ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ മഞ്ഞുരുകുന്നു; നാല് മാസം കൊണ്ട് ബീജിംഗ് വിസ നൽകിയത് 85,000 ഇന്ത്യക്കാർക്ക്
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധത്തിലെ ഭിന്നതകൾ പരിഹരിക്കപ്പെട്ടു വരുന്നതിനിടെ തെളിവായി പുതിയ വിസ കണക്കുകൾ പുറത്ത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ മാത്രം 85,000 ഇന്ത്യൻ പൗരന്മാർക്കാണ് ചൈന വിസ അനുവദിച്ചത്. കിഴക്കൻ ലഡാക്കിൽ നിന്ന് സൈന്യങ്ങൾ പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്.
ജനുവരി ഒന്ന് മുതൽ ഏപ്രിൽ ഒൻപത് വരെ അനുവദിച്ച വിസകളുടെ കണക്കാണ് ഇപ്പോൾ പുറത്തിവിട്ടിരിക്കുന്നത്. '2025 ഏപ്രിൽ 9 വരെ, ഇന്ത്യയിലെ ചൈനീസ് എംബസിയും കോൺസുലേറ്റുകളും ഈ വർഷം ചൈനയിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് 85,000ത്തിലധികം വിസകൾ നൽകിയിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ സ്വാഗതം ചെയ്യുകയാണ്, തുറന്നതും സുരക്ഷിതവും ഊർജ്ജസ്വലവും ആത്മാർത്ഥവും സൗഹൃദപരവുമായ ചൈന നേരിട്ടറിയുക' എന്നാണ് ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് എക്‌സിൽ കുറിച്ചത്.

വിസകൾ അനുവദിക്കുക മാത്രമല്ല വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണത്തിന്റെ മനോഭാവം പ്രകടമാക്കി കഴിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കൂടാതെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാൻ ചൈനീസ് സർക്കാർ നിരവധി ഇളവുകൾ ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
ഇന്ത്യൻ അപേക്ഷകർക്ക് ഇപ്പോൾ മുൻകൂർ ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ പ്രവൃത്തി ദിവസങ്ങളിൽ വിസ സെന്ററുകളിൽ നേരിട്ട് വിസ അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഹ്രസ്വകാലത്തേക്ക് ചൈന സന്ദർശിക്കുന്ന യാത്രക്കാരെ ബയോമെട്രിക് ഡാറ്റ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു, ഇത് പ്രൊസസിംഗ് സമയം വീണ്ടും കുറയ്ക്കുന്നു.
കൂടാതെ നിലവിൽ ചൈനീസ് വിസ വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും, ഇത് ഇന്ത്യൻ സന്ദർശകർക്ക് യാത്ര കൂടുതൽ താങ്ങാനാവുന്ന ഒന്നാക്കി മാറ്റുന്നു. വിസ അംഗീകാര സമയക്രമം കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. ഇത് ബിസിനസ് ആവശ്യങ്ങൾക്കും മറ്റും ചൈന സന്ദർശിക്കുന്നവർക്ക് കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ ടൂറിസം മേഖലയിലും ചൈന കൂടുതൽ സാധ്യതകൾ തുറക്കുകയാണ്.
അതേസമയം, രണ്ടാം വട്ടവും അധികാരത്തിൽ എത്തിയ ഡൊണാൾഡ് ട്രംപ് രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അത് നടപ്പാക്കുകയും ചെയ്യുകയാണ്. അവരുടെ പ്രധാന സാമ്പത്തിക എതിരാളിയാണെങ്കിലും മുഖ്യ വ്യാപാര പങ്കാളിയായ ചൈനയ്ക്ക് മേലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി കൂടുതൽ അടുക്കുവാൻ ചൈന ശ്രമിക്കുന്നത്. ഇന്ത്യയും ചൈനയും ലോകത്തിൽ തന്നെ ഏറ്റവും വലിയ വികസിത രാജ്യങ്ങളാണെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ-ചൈന സാമ്പത്തിക, വ്യാപാര ബന്ധം പരസ്‌പര പൂരകത്വത്തിലും പരസ്‌പര നേട്ടത്തിലും അധിഷ്ഠിതമാണെന്നാണ് അടുത്തിടെ ചൈനീസ് എംബസി വക്താവ് യു ജിങ് ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും, പ്രത്യേകിച്ച് യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) നടന്നുകൊണ്ടിരിക്കുന്ന സൈനിക സംഘർഷം കഴിഞ്ഞ നാളുകളിൽ ആശങ്ക ഉണ്ടാക്കിയിരുന്നെങ്കിലും ചൈനയുടെ ഇപ്പോഴത്തെ നിലപാടുകൾ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. പൂർവകാല സ്ഥിതിയിലേക്ക് എല്ലാ നിലനിലയിലേക്ക് തിരിച്ചുപോവാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ പുരോഗമിക്കുന്നുമുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള സാംസ്‌കാരിക, വിദ്യാഭ്യാസ, ബിസിനസ്, ടൂറിസം വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയാണ് വിസ വിതരണത്തിലെ വർധനവ് അടയാളപ്പെടുത്തുന്നത്. ചൈനീസ് സർവകലാശാലകളിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതലായി മെഡിക്കൽ ബിരുദം നേടുന്നതിനായി ചൈനയെ വൻതോതിൽ ആശ്രയിച്ചു വരുന്നുണ്ട്.












Click it and Unblock the Notifications