'മസൂദ് അസറിന്റെ കുടുംബത്തെ ഇന്ത്യ കഷ്‌ണങ്ങളാക്കി'; ആദ്യമായി തുറന്ന് സമ്മതിച്ച് ജെയ്ഷെ മുഹമ്മദ്
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ബഹാവൽപൂരിൽ ഉണ്ടായ ആക്രമണത്തിൽ തങ്ങളുടെ തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ആദ്യമായി തുറന്ന് സമ്മതിച്ച് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്.
ജെയ്‌ഷെ കമാൻഡർ മസൂദ് ഇല്യാസ് കശ്‌മീരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് കശ്‌മീരിയുടെ തുറന്ന് പറച്ചിൽ.
മെയ് 7-ന് നടന്ന ഇന്ത്യൻ ആക്രമണത്തെക്കുറിച്ച് കശ്‌മീരി വിശദീകരിച്ചു. 'ഭീകരവാദം സ്വീകരിച്ചുകൊണ്ട്, രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ ഞങ്ങൾ ഡൽഹി, കാബൂൾ, കാണ്ഡഹാർ എന്നിവിടങ്ങളിൽ പോരാടി. മെയ് 7-ന് ബഹാവൽപൂരിൽ വെച്ച് എല്ലാം ത്യജിച്ച മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഇന്ത്യൻ സൈന്യം തകർത്തു' എന്ന് ഉർദുവിൽ കശ്‌മീരി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യം നടത്തിയത്. പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ഓപ്പറേഷൻ. മുരീദ്‌കെ, ബഹാവൽപൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ഈ ആക്രമണത്തിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു.
മസൂദ് അസ്ഹറിന്റെ ഭാര്യ ഉൾപ്പെടെ പത്ത് കുടുംബാംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ദൂരവ്യാപക ആയുധങ്ങളും ഡ്രോണുകളും കൃത്യതയുള്ള മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടത്.
ലാഹോറിനടുത്തുള്ള ലഷ്‌കർ-ഇ-ത്വയ്ബയുടെ ആസ്ഥാനമായ മുരീദ്‌കെ, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന ശക്തികേന്ദ്രമായ ബഹാവൽപൂർ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, പാക് അധീന കശ്‌മീരിലെ കോട്ട്ലിയിലും മുസഫറാബാദിലുമുള്ള ലഷ്‌കർ, ജെയ്ഷെ പരിശീലന ക്യാമ്പുകളും സിയാൽകോട്ടിലെ ഹിസ്ബുൾ മുജാഹിദ്ദീൻ താവളവും ബർണാലയിലെ ലഷ്‌കറിന്റെ മർകസ് അഹ്‌ലെ ഹദീസ് കേന്ദ്രവും ആക്രമണത്തിൽ തകർത്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ വിധവകളായ ഹൈന്ദവ വനിതകളോടുള്ള ആദരസൂചകമായാണ് "ഓപ്പറേഷൻ സിന്ദൂർ" എന്ന് ദൗത്യത്തിന് പേര് നൽകിയത്. ഭർത്താവിന്റെ ത്യാഗത്തിന്റെ പ്രതീകമായാണ് സിന്ദൂരം ഉപയോഗിച്ചത്. ഭാവിയിലെ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളെ തടയുക എന്ന പ്രതിരോധപരമായ ലക്ഷ്യത്തോടെയാണ് ഈ പ്രത്യാക്രമണം നടത്തിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ പ്രത്യാക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യ ഈ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വിജയകരമായി തടഞ്ഞു. വിമാനത്താവളങ്ങൾ, ഹാങ്ങറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാർ താവളങ്ങൾ, മിസൈൽ സൈറ്റുകൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇന്ത്യ ലക്ഷ്യമിട്ടിരുന്നു.
റഫീഖി, മുരീദ്, റഹീം യാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നിവിടങ്ങളിലെ പാകിസ്ഥാൻ സൈനിക താവളങ്ങളും ഇന്ത്യൻ സൈന്യം ആക്രമിച്ചു. സ്‌കാർദു, ഭോലാരി, ജാക്കോബാബാദ്, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിക ദിയോബന്ദി ജിഹാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനാണ് കൊടുംഭീകരനായ മൗലാന മസൂദ് അസ്ഹർ.












Click it and Unblock the Notifications