ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ പ്രമേയം; പിന്തുണച്ച് ഇന്ത്യ
യുനൈറ്റഡ് നേഷന്‍സ്: ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. പ്രമേയത്തെ ഇന്ത്യ അടക്കം 153 രാജ്യങ്ങളാണ് പിന്തുണച്ചത്. കഴിഞ്ഞ തവണ ഇതേ വിഷയത്തില്‍ വോട്ടെടുപ്പ് ഉണ്ടായപ്പോള്‍ ഇന്ത്യ വിട്ടുനിന്നിരുന്നു. ഇത്തവണ പ്രമേയത്തിന് കൂടുതല്‍ ഭൂരിപക്ഷം സ്വന്തമാക്കാനും സാധിച്ചു.
യുഎന്‍ അംഗ രാഷ്ട്രങ്ങളില്‍ 80 ശതമാനവും പ്രമേയത്തെ പിന്തുണച്ചു. സാധാരണക്കാരുടെ സംരക്ഷണവും, അതുപോലെ മനുഷ്യാവകാശ പ്രശ്‌നങ്ങളുമാണ് യുഎന്‍ പ്രമേയത്തില്‍ ഉണ്ടായത്. കിഴക്കന്‍ ജറുസലേമിലെ അനധികൃതമായ ഇസ്രായേല്‍ നടപടികളും അതുപോലെ പലസ്തീന്‍ മേഖലയില്‍ നടക്കുന്ന കാര്യങ്ങളുമാണ് പ്രത്യേക സെഷനില്‍ ചര്‍ച്ചയായത്.

ഒക്ടോബറില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ അടക്കം 45 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. 120 പേരാണ് വെടിനിര്‍ത്തലിന് അനുകൂലമായി വോട്ട് ചെയ്തത്. 14 പേര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത്തവണത്തെ വോട്ടെടുപ്പില്‍ എതിര്‍ത്തത് വെറും പത്ത് പേരാണ്. യുഎസ്, ഓസ്ട്രിയ, ചെച്ചിയ, ലൈബീരിയ, പസഫിക് അലൈസ് എന്നിവരാണ് എതിര്‍ത്തത്.
വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നവരുടെ എണ്ണം 45ല്‍ നിന്ന് 23 ആയും കുറഞ്ഞു. അറബ് ഗ്രൂപ്പും, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനുമാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം യുക്രൈനിലെ യുദ്ധത്തെ സംബന്ധിച്ച പ്രമേയത്തെ പിന്തുണച്ചവരേക്കാള്‍ കൂടുതലാണ് ഗാസയിലെ വെടിനിര്‍ത്തലിനെ പിന്തുണച്ചത്.അള്‍ജീരിയ, ബഹ്‌റൈന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ,യുഎഇ, പലസ്തീന്‍ തുടങ്ങിയവര്‍ മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണച്ചു.
അതേസമയം സ്വതന്ത്ര പലസ്തീന് രാഷ്ട്രം അനുവദിക്കില്ലെന്ന ഇസ്രായേല്‍ നിലപാട് യുഎസ് തള്ളി. പലസ്തീന്‍ രാഷ്ട്രം അനുവദിക്കില്ലെന്നും ഓസ്ലോ കരാര്‍ അപ്രസക്തമാണെന്നും ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി പറഞ്ഞു. എന്നാല്‍ പലസ്തീനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ഘട്ടമാണിതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണമാണെന്നും, ഇസ്രായേലിന് ലോകജനതയില്‍ നിന്ന് ലഭിച്ച പിന്തുണ നഷ്ടമാവുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
അതേസമയം ഗാസയില്‍ ഇതുവരെയുള്ള ആക്രമണത്തില്‍ 15000ത്തില്‍ ഏറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്നിന്റെ കണക്ക്. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ യുഎന്നില്‍ എല്ലാവരും അപലപിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പലസ്തീന്‍-ഇസ്രയേല്‍ ജനതകള്‍ സംരക്ഷിക്കപ്പെടണം. അതുപോലെ പലസ്തീന്‍ ജനതയുടെ യാതനകളും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അടിയന്തരമായി വെടിനിര്‍ത്തല്‍ ഗാസയില്‍ ആവശ്യപ്പെടുന്നുവെന്നും, അതുപോലെ ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.












Click it and Unblock the Notifications