യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ കണ്ട് ഇന്ത്യൻ പ്രതിനിധി സംഘം; നല്ല ചർച്ചകൾ നടന്നുവെന്ന് തരൂർ
ന്യൂയോർക്ക്: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തി ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട ഇന്ത്യയുടെ സർവകക്ഷി പ്രതിനിധി സംഘം. ഇന്ത്യൻ എംബസിയും പ്രതിനിധി സംഘത്തിന്റെ തലവനായ ശശി തരൂരുമാണ് ഇക്കാര്യം അറിയിച്ചത്. ജെഡി വാൻസിനൊപ്പമുള്ള ചിത്രങ്ങൾ സഹിതം ശശി തരൂർ എക്‌സ് പോസ്‌റ്റിൽ പങ്കുവച്ചിട്ടുണ്ട്. നല്ല കൂടിക്കാഴ്‌ചയാണ് നടന്നതെന്ന് തരൂർ വ്യക്തമാക്കി.
യോഗത്തിൽ നിർണായക വിഷയങ്ങൾ ചർച്ചയായെന്നും ക്രിയാത്മകമായ ചർച്ചയാണ് നടന്നതെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ മുതൽ സാങ്കേതിക സഹകരണം വർധിപ്പിക്കുന്നത് വരെയുള്ള വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ചയായി. 'ഇന്ന് വാഷിംഗ്‌ടൺ ഡിസിയിൽ വൈസ് പ്രസിഡന്റ് ജെഡി വൻസുമായി ഞങ്ങളുടെ പ്രതിനിധി സംഘത്തോടൊപ്പം മികച്ച കൂടിക്കാഴ്‌ച നടത്തി' തരൂർ തന്റെ എക്‌സ് പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി.

'ഭീകരവിരുദ്ധ ശ്രമങ്ങൾ മുതൽ സാങ്കേതിക സഹകരണം വർധിപ്പിക്കുന്നത് വരെയുള്ള വിവിധ നിർണായക വിഷയങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ ചർച്ചകൾ ഞങ്ങൾ നടത്തി. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു യഥാർത്ഥ സൃഷ്‌ടിപരവും ഉൽപ്പാദനപരവുമായ കൈമാറ്റം, മനസുകളുടെ ഒരു മഹത്തായ കൂടിക്കാഴ്‌ചയോടെ സാധ്യമാക്കും' ശശി തരൂർ പറഞ്ഞു.
'വൈസ് പ്രസിഡന്റ് വാൻസുമായുള്ള കൂടിക്കാഴ്‌ച വളരെ വ്യക്തമായിരുന്നു. മധ്യസ്ഥത എന്നത് രണ്ട് കക്ഷികൾ തമ്മിലുള്ള തുല്യതയെ സൂചിപ്പിക്കുന്നു. എന്നാൽ തീവ്രവാദികൾക്കും അവരുടെ ഇരകൾക്കും ഇടയിൽ ഒരു തുല്യതയുമില്ല... ഈ സന്ദേശം വ്യക്തമായി മനസിലായി എന്ന് ഞാൻ കരുതുന്നു; ശശി തരൂർ പറയുന്നു.
'മധ്യസ്ഥതയെക്കുറിച്ചുള്ള ഈ വിഷയത്തിൽ ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കി. വാൻസ് ഞങ്ങളുടെ പോയിന്റുകൾ പൂർണമായി മനസിലാക്കി. പ്രധാന കാര്യം, മധ്യസ്ഥത എന്നത് രണ്ട് കക്ഷികൾ തമ്മിലുള്ള തുല്യതയെ സൂചിപ്പിക്കുന്നു, തീവ്രവാദികൾക്ക് സുരക്ഷിത താവളങ്ങൾ വാഗ്‌ദാനം ചെയ്യുന്നവർക്കും ബഹുകക്ഷി ജനാധിപത്യത്തിനും ഇടയിൽ ഒരു തുല്യതയും ഉണ്ടാകില്ല എന്നതാണ് ഞങ്ങളുടെ നിലപാട്' തരൂർ കൂട്ടിച്ചേർത്തു.
ഭീകരവിരുദ്ധ മേഖലയിലെ സഹകരണം ഉൾപ്പെടെ ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലാണ് സംഭാഷണം കേന്ദ്രീകരിച്ചതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മികച്ചതും സമഗ്രവും സൃഷ്‌ടിപരവും ഉൽപ്പാദനക്ഷമവുമായ ഒരു ഇടപെടലാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്ന് യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സന്ധു പറഞ്ഞു.
നേരത്തെ പഹൽഗാമിൽ ഏപ്രിൽ 22ന് ആക്രമണം നടന്ന സമയത്ത് ഇന്ത്യ സന്ദർശിച്ചിരുന്ന വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ഇന്ത്യ-യുഎസ് ഏകോപന ശ്രമങ്ങളിൽ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. പ്രതിസന്ധിയോടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണത്തിൽ അദ്ദേഹമാണ് അവരുടെ നാവായതും ചർച്ചകൾക്ക് നേതൃത്വം നൽകിയതും.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് ശേഷം മെയ് 9ന്, വലിയ തോതിലുള്ള ആക്രമണത്തിനുള്ള പാകിസ്ഥാന്റെ പദ്ധതികളെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെക്കാൻ വാൻസ് പ്രധാനമന്ത്രി മോദിയെ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്നുള്ള സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന കാര്യമാണ് ഇത്.
അതിനിടെ യുഎസിൽ വൈസ് പ്രസിഡന്റ് വാൻസുമായുള്ള കൂടിക്കാഴ്‌ച ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം നടത്തിയ ബഹുരാഷ്ട്ര നയതന്ത്ര പര്യടനത്തിന്റെ അവസാന ഘട്ടമാണ്. ഏറ്റവും ഒടുവിൽ യുഎസിൽ എത്തുന്നതിനുമുമ്പ്, സർവകകഷി പ്രതിനിധി സംഘം ഗയാന, പനാമ, കൊളംബിയ, ബ്രസീൽ എന്നിവിടങ്ങൾ സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്‌തിരുന്നു.
ശശി തരൂരിന് പുറമെ എംപിമാരായ സർഫറാസ് അഹമ്മദ്, ഗന്തി ഹരീഷ് മധുര് ബാലയോഗി, ശശാങ്ക് മണി ത്രിപാഠി, ഭുവനേശ്വർ കലിത, മിലിന്ദ് ദിയോറ, തേജസ്വി സൂര്യ എന്നിവരും സംഘത്തിലുണ്ട്. യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications