'ഇന്ത്യ-പാക് സംഘർഷത്തിൽ ഉടനടി അയവ് വരുത്തണം'; മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ആവശ്യവുമായി ജി7
ന്യൂഡൽഹി: തുടർച്ചയായി ഇരു കൂട്ടരും നടത്തുന്ന മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർധിച്ചുവരുന്ന ഏറ്റുമുട്ടലുകൾ കണക്കിലെടുത്ത്, സംഘർഷം ഉടൻ ലഘൂകരിക്കണമെന്ന ആവശ്യവുമായി ജി7 രാജ്യങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ-പാക് ബന്ധത്തിൽ കാര്യമായ വിള്ളലുകൾ വീണത്. നിലവിൽ അതിർത്തിയിൽ ഉൾപ്പെടെ യുദ്ധസമാന സാഹചര്യമാണ്.
കൂടുതൽ സംഘർഷങ്ങൾ തടയുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടാൻ ആണവായുധങ്ങളുള്ള ഇരു അയൽക്കാരോടും സംയുക്ത പ്രസ്‌താവനയിലൂടെ ജി7 ആഹ്വാനം ചെയ്‌തു. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ജി7 രാജ്യങ്ങൾ ഉൾപ്പെടെ പ്രശ്‌നത്തിൽ ഇടപെടുന്നത്. പാകിസ്ഥാനും ഇന്ത്യയും ചർച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നാണ് ജി7 ആവശ്യപ്പെടുന്നത്.

'കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്‌ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജി7 വിദേശകാര്യ മന്ത്രിമാരായ ഞങ്ങളും യൂറോപ്യൻ യൂണിയന്റെ ഉന്നത പ്രതിനിധിയും ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു' ജി7 പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു.
'കൂടുതൽ സൈനിക സംഘർഷം പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്' എന്നാണ് ജി7 ചൂണ്ടിക്കാണിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച ജി7, ഇക്കാര്യത്തിൽ ഉടൻ പ്രശ്‌ന പരിഹാരം ഉണ്ടാവണമെന്നാണ് ആവശ്യപ്പെടുന്നത്.
'സംഘർഷം ഉടനടി ലഘൂകരിക്കണമെന്നും സമാധാനപരമായ ഒരു ഫലത്തിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. സംഭവങ്ങൾ ഞങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരുകയും വേഗത്തിലുള്ളതും നിലനിൽക്കുന്നതുമായ നയതന്ത്ര പരിഹാരത്തിന് പിന്തുണ അറിയിക്കുകയും ചെയ്യുന്നു' പ്രസ്‌താവന കൂട്ടിച്ചേർത്തു.
മെയ് 7നാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ സിന്ദൂർ' എന്ന രഹസ്യനാമത്തിൽ കൃത്യമായ ആക്രമണങ്ങൾ നടത്തിയത്, ഇതോടെയാണ് രണ്ട് ആണവായുധങ്ങളുള്ള അയൽ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഒരേസമയം ഒൻപത് ഇടങ്ങളാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത്. ലഷ്‌കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദ് തുടങ്ങിയ ഭീകര സംഘടനകളുടെ കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു. ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വ്യോമാക്രമണത്തിൽ തകർത്തിരുന്നു.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു നേപ്പാളി പൗരൻ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. വിനോദസഞ്ചാരികളായിരുന്നു ഇവരിൽ ഏറെയും. ബൈസരൻ താഴ്വര എന്ന മനോഹരമായ പ്രദേശത്ത് വച്ചാണ് ഭീകരർ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം നടത്തിയ ശേഷം കാടുകയറിയ ഭീകരരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നിലവിൽ അതിർത്തിയിൽ ഉൾപ്പെടെ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം അഴിച്ചുവിടുന്നത്. ഡ്രോണുകൾ, മിസൈലുകൾ എന്നിവയാണ് പ്രധാനമായും കഴിഞ്ഞ ദിവസം പാകിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചത്.
എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഈ ആക്രമണ ശ്രമങ്ങളെ അപ്പാടെ തകർത്തിരുന്നു. പാക് ഡ്രോണുകൾ വെടിവെച്ചിടുകയും മിസൈലുകൾ ലക്ഷ്യം ഭേദിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. എന്നിട്ടും പാക് പ്രകോപനം തുടരുകയാണ്. ഇന്നും ഇന്നലെയുമായി വീണ്ടും പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചിരുന്നു. അതും ഇന്ത്യ ഫലപ്രദമായി തടഞ്ഞു.












Click it and Unblock the Notifications