ഇന്ത്യന്‍ അമേരിക്കന്‍ വംശജനെ നിര്‍ണായക സ്ഥാനത്ത് നിയമിച്ച് ബൈഡന്‍, ചരിത്രമെഴുതി റഷാദ് ഹുസൈന്‍
ദില്ലി: ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം അംബാസിഡറായി ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ റഷാദ് ഹുസൈനെ നിയമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മതസ്വാതന്ത്ര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്കുള്ള നയതന്ത്ര സംഘത്തെ നയിക്കുന്ന ആദ്യ മുസ്ലീം ഉദ്യോഗസ്ഥനാണ് റഷാദ്. യഥാര്‍ത്ഥ അമേരിക്കയെ അടയാളപ്പെടുത്തുന്ന നിയമനമാണിത്. എല്ലാ മതവിഭാഗത്തെയും ഉള്‍ക്കൊള്ളിക്കുക എന്നതാണ് തങ്ങളുടെ നയമെന്നും വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിലവില്‍ ദേശീയ സുരക്ഷാ കൗണ്‍സിലിലെ പാര്‍ട്ണർഷിപ്പ്സ് ആന്‍ഡ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റിലെ ഡയറക്ടറാണ് റഷാദ് ഹുസൈന്‍. ദേശീയസുരക്ഷ ഡിവിഷനില്‍ സീനിയര്‍ കോണ്‍സലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒബാമയുടെ ഭരണകാലത്ത് ഇസ്ലാമിക കോഓപ്പറേഷനിലെ പ്രത്യേക പ്രതിനിധിയായും റഷാദുണ്ടായിരുന്നു. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ന്യൂനപക്ഷ സംരക്ഷണത്തിന് പ്രശസ്തി നേടിയ വ്യക്തി കൂടിയാണ് റഷാദ്. യുഎന്‍, ഒഐസി തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് പലതവണ പ്രവര്‍ത്തിച്ചിട്ടുണ്ട് ഹുസൈന്‍.
ഒബാമ ഭരണകൂടത്തിന്റെ ഭാഗമാകും മുമ്പ് റഷാദ് ഹുസൈന്‍ ജുഡീഷ്യല്‍ ലോ ക്ലര്‍ക്കായിരുന്നു. ഹുസൈന്‍. യേല്‍ ലോ സ്‌കൂളില്‍ നിന്ന് ബിരുദം എടുത്തിട്ടുണ്ട് അദ്ദേഹം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക്ക് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസില്‍ മാസ്‌റ്റേഴ്‌സും അദ്ദേഹത്തിനുണ്ട്. യേല്‍ യൂണിവേഴ്‌സിറ്റിയുടെ ലോ ജേണലിന്റെ എഡിറ്ററായിരുന്നു റഷാദ്. ഉര്‍ദു, അറബിക്, സ്പാനിഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്നതും റഷാദിന് നയതന്ത്ര വേഷത്തിലേക്ക് കടന്നുവരാനുള്ള അവസരമൊരുക്കുകയായിരുന്നു.
മതസ്വാതന്ത്ര്യ സംരക്ഷിക്കുക എന്ന യുഎസ് വിദേശ കാര്യ നയമാണ് റഷാദിന്റെ നേതൃത്വത്തില്‍ നടപ്പാക്കുകയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. മതപരമായ വിദ്വേഷ പ്രചാരണങ്ങള്‍, മതവിവേചനം, എന്നിവയാണ് ഈ കമ്മിറ്റി നിരീക്ഷിക്കുക, ആഗോള രാജ്യങ്ങള്‍ക്ക് ഇവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും നല്‍കും. റിലീജ്യസ് ഫ്രീഡം കമ്മീഷന്റെ കമ്മീഷണറായി പാകിസ്താന്‍-അമേരിക്കന്‍ വംശജന്‍ ഖിസര്‍ ഖാനെയും നിയമിച്ചിട്ടുണ്ട്. പ്രത്യേക പ്രതിനിധിയായി ദെബോറ ലിപ്സ്റ്റാഡിനെയും നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications