Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചടി തുടങ്ങി ഇറാൻ; യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യാപക ആക്രമണം, സംഘർഷം തുടരുന്നു

ടെൽ അവീവ്: അമേരിക്ക ഇറാനിൽ വീണ്ടും ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങി. ഇറാൻ സ്വന്തം മണ്ണിൽ നിന്ന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇതോടെ സംഘർഷം കൂടുതൽ രൂക്ഷമായി മേഖലയിലാകെ വ്യാപിക്കുകയാണ്.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കൃത്യമായ മറുപടി നൽകിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ജോർദാനിലെ ഒരു അമേരിക്കൻ സൈനിക താവളം ബാലിസ്‌റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായും ഐആർജിസി അവകാശപ്പെട്ടു. ബഹ്റൈനിലെ അമേരിക്കൻ താവളത്തിന് നേരെ വലിയ തോതിലുള്ള ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

iran

അതേസമയം, ജോർദാൻ വ്യോമ പ്രതിരോധ സംവിധാനം രാജ്യത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച 13 ബാലിസ്‌റ്റിക് മിസൈലുകളിൽ 10 എണ്ണം തകർത്തതായി അറിയിച്ചു. ശേഷിച്ച മൂന്ന് മിസൈലുകൾ ജനവാസ മേഖലകളിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിലാണ് പതിച്ചതെന്നും ജോർദാൻ വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതായി കുവൈത്തും അറിയിച്ചു.

രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് അമേരിക്കൻ സൈന്യം ഇറാനെ ആക്രമിച്ചത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഐആർജിസി കേന്ദ്രങ്ങളാണ് അമേരിക്ക ലക്ഷ്യമിട്ടത്. ഇറാൻ തിരിച്ചടിച്ചാൽ അതിനേക്കാൾ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ കേന്ദ്രങ്ങൾക്കെതിരെ വലിയതും ശക്തവുമായ ആക്രമണങ്ങളാണ് അമേരിക്ക നടത്തുന്നതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിൽ കടൽമൈനുകൾ സ്ഥാപിക്കാൻ ഇറാൻ നടത്തിയ ശ്രമവും ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണവുമാണ് പുതിയ ആക്രമണത്തിന് കാരണമെന്ന് ട്രംപ് പറഞ്ഞു.

ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ഏജൻസി തിരിച്ചടി ആരംഭിച്ചതായി റിപ്പോർട്ട് ചെയ്‌തു. അമേരിക്ക അന്ധവും നിരാശാജനകവുമായ ആക്രമണങ്ങൾ നടത്തിയെന്ന് ഐആർജിസി ആരോപിച്ചു. സിവിലിയൻ മേഖലകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയതെന്നും അവർ പറഞ്ഞു.

ഹോർമുസ് കടലിടുക്കിലെ ഉപരോധം കൂടുതൽ ശക്തമാക്കാനും വിദേശ സൈനിക ശക്തികളെ നേരിടാനുള്ള ഇറാനിയൻ സേനയുടെ തീരുമാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും അമേരിക്കൻ ആക്രമണം കാരണമായെന്നും ഐആർജിസി വ്യക്തമാക്കി. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ബാലിസ്‌റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഐആർജിസി അറിയിച്ചു.

ആക്രമണത്തിൽ വലിയ തോതിൽ അമേരിക്കൻ സൈനികരെ വധിച്ചതായും ഐആർജിസി അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദത്തോട് അമേരിക്ക പ്രതികരിച്ചിട്ടില്ല. അതേസമയം, ബഹ്റൈനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ വലിയ തോതിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഈ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്ന് ജോർദാനിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. മഫ്റഖ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിസൈലുകൾ തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മുൻപാണ് അമേരിക്ക ഇറാന് നേരെ ആക്രമണം നടത്തിയത്. വാരാന്ത്യത്തിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് പുതിയ അമേരിക്കൻ ആക്രമണം.

ജൂലൈക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ ഏറ്റുമുട്ടൽ ഉണ്ടായത്. തിങ്കളാഴ്‌ച ഹോർമുസ് കടലിടുക്ക് വിട്ടുപോകുന്നതിനിടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായി. ആഗോള എണ്ണ വിതരണത്തിലെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ ഫലത്തിൽ തടഞ്ഞിരിക്കുകയാണ്. ആക്രമണ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+