സ്ഥിരാംഗത്വമുള്ള അഞ്ച് രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങള്‍. ഇന്ത്യയ്ക്ക് സ്ഥിരാംഗത്വ പദവി നല്‍കണമെന്ന് ഏറെ കാലമായുള്ള ആവശ്യമാണ്. എന്നാല്‍ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. യുക്രൈനിലെ സാഹചര്യം മോശമായി വരുന്നത് ഏറെ വേദനാജനകമാണ് എന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. ചര്‍ച്ചയുടെ വഴിയിലേക്ക് ഇരുരാജ്യങ്ങളും വരണം. ബെലാറസ് അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തുമെന്ന ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്നും തിരുമൂര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications