ഇറാൻ-ഇസ്രായേൽ സംഘർഷം; അടിയന്തര യോഗം വിളിച്ച് യുഎൻ, ജോ ബൈഡനുമായി സംസാരിച്ച് നെതന്യാഹു
ടെൽ അവീവ്: പശ്ചിമേഷ്യയിൽ ഒരിടവേളയ്ക്ക് ശേഷം പുതിയ സംഘർഷാവസ്ഥയ്ക്ക് തുടക്കമിട്ട് കൊണ്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് ഇസ്രായേലിന് നേരെ ഡസൻ കണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇതിന് പിന്നാലെ യുഎൻ സുരക്ഷാ സമിതി.ഇപ്പോൾ അടിയന്തര യോഗം വിളിച്ച് ചേർത്തിരിക്കുകയാണ്.
ഇസ്രയേലിന്റെ അഭ്യർത്ഥന പ്രകാരം അടുത്ത ദിവസം വൈകുന്നേരം 4 മണിക്ക് യോഗം ചേരാനാണ് സുരക്ഷാ കൗൺസിൽ ലക്ഷ്യമിടുന്നതെന്ന് ഈ മാസം റൊട്ടേറ്റിംഗ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മാൾട്ടയുടെ വക്താവ് ശനിയാഴ്‌ച വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ വിഷയത്തിൽ യുഎൻ ഇടപെടൽ ശക്തമാവുകയാണ്.

വിഷയത്തിൽ ഇസ്രായേലിന് ഒപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച യുഎസ് കൂടുതൽ നടപടികളിലേക്ക് കടക്കുമോയെന്ന് കണ്ടറിയണം. എന്നാൽ ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിഫോൺ സംഭാഷണം നടത്തി.
സുരക്ഷാ കാബിനറ്റിന്റെയും യുദ്ധ കാബിനറ്റിന്റെയും ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബൈഡനുമായി സംസാരിക്കുന്നത്. ഇതിൽ കൂടുതൽ നിർണായക തീരുമാനങ്ങൾ ഉണ്ടാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഇസ്രയേലിനുനേരെ ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും വീഴ്ത്താൻ അമേരിക്ക ഇസ്രായേലിനെ സഹായിച്ചതായാണ് ബൈഡൻ അറിയിച്ചത്. കൂടാതെ നെതന്യാഹുവിനുള്ള തങ്ങളുടെ ശക്തമായ പിന്തുണ ഒരിക്കൽ കൂടി ആവർത്തിക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇറാന്റെ ഭീഷണി എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പറയുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഇത് സംബന്ധിച്ച ഒരു പോസ്‌റ്റും അവർ പങ്കുവച്ചിട്ടുണ്ട്.
"ഇപ്പോൾ, അവർ അവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടാൻ നിഴലിൽ നിന്ന് പുറത്തുവന്നിരിക്കുന്നു, മുഴുവൻ സ്വതന്ത്ര ലോകത്തെയും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന സമൂലവും യുക്തിരഹിതവുമായ ഒരു ഭരണകൂടമാണ് അവരുടേത്." എന്നായിരുന്നു പോസ്‌റ്റിൽ പറഞ്ഞത്.
നേരത്തെ, ഇറാനിൽ നിന്ന് രാജ്യത്തിന് മുകളിലൂടെ പറക്കുന്നതായി ഇറാഖി സുരക്ഷാ വൃത്തങ്ങൾ അറിയിച്ച ഡ്രോണുകൾ ലക്ഷ്യത്തിലെത്താൻ മണിക്കൂറുകളെടുക്കുമെന്നാണ് ഇസ്രായേൽ സൈന്യം പറഞ്ഞത്.
ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ഉടൻ തന്നെ ലക്ഷ്യ സ്ഥാനത്തെത്താൻ സാധ്യതയുണ്ടെന്നും എന്നാൽ ചില മിസൈലുകളും ഡ്രോണുകളും സിറിയയിലോ ജോർദാനിലോ വച്ച് വെടിവച്ചിട്ടതായും ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications